വൈകാതെ വാക്‌സിന്‍ സ്വീകരിക്കും: അടിയന്തരഘട്ടങ്ങളില്‍ അലോപ്പതി തന്നെയാണ് നല്ലത്; ചുവടുമാറ്റി ബാബാ രാംദേവ്

0

ഡൽഹി: കൊവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച നിലപാടില്‍ മലക്കം മറിഞ്ഞ് യോഗഗുരു ബാബാ രാംദേവ്. ഉടൻ തന്നെ വാക്സീൻ സ്വീകരിക്കുമെന്നു പറഞ്ഞ രാംദേവ് ‘ഡോക്ടർമാർ ഈശ്വരന്റെ ഭൂമിയിലെ പ്രതിനിധികൾളാണെന്നുകൂടി വിശേഷിപ്പിച്ചു. ഹരിദ്വാറില്‍ വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവെയാണ് യോഗയുടേയും ആയുര്‍വേദത്തിന്റേയും സംരക്ഷണം ഉള്ളതിനാല്‍ കോവിഡ് വാക്‌സിന്റെ ആവശ്യമില്ലെന്ന തന്റെ മുന്‍ വാദത്തില്‍ നിന്ന് പാടെ മലക്കം മറിഞ്ഞു കൊണ്ട് രാംദേവിന്റെ പുതിയ പ്രസ്താവന.

ജൂണ്‍ 21 മുതല്‍ കൊവിഡ് വാക്‌സിനേഷന്‍ എല്ലാവര്‍ക്കും സൗജന്യമായി നല്‍കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തെയും രാംദേവ് സ്വാഗതം ചെയ്തു. ചരിത്രപരമായ നീക്കമാണ് മോദി നടത്തിയത്. കൊവിഡ് വാക്‌സീന്‍ രണ്ട് ഡോസുകളുടെയും ആയുര്‍വേദത്തിന്റെയും യോഗയുടെയും ഇരട്ട സംരക്ഷണവും നേടുക. ഇവയുടെ ഒരുമിച്ചുള്ള സംരക്ഷണം നേടിയാല്‍ ഒരാള്‍ പോലും കൊവിഡ് കാരണം മരണപ്പെടില്ലെന്ന് ഹരിദ്വാറില്‍ മാധ്യമപ്രവര്‍ത്തകരോട് രാംദേവ് പറഞ്ഞു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷനുമായുള്ള (ഐഎംഎ) ഏറ്റുമുട്ടലിനെക്കുറിച്ചുള്ള ചോദ്യത്തോട് തനിക്ക് ഒരു സംഘടനയുമായി വിരോധമില്ലെന്നും ഏതെങ്കിലും മരുന്നിന്റെ പേരിൽ ആളുകളെ ചൂഷണം ചെയ്യുന്നതിനെയാണ് എതിർക്കുന്നതെന്നും അദ്ദേഹം മറുപടി നൽകി.

അടിയന്തര ശസ്ത്രക്രിയയ്ക്കും ചികിത്സയ്ക്കും അലോപ്പതി തന്നെയാണ് മികച്ചത്. അതിൽ രണ്ട് അഭിപ്രായമില്ല. ജനറിക് മരുന്നുകളുടെ പേരിനു പകരം വിലകൂടിയ മരുന്നുകൾ ഡോക്ടർമാർ എഴുതുന്നതിനാലാണ് പ്രധാൻ മന്ത്രി ജൻ ഔഷധി കേന്ദ്രങ്ങൾ തുറക്കേണ്ടിവന്നതെന്നും രാംദേവ് കൂട്ടിച്ചേർത്തു.