വിവാഹാഭ്യർത്ഥന നിരസിച്ചു; കാമുകന്റെ മുഖത്ത് കാമുകി ആസിഡൊഴിച്ചു

0

ആഗ്ര: വിവാഹം കഴിച്ചില്ലെങ്കില്‍ രഹസ്യചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ആണ്‍സുഹൃത്തിന്റെ മുഖത്ത് ആസിഡൊഴിച്ച് പ്രതികാരം ചെയ്ത് കാമുകി. പെണ്‍കുട്ടിക്കെതിരെ 326 എ വകുപ്പ് പ്രകാരം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

അലിഗറിലെ ജീവന്‍ഗഡ് ഏരിയയില്‍ വെച്ചായിരുന്നു സംഭവം. യുവാവിന്റെ ബന്ധുക്കളുടെ പരാതിയില്‍ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകനുമായി പെണ്‍കുട്ടി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ ഒരു മാസം മുന്‍പ് ഇരുവരും തമ്മില്‍ പിണങ്ങിയെന്നും യുവാവിന്റെ അമ്മ പറഞ്ഞു.

ബന്ധത്തിന് മകന് താത്പര്യമില്ലായിരുന്നെന്നും എന്നാല്‍ പെണ്‍കുട്ടി നിരന്തരം മകനെ ഫോണില്‍ വിളിക്കുകയും സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്യുമായിരുന്നെന്നും അമ്മ പറഞ്ഞു. വ്യാഴാഴ്ച ഫോണ്‍ വിളിച്ചെങ്കിലും മകന്‍ ഫോണ്‍ എടുത്തില്ല. വീടിന് സമീപത്തുള്ള കടയിലേക്ക് മകന്‍ പോയപ്പോള്‍ അവിടെത്തിയ പെണ്‍കുട്ടി മകന്റെ ദേഹത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നെന്നും അമ്മ പറഞ്ഞു.

എന്നാല്‍ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലല്ല ആസിഡ് ഒഴിച്ചതെന്നും അവനെ വിവാഹം ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള ചില ഫോട്ടോകള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ഇതിന് പിന്നാലെയാണ് ഇങ്ങനെ ചെയ്യേണ്ടി വന്നതെന്നുമാണ് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയത്.

ആസിഡ് ആക്രമണത്തില്‍ യുവാവിന്റെ കണ്ണിന് ഗുരുതരമായി പരിക്കേറ്റതായി ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജിലെ ഡോ.എസ്.എസ് സൈദി പറഞ്ഞു. യുവാവ് ചികിത്സയില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.