ഇന്ന് ലോക വനിതാദിനം

0

ഇന്ന് ലോക വനിതാദിനം.  #PressforProgress എന്നതാണ് അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഈ വര്‍ഷത്തെ ക്യാംപെയിന്‍ തീം. സ്ത്രീയെന്നും പുരുഷനെന്നുമുള്ള അന്തരം കുറച്ച് ലിംഗ സമത്വം ഉറപ്പാക്കുകയാണ് ലക്ഷ്യം .

ഈ ദിനത്തില്‍ തീര്‍ച്ചയായും ഓര്‍ക്കേണ്ട ഒരു പേരുണ്ട് ലൂയിസ് സെയറ്റ്‌സ്. ജര്‍മ്മനിയിലെ വനിതാ അവകാശ പ്രവര്‍ത്തകയായിരുന്ന ലൂയിസിൻറെ മനസ്സിലുദിച്ച ആശയമാണ് ഇന്ന് ലോകമൊട്ടാകെ ആചരിക്കുന്ന വനിതാദിനം.ജര്‍മ്മന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ എക്‌സിക്യുട്ടീവ് അംഗമായ ആദ്യ വനിതയാണ് സെയറ്റ്‌സ്. സ്ത്രീ പുരുഷ സമത്വത്തിനായി ശബ്ദമുയര്‍ത്തിയവരില്‍ ചരിത്രത്തിൻറെ ആദ്യ താളുകളില്‍ സ്ഥാനം പിടിച്ച വനിത.1865 മാര്‍ച്ച് 25ന് ജര്‍മ്മനിയിലെ ഹോള്‍സ്‌റ്റെയിനിലാണ് ലൂയിസ് സെയറ്റ്‌സ് ജനിച്ചത്. പാരമ്പര്യമായി നെയ്ത്തുകാരായിരുന്നു അവരുടെ കുടുംബം. തൻറെ പതിനാലാം വയസ്സില്‍ അവര്‍ വീട്ടുജോലി ചെയ്യാനിറങ്ങി.

പിന്നീട് ജോലി സിഗററ്റ് ഫാക്ടറിയിലേക്ക് മാറ്റി. ബാക്കിയുള്ള സമയം പഠനത്തിനായി നീക്കിവെച്ച സെയറ്റ്‌സ് കിൻറര്‍ഗാര്‍ഡന്‍ അധ്യാപക പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കി. 1885 ല്‍ കപ്പല്‍ത്തൊഴിലാളിയെ വിവാഹം ചെയ്തതോടെയാണ് സെയറ്റ്‌സ് സാമൂഹിക രംഗത്തേക്ക് എത്തുന്നത്. മിടുക്കിയായ അവരുടെ സേവനം സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ആവശ്യമാണെന്ന് കണ്ടെത്തിയത് ഭര്‍ത്താവുതന്നെയായിരുന്നു. അദ്ദേഹത്തിൻറെ പ്രചോദനത്തില്‍ 1892ല്‍ സെയറ്റ്‌സിന് പാര്‍ട്ടി അംഗത്വം ലഭിച്ചു.

189697 കാലയളവില്‍ കപ്പല്‍ത്തൊഴിലാളികളുടെ സമരം വന്നതോടെയാണ് സെയറ്റ്‌സ് ദേശീയ ശ്രദ്ധ നേടുന്നത്. അക്കാലത്ത് മികച്ച പ്രാസംഗികയായും നേതാവായും സംഘാടകയായും അവര്‍ തിളങ്ങി.
1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന അന്താരാഷ്ട്ര വനിതാ തൊഴിലാളികളുടെ സമ്മേളനത്തിലാണ് ലൂയിസ് സെയറ്റ്‌സ് അന്താരാഷ്ട്ര വനിതാ ദിനമെന്ന ആശയം മുന്നോട്ടുവെച്ചത്. അന്ന് സമ്മേളനത്തിൻറെ അധ്യക്ഷയായിരുന്ന ജര്‍മ്മന്‍ സോഷ്യലിസ്റ്റ് നേതാവ് ക്ലാര സെറ്റ്കിന്‍ ഈ ആശയത്തിന് പിന്തുണയുമായെത്തി. ഓരോ വര്‍ഷവും ഓരോ രാജ്യത്തും ഒരേ ദിവസം വനിതാ ദിനമാചരിക്കാനായിരുന്നു തീരുമാനം. സമ്മേളനത്തില്‍ പങ്കെടുത്ത വനിതകള്‍ ഏകകണ്ഠമായാണ് ഈ ആശയം അംഗീകരിച്ചത്. അന്ന് അംഗീകാരം ലഭിച്ച ഈ ആശയമാണ്  പിന്നീട് വനിതാ ദിനം എന്ന ആശയം മുന്നോട്ട് വന്നപ്പോള്‍ ചരിത്ര പ്രസിദ്ധമായ ആ പ്രതിഷേധം നടന്ന ദിനം തന്നെ അതിനായി തെരഞ്ഞെടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സമത്വത്തിനായി ഇന്നും സ്ത്രീകളുടെ ശബ്ദം ഉയരുകയാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ മാത്രമല്ല അസമത്വത്തിന്റെ വേലിക്കെട്ട് തന്നെയാണ് പ്രധാന പ്രശ്നം.

ഇന്ത്യയില്‍ ഓരോ 3 മിനിറ്റിലും ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നു, ഓരോ 29 മിനിറ്റിലും ഒരു ബലാത്സംഗം ,  ഓരോ 25 മിനിറ്റിലും ഒരു മാനഭംഗം, ഓരോ 40 മിനിറ്റിലും ഒരു തട്ടിക്കൊണ്ടുപോകല്‍,  ഓരോ 77 മിനിറ്റിലും ഒരു സ്ത്രീധന പീഡനമരണം, ഓരോ 9 മിനിറ്റിലും ഒരു ഭര്‍തൃപീഡനം മാറ്റമില്ലാതെ തുടരുന്ന ഈ കണക്കുകള്‍ക്കിടയില്‍ നിന്ന് തന്നെയാണ് എക്കാലത്തും സ്ത്രീകള്‍ സമത്വത്തിനായി ശബ്ദമുയര്‍ത്തുന്നത്.