വനിതാ ടി-20 ലോകകപ്പ്: സെമി ഫൈനലിൽ ഇന്ത്യ പുറത്ത്

0

ദക്ഷിണാഫ്രിക ആതിഥേയത്വം വഹിക്കുന്ന വനിതാ ടി-20 ലോകകപ്പിൽ ഫൈനൽ കാണാതെ ഇന്ത്യൻ വനിതാ നിര പുറത്ത്. ഇന്ത്യക്കെതിരെ ഓസ്‌ട്രേലിയയുടെ വിജയം അഞ്ച് റണ്ണുകൾക്ക്.

ആദ്യ നാല് ഓവറുകളിൽ തകർന്നടിഞ്ഞ ഇന്ത്യയെ കരകയറ്റിയത്‌ ഹർമൻപ്രീത് കൗറും ജെമീമ റോഡ്രിഗസും ചേർന്നാണ്. രണ്ടാമത്തെ ഓവറിൽ മേഗൻ ഷൗട്ടിന്റെ പന്തിൽ ലെഗ് ബൈലൂടെ ഷെഫാലി വർമ (9) പുറത്തായി. തൊട്ടടുത്ത ഓവറിൽ ഗാർഡൻറുടെ പന്തിൽ സ്‌മൃതി മന്ദനയെയും (2) കാത്തിരുന്നത് മറ്റൊരു ലെഗ് ബൈ ചതിക്കുഴി ആയിരുന്നു. നാലാം ഓവറിൽ ഡാർസി ബ്രൗണിന്റെ പന്ത് മിഡ് വിക്കറ്റിലേക്ക് തട്ടിയിട്ട് വേഗത്തിൽ ഒരു റണ്ണെടുക്കാൻ ശ്രമിച്ച യാസ്തികക്ക് (4) പിഴച്ചു. റൺ ഔട്ടിലൂടെ താരം പുറത്തായി. തുടർന്നിറങ്ങിയ ജെമിമ റോഡ്രിഗസും ഹർമൻപ്രീത് കൗറുമായിരുന്നു ഇന്ത്യയുടെ ഇന്നിഗ്‌സിന്റെ നട്ടെല്ലായത്. 24 പന്തുകളിൽ നിന്ന് ആറ് ഫോറുകൾ അടക്കം 43 റണ്ണുകൾ ജെമിമ നേടി.

ഡാർസിയുടെ പന്തിൽ ജെമിമ മടങ്ങിയപ്പോൾ പകരക്കാരിയായി എത്തിയ യുവതാരം റിച്ച ഹൂഡ ഹർമൻപ്രീതിന് മികച്ച പിന്തുണയാണ് നൽകിയത്. 32 പന്തുകളിൽ നിന്ന് അർദ്ധ സെഞ്ച്വറി നേടിയ ഹർമൻ രണ്ട് പന്തുകൾക്കപ്പുറം റൺ ഔട്ട് ആക്കുകയായിരുന്നു. വർഹാമിന്റെ പന്തിൽ രണ്ട് റണ്ണുകൾക്കായി ഓടിയ താരം ക്രീസിൽ എത്തിയെങ്കിലും ബാറ്റ് കുത്തിയത് പുറത്തായിരുന്നു. ഓസ്‌ട്രേലിയയുടെ വിക്കറ്റ് കീപ്പർ കൃത്യമായ നീക്കത്തിലൂടെയാണ് നിർണായകമായ ആ വിക്കറ്റ് നേടിയത്. തുടർന്ന് റിച്ച ഘോഷും (14) സ്നേഹ് റാണയും (11) രാധ യാദവും (0) പുറത്തുപോയതോടെ ഇന്ത്യയുടെ ഇന്നിങ്സിന് അന്ത്യമായി.

ടോസ് നഷ്ടപ്പെട്ട് ബൗളിങ്ങിനിറങ്ങിയ ഇന്ത്യ ശരാശരി പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. കരുത്തരായ ഓസ്‌ട്രേലിയക്ക് എതിരെ ബോളിങ് നിരയും ഫീൽഡിങ്ങും മോശമായി. വളരെ പ്രധാനപ്പെട്ട ക്യാച്ചുകൾ ഇന്ത്യ വിട്ടുകളഞ്ഞതാണ് തിരിച്ചടിയായത്.