ഇല്ല, ഇ-റീഡര്‍ വായനയെ കൊല്ലില്ല

0

മൂന്നോ നാലോ വയസുള്ളപ്പോഴാവണം ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം സ്വന്തമായി കിട്ടുന്നത്, ‘തെനാലിരാമന്‍ കഥകള്‍’. മണിക്കൂറുകളോളം സ്ഥലകാലബോധമില്ലാതെ ആണ്ടുപോകാന്‍ കഴിയുന്ന പുസ്തകമെന്ന മാന്ത്രികവസ്തുവിനോട് തീരാത്ത പ്രേമമായിരുന്നു പിന്നീടങ്ങോട്ട്. ഏഴാം ക്ലാസില്‍ വെച്ചാണെന്ന് തോന്നുന്നു ഒരു പബ്ലിക് ലൈബ്രറിയില്‍ അംഗമാകുന്നത്. മലയാളത്തിലെ എഴുത്തുകാര്‍ ആരൊക്കെയാണെന്ന് അറിയില്ല, ലോകസാഹിത്യത്തെപ്പറ്റി തീരെ അറിയില്ല. ഓരോന്നോരോന്നായി നല്ലതും ചീത്തയും എല്ലാം വായിച്ചു, ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയും ഏറ്റുമാനൂര്‍ ശിവകുമാറിന്റെ ഡ്രാക്കുളയും ഒരേ പോലെ ആസ്വദിച്ചു. ആരെങ്കിലും കാണുന്നുണ്ടോ എന്ന് നോക്കി ഒളിച്ചും പതുങ്ങിയും പുസ്തക അലമാരയ്ക്ക് മറഞ്ഞുനിന്ന് ലോലിതയുടെ താളുകള്‍ മറിച്ചുനോക്കിയപ്പോഴാവണം സമൂഹത്തെ പറ്റിയും അതിന്റെ സദാചാരബോധത്തെപ്പറ്റിയുമൊക്കെ ചിന്തിച്ചു തുടങ്ങിയതും ഈ പുസ്തകം സ്വന്തം പേരില്‍ എടുത്തുകൊണ്ടുപോയാല്‍ ‘മോശ’മായിരിക്കും എന്നൊക്കെ തോന്നിയതും. ഒടുവില്‍ പുസ്തകം വായിക്കല്‍ മാത്രം മതി ഇനി ജീവിതത്തില്‍ എന്ന ആശ്വാസത്തിലാവണം ഒരു ഇംഗ്ലീഷ് ബി എ ക്ലാസില്‍ പോയി ചേരുന്നത്. പഠിച്ചുജോലി കിട്ടണം, ജീവിക്കണം എന്നുള്ള ചിന്തയൊക്കെ പിന്നീടാണ് വരുന്നത്. അന്ന് ഒരു ചിന്തയുള്ളൂ, വായിക്കണം. ഇംഗ്ലീഷ് പാഠപുസ്തകത്തിലെ കഥകളല്ലാതെ ആദ്യമായി ഒരു പുസ്തകം ഇംഗ്ലീഷില്‍ വായിക്കുന്നത് ഇംഗ്ലീഷ് ബി എക്ക് ചേര്‍ന്ന് കഴിഞ്ഞാവണം. ഒരു പുസ്തകം പണം കൊടുത്തുവാങ്ങുന്നതൊക്കെ പിന്നെയും കുറെ കഴിഞ്ഞാണ്. എന്തായാലും വായന ഇപ്പോഴും തുടരുന്നു.