ബാഗ്ദാദിയുടെ മൃതദേഹം കടലിൽ സംസ്കരിച്ചു

0

വാഷിംഗ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ മൃതദേഹം കടലില്‍ സംസ്കരിച്ചുവെന്ന് യുഎസ് സൈന്യം. ഇസ്‌ലാം മതാചാരവും സൈനികനടപടികളും പാലിച്ചായിരുന്നു ചടങ്ങ്. എന്നാൽ, എവിടെയാണ് സംസ്കരിച്ചതെന്ന് വെളിപ്പെടുത്തിയില്ല. അല്‍ഖ്വയ്ദ നേതാവായിരുന്ന ഒസാമ ബിന്‍ലാദനെ 2011 ല്‍ കടലില്‍ സംസ്കരിച്ചതിന് സമാനമായാണ് ബാഗ്ദാദിയുടെയും സംസ്കാരം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

വടക്കുപടിഞ്ഞാറൻ സിറിയയിലെ ഇഡ്‌ലിബിലെ ബാരിഷ ഗ്രാമത്തിൽ യു.എസിന്റെ പ്രത്യേക കമാൻഡോകൾ ശനിയാഴ്ച രാത്രിനടത്തിയ സൈനികനടപടിക്കിടെയാണ് 48-കാരനായ ബാഗ്ദാദി സ്വസ്വയംപൊട്ടിത്തെറിച്ചത്. ഫൊറൻസിക് പരിശോധന നടത്തി ബാഗ്ദാദിയുടേതെന്ന് ഉറപ്പുവരുത്തിയ ശരീരാവശിഷ്ടം പ്രത്യേകം പെട്ടിയിലാക്കി സംസ്കരിക്കുകയായിരുന്നെന്ന് ജോയന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ജനറൽ മാർക് മില്ലി പെന്റഗണിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബാഗ്ദാദിയുടെ രണ്ട് അനുയായികളെ പിടികൂടിയതായും അദ്ദേഹം അറിയിച്ചു.