രണ്ട് ഇന്ത്യക്കാർക്കെതിരെ സിംഗപ്പൂരിൽ 22.7 കോടിയുടെ തട്ടിപ്പ്കേസ്

0

സിംഗപ്പൂർ: കമ്പനികളെ കബളിപ്പിച്ചു പണം തട്ടിയ കേസിൽ 2 ഇന്ത്യക്കാർക്കെതിരെ കോടതി കുറ്റം ചുമത്തി. സിംഗപ്പൂരിൽ പെർമെനന്റ് റെസിൻഡന്റായുള്ള ഹുസൈൻ നൈന മുഹമ്മദ് (46), എൽദോ തോട്ടുങ്കൽ മത്തായി (66) എന്നിവർ 2 കമ്പനികളിൽ നിന്നായി 40 ലക്ഷം സിംഗപ്പൂർ ഡോളർ (22.7 കോടിയോളം രൂപ) തട്ടിയെടുത്തുവെന്നാണ് കേസ്.

അൾട്രാകോൺ സ്ട്രക്ചറൽ സിസ്റ്റംസ് എന്ന കമ്പനിയിൽ അസിസ്റ്റന്റ് ഷിപ്പിങ് മാനേജർ ആയിരുന്ന ഹുസൈൻ ഈ കമ്പനികളിൽ പാർട്നർ ആയിരുന്നു. പിതാവിന്റെ ഉടമസ്ഥതയിലുള്ളതെന്നത് മറച്ചുവച്ച് എസ്എം എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ നിന്ന് അൾട്രാകോണിനായി പ്ലാസ്റ്റിക് ഭാഗങ്ങൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടാണ് തിരിമറി നടത്തിയത്. ഇതിന്റെ ഷിപ്പിങ് കരാർ എൽദോ ഡയറക്ടർ ആയിരുന്ന ഇൻഡസ് ഗ്ലോബൽ ലൈൻ എന്ന കമ്പനിക്കു നൽകിയതിലും തട്ടിപ്പു നടന്നതായി കണ്ടെത്തിയിട്ടുണ്ട്.

എൽദോയുടെ കേസിൽ ഓഗസ്റ്റ് 16ന് വാദം കേൾക്കും. ഹുസൈനെതിരായ കേസ് സെപ്റ്റംബർ 16ന് പരിഗണിക്കും. തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ ജയിൽശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവർക്കെതിരെയും ചുമത്തിയിട്ടുള്ളത്.