മുസ്‌ലിം പള്ളിയിൽ സ്ത്രീപ്രവേശം: കേന്ദ്രത്തിന് സുപ്രീംകോടതിയുടെ നോട്ടിസ്

0

ന്യൂഡൽഹി: മുസ്ലീം പള്ളികളിൽ സ്ത്രീകൾക്കും ആരാധന സ്വാതന്ത്ര്യം ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്‌ട്ര സ്വദേശികളായ മുസ്ലീം ദമ്പതികൾ നൽകിയ ഹർജി സുപ്രീം കോടതി സ്വീകരിച്ചു. പൂനയിൽ വ്യവസായികളായ യാസ്മീൻ സുബീർ അഹമ്മദ് പീർസാദേ, സുബീർ അഹമ്മദ് നാസിർ അഹമ്മദ് പീർദാസേ എന്നിവരാണ് ഹർജിക്കാർ. പള്ളിയിൽ പ്രവേശിക്കാൻ ശ്രമിച്ചിട്ടുണ്ടോയെന്നും ആരെങ്കിലും തടഞ്ഞോയെന്നും ഹർജിക്കാരോട് ജസ്റ്റിസ് ബോബ്ഡെ ചോദിച്ചു. പ്രവേശിക്കാൻ ശ്രമിച്ചതായും എന്നാൽ തടഞ്ഞെന്നും അവർ മറുപടി പറഞ്ഞു. പൂനെയിലെ മൊഹമ്മദീയ ജുമ മസ്ജിദിൽ പ്രവേശനം നിഷേധിക്കപ്പെട്ടുവെന്ന് കാട്ടിയാണ് ഹർജി. സുന്നി പള്ളികളിൽ പ്രാർത്ഥനകൾക്കായി സ്ത്രീകളെ ഒരിക്കലും പ്രവേശിപ്പിക്കാറില്ലെന്നും ഇത് വേർതിരിവാണെന്നും ഹർജിയിൽ പറയുന്നു.
ശബരിമല കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ മാത്രമാണ് ഹർജി കേൾക്കാൻ തീരുമാനിക്കുന്നതെന്ന് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിക്കണമെന്ന റിട്ട് ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനും വഖഫ് ബോർഡിനും മുസ്ലീം വ്യക്തിനിയമ ബോർഡിനും നോട്ടീസയച്ചു.