പ്രവാസി എക്സ്പ്രസ് മലയാളം ചാനല്‍ സര്‍വെ ഫലങ്ങള്‍!

0

 

സിംഗപ്പൂരിലേക്ക് കൂടുതൽ മലയാളം ചാനലുകൾ, എന്ന ലക്ഷ്യത്തോടെ പ്രവാസി എക്സ്പ്രസ് സിംഗപ്പൂർ മലയാളികൾക്കിടയിൽ നടത്തിയ സർവേയ്ക്ക് മികച്ച പ്രതികരണം. പ്രൊഫെഷണലുകളും വിദ്യാർഥികളും വീട്ടമ്മമാരും അടക്കം ആയിരത്തിഅഞ്ഞൂറോളം പേരാണ് സർവേയിലൂടെ അഭിപ്രായങ്ങൾ പങ്കു വച്ചത്

 

സർവെയിൽ പങ്കെടുത്ത നൂറു ശതമാനം പേരും കൂടുതൽ മലയാളം ചാനലുകൾ സിംഗപ്പൂരിലേക്ക് കൊണ്ടുവരുവാനുള്ള ശ്രമത്തെ സ്വാഗതം ചെയ്തു. 66% പേരാണ് ഏഷ്യാനെറ്റ് ഒഴിവാക്കി മറ്റൊരു ചാനൽ എന്ന ആശയത്തെ പിന്തുണച്ചത്‌. 54% പേർ SGD5 മുതൽ SGD 8 വരെ മറ്റൊരു മലയാളം ചാനലിനു വേണ്ടി ചിലവഴിക്കാൻ തയ്യാറായപ്പോൾ, 26% പേർ SGD 10 വരെയും 14% പേർ SGD 15 വരെയും ചിലവഴിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. 3% പേർ സൗജന്യമായി ലഭിക്കാൻ ആവശ്യം ഉന്നയിച്ചപ്പോൾ മറ്റൊരു 3% SGD 15നു മുകളിൽ ചിലവഴിക്കാൻ തയ്യാറായി.

 

ഏഷ്യാനെറ്റിന് പകരം ഏതു ചാനൽ അല്ലെങ്കിൽ ഏഷ്യാനെറ്റിനൊപ്പം ഏതു ചാനൽ എന്ന ചോദ്യത്തിന് 39% വോട്ടോടെ 'സൂര്യ ടി വി ' ഒന്നാം സ്ഥാനത്തെത്തി. തൊട്ടുപിന്നിൽ 35% വോട്ടോടെ 'മഴവിൽ മനോരമ' ഇടം പിടിച്ചു. കൈരളി (12%), അമൃത ടി വി (9%), ജീവൻ(1%)  എന്നിങ്ങനെ ആണ് മറ്റു ചാനലുകൾക്ക് ലഭിച്ച വോട്ടുകൾ. വെറും 4% പേർ മാത്രമാണ് ഏഷ്യനെറ്റ് തന്നെ നിലനിർത്തിയാൽ മതി എന്ന് അഭിപ്രായപ്പെട്ടത്. കിരണ്‍, മാതൃഭൂമി ന്യൂസ്‌, മനോരമ ന്യൂസ്‌, റിപോർട്ടർ, ഇന്ത്യവിഷൻ തുടങ്ങിയവയും നിർദേശങ്ങളിൽ ഉണ്ടായിരുന്നു.

 

കൂടുതല്‍ ചാനലുകളെ സിംഗപ്പൂരിലേക്ക് കൊണ്ടുവരിക എന്നത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രവാസി എക്സ്പ്രസിന്‍റെ വായനക്കാരടക്കമുള്ള സിംഗപ്പൂര്‍ മലയാളികളുടെ നിരന്തര ആവശ്യമാണ്. പരിശ്രമത്തിന്റെ ഭാഗമായി പ്രവാസി എക്സ്പ്രസ്സ്‌ സംഘടിപ്പിച്ച സർവേയെ സിംഗപ്പൂർ മലയാളികൾ അക്ഷരാർഥത്തിൽ തോളിലേറ്റി.  വിവിധമലയാളി സംഘടനകൾ പ്രവാസി എക്സ്പ്രെസ്സിനു പിന്തുണയുമായി മുന്നോട്ടു വന്നുസര്‍വേ ഫലങ്ങള്‍, എംഡിഎ(MDA)-യെയും സ്റ്റാര്‍ഹബ്, സിംഗ്ടെല്‍ തുടങ്ങി എല്ലാ പ്രധാന സേവവനദാതാക്കളെയും അറിയിക്കുന്നതാണ്.

 

സർവേ വൻവിജയമാക്കി തീർത്ത ഓരോ സിംഗപ്പൂർ മലയാളിയെയും പ്രവാസി എക്സ്പ്രെസ്സിന്റെ കൃതജ്ഞത അറിയിക്കുന്നു.