ബീജസംഭരണം + $20000 = മാതൃത്വം ?

0

ഈ വര്‍ഷാദ്യം മുതല്‍ ഫേസ്ബുക്ക് എന്ന ഭീമന്‍ ഐടി കമ്പനി, അതില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കുവേണ്ടി  പ്രത്യേക പാക്കേജുകള്‍ തയ്യാറാക്കിയതില്‍ ഒന്നായിരുന്നു ബീജ സംഭരണം! തങ്ങളുടെ യൌവനാരംഭത്തില്‍ത്തന്നെ  ആരോഗ്യമുള്ള ബീജങ്ങള്‍ സംഭരിച്ചുവെച്ചതിനുശേഷം, പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കു ശേഷം, ഇന്‍-വിട്രോ ഫെര്‍ട്ടിലൈസേഷന്‍ വഴി അവയെ ഗര്‍ഭപാത്രങ്ങളില്‍ നിക്ഷേപിച്ച് മാതാവാക്കാന്‍ സൌകര്യമുതകുന്ന ഒരു "അത്യുഗ്രന്‍ പാക്കേജ്"!!! ഇപ്പോഴിതാ, മറ്റൊരു ഭീമന്‍ കമ്പനിയായ ആപ്പിള്‍ കൂടി ഫേസ്ബുക്കിന്റെ പാത പിന്തുടര്‍ന്നിരിക്കുന്നു. ബീജ ശേഖരണത്തിനും, അതിന്റെ വാര്‍ഷിക സംരക്ഷണത്തിനുമായി ഏകദേശം 20000 ഡോളറാണ് കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്!      

സ്ത്രീ ശാക്തീകരണവും സ്ത്രീ സംവരണങ്ങളും മറ്റും ആഗോളതലത്തില്‍ കൊടുമ്പിരി കൊള്ളുന്ന ഈ കാലഘട്ടത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയമാണ് ഇത്. മേല്‍പ്പറഞ്ഞ കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന പ്രസ്തുത പാക്കേജിന്റെ പിറകിലെ യഥാര്‍ത്ഥ ഉദ്ദ്യേശം എന്താണ്? ജോലി സ്ഥലങ്ങളില്‍ പുരുഷന്മാര്‍ക്ക് തുല്യമായി സ്ത്രീകള്‍ക്കും അവസരങ്ങള്‍ ഉറപ്പാക്കലാണോ? അതോ, പല കാരണങ്ങളാല്‍ പല സമയത്തായി കൊഴിഞ്ഞുപോകുന്ന സ്ത്രീ ജോലിക്കാര്‍ നിമിത്തം കമ്പനിക്കുണ്ടാകുന്ന അറ്റാദായനഷ്ടം  നികത്തലാണോ? അതുമല്ലെങ്കില്‍  ഇപ്പോള്‍ പുരുഷാധിപത്യം നിലനില്‍ക്കുന്ന മുതിര്‍ന്ന തസ്തികകളില്‍ക്കൂടി കൂടുതല്‍ സ്ത്രീജോലിക്കാരെ ഉള്‍പ്പെടുത്തിക്കൊണ്ട്, കമ്പനിയുടെ നിക്ഷേപോല്‍പ്പന്നാനുപാതം വര്‍ദ്ധിപ്പിക്കലാണോ?   

എല്ലാവരും സമ്മതിക്കുന്ന ഒരു കാര്യമുണ്ട്. തങ്ങളുടെ ഔദ്യോഗികജീവിതത്തില്‍ ഉയര്‍ച്ചകളുടെ പടവുകള്‍ കയറാന്‍ പാകമായ സമയത്ത് വിവാഹവും  മാതൃത്വവും വിലങ്ങുതടികളായി വരുമ്പോള്‍, കൃത്യമായൊരു തീരുമാനം എടുക്കാന്‍ പറ്റാതെ ഉഴറുന്ന സ്ത്രീകള്‍ ആണ് നമ്മുടെ സമൂഹത്തില്‍ പലരും. ചിലര്‍ കുടുംബത്തിനുവേണ്ടി തങ്ങളുടെ കരിയര്‍ ത്യജിക്കുന്നു! മറ്റു ചിലരാകട്ടെ കരിയറിന് വേണ്ടി ജീവിതം മാറ്റിവെക്കുന്നു! രണ്ടു ത്യാഗങ്ങള്‍ക്കും അതിന്‍റെതായ നന്മകളും തിന്മകളുമുണ്ട്.

കാലചക്രം തിരിഞ്ഞുകൊണ്ടിരിക്കുകയാണ്, ഒപ്പം മനുഷ്യന്‍റെ ജീവിതരീതികളും. നമ്മുടെ കുടുംബവ്യവസ്ഥ പണ്ടത്തെതില്‍നിന്നും എത്രയോ മാറിയിരിക്കുന്നു. കൂട്ടുകുടുംബത്തില്‍ ഉണ്ടായിരുന്ന ആ സ്നേഹ-സാംസ്കാരിക-സൗഹൃദ ബന്ധങ്ങള്‍ ഇന്നത്തെ അണുകുടുംബങ്ങളില്‍ ദര്‍ശിക്കുക പ്രയാസമാണ്. കുടുംബത്തിന്റെയും സമൂഹത്തിന്റെയും ക്രിയാത്മക പിന്തുണയോടുകൂടി ഔദ്യോഗികജീവിതത്തില്‍ ഏറെ ഉയരങ്ങള്‍ താണ്ടിയ മഹത്-വനിതകളുടെ ചരിത്രങ്ങള്‍ നമ്മുടെ മുന്‍പിലുണ്ട്! മാതൃത്വവും, ഉദ്യോഗവും, വീടും കുടുംബവും ഒരു വണ്ടിയുടെ നാലു ചക്രങ്ങളാക്കി ജീവിതം നയിക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നു! ഒരുപാട് മാറിയ ഇന്നത്തെ ജീവിതസാഹചര്യങ്ങള്‍ക്കിടയില്‍ എത്രപേര്‍ക്ക് അങ്ങനെ സാധിക്കുമെന്നത്‌ ചോദ്യചിഹ്നമാണ്!      
   
ബീജസംഭരണത്തിലേക്ക് തിരിച്ചുവരാം. ഏതൊരു കമ്പനിയുടെയും അന്തിമലക്‌ഷ്യം "ലാഭ" മാണ്. അതിനുവേണ്ടുന്ന എല്ലാ ചേരുവകളും സമയാ സമയത്ത് ചേര്‍ക്കാനാണ് ഭീമമായ ശമ്പളം നല്‍കി ചിലരെ കമ്പനികള്‍ ജോലിക്ക് വെച്ചിരിക്കുന്നത്. അവരുണ്ടാക്കുന്ന നിര്‍ബന്ധവും ഐച്ഛികവുമായ  പോളിസികള്‍ എല്ലാം തന്നെ കമ്പനിയുടെ ലാഭം മുന്നില്‍ക്കണ്ട്കൊണ്ട് മാത്രമാണ്. നിര്‍ബന്ധപോളിസികള്‍ മിക്കവാറും സര്‍ക്കാര്‍ മാനദണ്ടങ്ങള്‍ക്കനുസൃതമായവയാണ്. അതിനിന്നും അവര്‍ക്ക് വ്യതിചലിക്കാന്‍ പ്രയാസമാണ്. അത്തരം പോളിസികള്‍ നടപ്പിലാക്കാന്‍ കമ്പനിക്ക്  ഭീമമായ തുക നീക്കിവേക്കേണ്ടി വരുന്നുണ്ട്. ഈ പോളിസികള്‍ മൂലമുള്ള സാമ്പത്തികബാധ്യതകള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ വേണ്ടിയാണ് ഐച്ഛികമായ പോളിസികള്‍ കമ്പനികള്‍ പ്രമോട്ട് ചെയ്യുന്നത്! പ്രത്യക്ഷത്തില്‍ അതിമനോഹരമായിത്തോന്നുന്ന അവ വേണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ ജോലിക്കാര്‍ക്ക് അവകാശമുണ്ട്! മുകളില്‍പ്പറഞ്ഞ ബീജസംഭരണവും അക്കൂട്ടത്തില്‍പ്പെട്ടത്‌ തന്നെ! കമ്പനി ഓഫര്‍ ചെയ്യുന്ന കാശിനുവേണ്ടി തന്‍റെ വ്യക്തിത്വം ത്യജിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക്, വേണ്ടെന്നു വെക്കാം. തന്‍റെ കരിയറിനുവേണ്ടി അങ്ങനെ ചെയ്യുന്നതില്‍ തെറ്റില്ല എന്ന് വിചാരിക്കുന്ന മറുചേരിക്കാര്‍ക്കു  സ്വീകരിക്കാം. സ്ത്രീ ശാക്തീകരണവും സ്ത്രീ സംവരണങ്ങളും ജോലി തുല്യതയും എല്ലാം വാദിക്കുമ്പോഴും,  ബീജസംഭരണം പ്രമോട്ട് ചെയ്യുന്നതു വഴി, കമ്പനിക്കു സ്ത്രീജോലിക്കാര്‍ മുഖേന വരാന്‍ സാധ്യതയുള്ള ഒരുപാട്  സാമ്പത്തിക ബാധ്യതകള്‍ ഇതുമൂലം ഒഴിഞ്ഞുകിട്ടും എന്നുള്ളത് പകല്‍പോലെ സത്യമല്ലേ?     

തീരുമാനമെടുക്കാന്‍ എല്ലാ സ്ത്രീകള്‍ക്കും അവകാശമുണ്ട്‌. ഒരു ചോദ്യം ചോദിച്ചുകൊണ്ട് ഈ കോളം അവസാനിപ്പിക്കട്ടെ .ഇന്ന് പുറത്തിറക്കിയ ആപ്പിള്‍ ഉല്‍പ്പന്നം പത്തുകൊല്ലം കഴിഞ്ഞിറങ്ങുന്ന ആപ്പിളിന്‍റെ പുതിയ ഉല്‍പ്പന്നവുമായി ഇണങ്ങുമോ?