മദ്യപാനം, ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ നിയമം

0

സിംഗപ്പൂര്‍ ഗവണ്മെന്റ് മദ്യ വിതരണ, ഉപഭോഗം സംബന്ധിച്ച പുതിയ നിയമം  പാസാക്കി. പൊതു സ്ഥലങ്ങളില്‍ രാത്രി 10:30 നു ശേഷമുള്ള മദ്യപാനം ഒഴിവാക്കി കൊണ്ടുള്ള ലിക്കര്‍ കണ്ട്രോള്‍ ബില്‍ ആണ് മിനിസ്ട്രി ഓഫ് ഹോം അഫയേര്‍സ് സെക്കന്റ് മിനിസ്റ്റര്‍ ആയ എസ്. ഈശ്വരന്‍ കഴിഞ്ഞ ജനുവരി 30 നു പാര്‍ലിമെന്റില്‍ അവതരിപ്പിച്ചത്. ഇതനുസരിച്ച് പൊതു സ്ഥലങ്ങളില്‍ രാത്രി 10:30 pm മുതല്‍ പകല്‍ 7am വരെയുള്ള മദ്യപാനം വിലക്കി. അതുപോലെ തന്നെ 10:30 നു ശേഷം മദ്യം വില്‍ക്കാനോ, വാങ്ങി കൊണ്ട് പോകുവാനോ പാടില്ല.

ഇത് സംബന്ധിച്ച മറ്റു വിവരങ്ങള്‍

10:30 നു ശേഷം കോഫി ഷോപ്പുകളിലും, ഹോക്കര്‍ സെന്ററുകളിലും മദ്യപാനം അനുവദനീയമാണ്. പക്ഷെ അത് കടകളുടെ പരിസരത്ത് മാത്രമേ പാടുള്ളൂ.മാത്രമല്ല ഷോപ്പിന്റെ ലിക്കര്‍ ലൈസെന്‍സ് ആശ്രയിച്ചാകും ഇതിനുള്ള അനുവാദം.

ഫുഡ് ആന്‍ഡ് ബീവറെജ് ഔട്ട് ലെറ്റുകളില്‍ 10:30 നു ശേഷവും മദ്യപാനം അനുവദനീയമാണ്. അത് കടകളുടെ ലിക്കര്‍ ലൈസെന്‍സില്‍ അനുവദിച്ചിട്ടുള്ള സമയം വരെ ആകാം.

കോണ്‍ഡോമിനിയനുകളില്‍ ബാര്‍ബി ക്യു – പൂള്‍ പാര്‍ട്ടികള്‍ ആവാം, അത് പ്രൈവറ്റ് പ്രോപ്പര്‍ട്ടി ആയതുകൊണ്ട് അതിന്റേതായ നിയമങ്ങളില്‍ പറഞ്ഞ പ്രകാരമായിരിക്കണമെന്ന് മാത്രം. പക്ഷെ HDB യില്‍ ഇത് പാടില്ല.

സംശയം തോന്നുന്ന ആരെയും പരിശോധിക്കാന്‍ പോലീസുകാര്‍ക്കു അധികാരമുണ്ട്. അതുകൊണ്ട് ബോട്ടിലുകള്‍ മാറ്റി, ഒളിച്ചു കൊണ്ടുപോയാലും മനപൂര്‍വ്വം പ്രശ്നം സൃഷ്ടിക്കാന്‍ നോക്കിയതിനു പിടിക്കപ്പെടാം.

ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്കും ഈ നിയമം ബാധകമാണ്. അതുകൊണ്ട് നിയമപരമായി അനുവാദം വാങ്ങിയ ശേഷമേ സമയ പരിധി കൂട്ടാന്‍ പാടുള്ളൂ.

നിയമം തെറ്റിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയായിരിക്കും. ആദ്യ തവണ പിടിക്കപ്പെടുമ്പോള്‍ 1000 സിംഗപ്പൂര്‍ ഡോളര്‍ പിഴയും, തെറ്റ് ആവര്‍ത്തിച്ചാല്‍ 2000 സിംഗപ്പൂര്‍ ഡോളര്‍ പിഴയോ മൂന്നു മാസം ജയില്‍ ശിക്ഷയോ അനുഭവിക്കണം.

ഗേലാംഗ്, ലിറ്റില്‍ ഇന്ത്യ പോലുള്ള സ്ഥലങ്ങളാകും പോലീസ് കൂടുതല്‍ നിരീക്ഷിക്കുന്നത്. പൊതു സ്ഥലങ്ങളില്‍ വര്‍ദ്ധിച്ചു വരുന്ന മദ്യപാനവും, അത് സംബന്ധിച്ച് ഉണ്ടാകുന്നു പ്രശ്നങ്ങളും ലഹളകളും ഇല്ലാതാക്കാന്‍ പുതിയ നിയമം സഹായകരമാകും, അതോടെ ജനങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ ലഭിക്കുകയും ചെയ്യും.