ഗായകൻ കെ കെയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

0

പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിൻ്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊൽക്കത്ത ന്യൂമാർക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. മൃതദേഹത്തിൽ മുഖത്തും തലയ്ക്കും മുറിവുണ്ട്. വീഴ്ചയിൽ സംഭവിച്ചതാകമെന്നാണ് നിഗമനം. പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. ഇന്നലെ കൊൽക്കത്തയിലെ ഒരു കോളേജിൽ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകൾക്കുള്ളിലാണ് കെ കെയുടെ മരണം. അപ്രതീക്ഷിത വിയോഗത്തിൽ പ്രധാനമന്ത്രിയടക്കമുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

കൊൽക്കത്ത നസറുൾ മഞ്ചിലെ വിവേകാനന്ദ കോളേജിലെ ലൈവ് ഷോയ്ക്ക് ശേഷം ഹോട്ടലിലേക്ക് മടങ്ങിയ 53 കാരനായ കെ കെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ സഹപ്രവർത്തകർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ആശുപത്രിയിലെത്തുമ്പോഴേക്കും അന്ത്യം സംഭവിച്ചിരുന്നെന്നും ഹൃദയാഘാതമാണ് മരണ കാരണമെന്നും കൊൽക്കത്ത സിഎംആർഐ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

പ്രിയപ്പെട്ട ഗായകന്‍റെ അപ്രതീക്ഷിത വേർപാടിന്‍റെ ഞെട്ടലിലാണ് ആരാധകരും സുഹൃത്തുക്കളും. കാൽ നൂറ്റാണ്ടിലധികം ഇന്ത്യൻ സിനിമാ സംഗീത രംഗത്ത് തിളങ്ങി നിന്ന ഗായകന് രാജ്യത്തെമ്പാടു നിന്നും അനുശോചന പ്രവാഹമാണ്.

പ്രായഭേദമില്ലാതെ എല്ലാവരുടെയും വികാരങ്ങളെ പാടിയുണർത്തിയ കെ കെ എന്നും ഓർമ്മകളിൽ ജീവിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിൽ കുറിച്ചു. കൊൽക്കത്ത സിഎംആർഐ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. ദില്ലിയിൽ പൊതുദർശനത്തിന് ശേഷമാകും സംസ്കാരം.