സിംഗപ്പൂരിന്‍റെ ആവശ്യത്തിന് യു.എന്‍ അംഗീകാരം ,നവംബര്‍ 19 ടോയ്‌ലറ്റ്‌ ദിനം

0

 

യു എസ് : സിംഗപ്പൂരിന് ഇതെന്തുപറ്റി ? കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഐക്യരാഷ്‌ട്ര സഭയിലുണ്ടായ പ്രധാന സംസാര വിഷയമാണിത് . ടോയ്‌ലറ്റ്‌ ദിനം വേണമെന്ന സിംഗപ്പൂര്‍ നിര്‍ദേശം തമാശയോടെയാണ് പല രാജ്യങ്ങളും സ്വീകരിച്ചത് .എന്നാല്‍ ഇതൊരു തമാശയല്ലെന്ന ആമുഖത്തോടെ സിംഗപ്പൂര്‍ മുന്നോട്ടു വെച്ച നിര്‍ദേശം അംഗീകരിച്ച യു.എന്‍. വ്യാഴാഴ്‌ച ഇക്കാര്യം ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കുകയായിരുന്നു.
 
ശരിയായ രീതിയിലുള്ള മാലിന്യ നിര്‍മ്മാര്‍ജ്‌ജനത്തിന്റെ അഭാവം മൂലം ലോകത്ത്‌ ഉടനീളമായി 2.5 ബില്യണ്‍ ആളുകളാണ്‌ ദുരിതമനുഭവിക്കുന്നത്‌. 1.1 ദശലക്ഷം പേര്‍ ഇപ്പോഴും മല മൂത്ര വിസര്‍ജ്‌ജനത്തിനായി പറമ്പില്‍ പോകുന്നവരാണെന്നും ടോയ്‌ലറ്റുകള്‍ സ്‌ഥാപിക്കുന്ന സ്‌ഥിതിയുണ്ടെങ്കില്‍ വര്‍ഷംതോറും 200,000 കുട്ടികളുടെ ജീവന്‍ രക്ഷിക്കാനാകുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.
 
"ക്ലീന്‍ സിറ്റിയായ" സിംഗപ്പൂര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചതില്‍ അതിശയപ്പെടാനില്ല .ലോകോത്തര നിലവാരത്തിലുള്ള ടോയ്‌ലറ്റ് സൗകര്യങ്ങളുള്ള രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍ . ടോയ്‌ലറ്റ് സമയക്രമമനുസരിച്ച്‌ വൃത്തിയാക്കുകയും ആ റിപ്പോര്‍ട്ട്‌ പൊതുജനങ്ങള്‍ക്കു കാണാവുന്ന തരത്തില്‍ പ്രദര്‍ശിപ്പികുകയും ചെയ്യുന്ന രീതിയാണ്‌ സിംഗപ്പൂരില്‍ .ശുചിത്വത്തിന്റെ കാര്യത്തില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അത് അറിയിക്കുവാനുള്ള സൗകര്യവും ചെയ്തിട്ടുണ്ട് .അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സിംഗപ്പൂര്‍ കൊടുക്കുന്ന ശ്രദ്ധ മറ്റുരാജ്യങ്ങളിലേക്ക് വ്യാപിക്കുവാനാണ് യു,എന്‍ ഇത്തരത്തിലൊരു പ്രഖ്യാപനം കൊണ്ട് ഉദേശിക്കുന്നത് .
 
യുഎന്‍ ലോക ടോയ്‌ലറ്റ്‌ ദിനം പ്രഖ്യാപിക്കുമ്പോള്‍ പൊതുജനങ്ങളും മാധ്യമങ്ങളും ചിരിക്കുമെന്ന്‌ എനിക്ക്‌ ഉറപ്പാണെന്ന്‌ സിംഗപ്പൂര്‍ ചുമതലയുള്ള മാര്‍ക്ക്‌ നിയോ ജനറല്‍ അസംബ്‌ളി വോട്ടിന്‌ മുമ്പ്‌ വ്യക്‌തമാക്കി. ആരോഗ്യ കാര്യങ്ങളില്‍ ടോയ്‌ലറ്റുകളിലെ ശുചിത്വം ഒരു ഗൗരവ ചര്‍ച്ചയ്‌ക്ക് വഴി വെയ്‌ക്കുന്നെങ്കില്‍ ആ ചിരി സ്വാഗതം ചെയ്യുന്നെന്നും നിയോ 193 അംഗ അസംബ്‌ളിയില്‍ പറഞ്ഞു.
 
ലോകത്തുടനീളമായി സാനിട്ടേഷന്‍ മെച്ചപ്പെടുത്തുന്നതിനായി പ്രവര്‍ത്തിക്കുന്ന ' മിസ്‌റ്റര്‍ ടോയ്‌ലറ്റ്‌' എന്നറിയപ്പെടുന്ന ജാക്ക്‌ സ്‌മിത്ത്‌ എന്നയാളുടെ പ്രവര്‍ത്തനങ്ങളെ തുടര്‍ന്നാണ്‌ സിംഗപ്പൂര്‍ ഐക്യരാഷ്‌ട്ര സഭയുടെ മുന്നിലേക്ക്‌ വിഷയം വെച്ചത്‌. തുടക്കത്തില്‍ തമാശയായിരുന്നെങ്കിലും ഏറ്റവും ഗൗരവമായ വിഷയങ്ങളില്‍ ഒന്ന്‌ ശ്രദ്ധയില്‍ പെടുത്തിയ സിംഗപ്പൂരിന്‌ അഭിനന്ദന പ്രവാഹമായിരുന്നു പിന്നീട്.
 
എന്തായാലും ആദ്യ ടോയ്‌ലറ്റ്‌ ദിനം ഏതു രീതിയില്‍ ആചരിക്കുമെന്നു ഉറ്റുനോക്കുകയാണ് പൊതുജനങ്ങള്‍.