ക്രിക്കറ്റ്‌ ലോകത്തെ മഹേന്ദ്രജാലം……..!!!

0

നാട്ടിന്‍ പുറങ്ങളിലെ ചായക്കടകള്‍ എന്നും വിവാദ ചര്‍ച്ചകള്‍ക്ക് ചൂട് പകര്‍ന്നിട്ടേയുള്ളൂ…….ഈയിടെയായി  ഇങ്ങനെയുള്ള ചര്‍ച്ചകളില്‍  എല്ലാവര്‍ക്കും കയറി ഇരുന്നു കൊട്ടാന്‍ കിട്ടിയിരിക്കുന്നത്, ക്രിക്കറ്റ്‌ പ്രേമികളുടെ സ്വന്തം മഹിയെ ആണ്……ഈ സമയം കൊല്ലി ചര്‍ച്ചകള്‍ എല്ലാം നിരുപദ്രവകാരികള്‍ ആണെങ്കിലും , ഒരു ക്രിക്കറ്റ്‌ പ്രേമി എന്ന നിലയില്‍ ഇതെല്ലാം കേള്‍ക്കുമ്പോള്‍, പറയുന്നവരുടെ അറിവില്ലായ്മ ആണെന്നു കരുതി കണ്ണടക്കാന്‍ വയ്യാ… വിമര്‍ശകര്‍ക്കു വായില്‍ തോന്നിയത് എന്തും വിളിച്ചു പറയാം,  നല്ലതിനെ എങ്ങനെ ചീത്തയാക്കി കാണിക്കാം എന്നെല്ലാം കരുതുന്ന കാലം കഴിഞ്ഞു. നമ്മള്‍ ഒരാളെ വിമര്‍ശിക്കുമ്പോള്‍, ആരെയാണു വിമര്‍ശിക്കുന്നതെന്നും, അയാള്‍ നമുക്ക് അല്ലെങ്കില്‍ നമ്മുടെ രാജ്യത്തിനു വേണ്ടി എന്തൊക്കെ  ചെയ്തിട്ടുണ്ടെന്നും ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതായിരിക്കും.

ലോകമെമ്പാടുമുള്ള ക്രിക്കറ്റ്‌ പ്രേമികള്‍ ക്യാപ്റ്റന്‍ കൂള്‍ എന്നു വാഴ്ത്തുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി, എന്നും ആ വിളിയോട് നീതി പുലര്‍ത്തിയിരുന്ന ഒരു കായിക താരമാണ്.. ധോണിയുടെ ചുമലിലേറി ഇന്ത്യ ജയിച്ച മത്സരങ്ങള്‍ നിരവധിയാണ്. മുന്‍പ് ഉണ്ടായിരുന്ന ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍മാര്‍  ആരും മോശമാണെന്ന് ഇതിനര്‍ത്ഥമില്ല… 1983-ലെ ലോര്‍ഡ്സ് ഫൈനല്‍ മുതല്‍ ഇന്ന് വരെ ഒരു ശ്വാസം പോലെ  കൊണ്ട് നടക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിനു നാളിതുവരെ ലഭിച്ച നിരവധി മികച്ച പ്രതിഭാധനരില്‍ ഒരുപക്ഷേ ഏറ്റവും ഒടുവിലത്തെ ആളായിരിക്കാം ധോണി (അങ്ങനെ ആകരുതേ എന്ന പ്രാര്‍ത്ഥനയോടെ!!!.).
 

റാഞ്ചിയിലെ തെരുവുകളില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ജേര്‍സി  അണിയുമ്പോള്‍ , ആരും കരുതിയിട്ടുണ്ടകില്ല ധോണി, ലോക ക്രിക്കറ്റിന്‍റെ ഹരമായി മാറുമെന്നു. ഒരു നല്ല വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍റെ കുറവ് എന്നും ഉണ്ടായിരുന്ന ടീമിലേക്കുള്ള തന്‍റെ സെലക്ഷന്‍ വെറുതെയല്ല എന്ന് ഒരു ചുരുങ്ങിയ കാലയളവില്‍ തന്നെ ധോണി തെളിയിച്ചു. ലങ്കയ്ക്ക് എതിരെ നേടിയ 183* റണ്‍സ്  ഇന്നും ക്രിക്കറ്റ്‌  പ്രേമികളുടെ മനസ്സില്‍ മായാതെ കിടക്കുന്നു. തുടര്‍ന്നുവന്ന പാകിസ്താന്‍ സീരീസ്‌ ധോണിക്ക് ഒരു ക്ലീന്‍ ഫിനിഷെര്‍ എന്ന പേര് ചാര്‍ത്തിക്കൊടുത്തു. ദാദക്കും, ദ്രാവിഡിനും ശേഷം ഇനി ആരു ടീമിനെ നയിക്കും എന്ന ചോദ്യം എത്തി നിന്നത് മഹിയില്‍ ആയിരുന്നു. ആദ്യത്തെ ടുര്‍ണമെന്‍റ് 2007-ലെ ടി-20 വേള്‍ഡ് കപ്പ്‌,  അതിമനോഹരമായി ആ യുവ ടീമിനെ നയിച്ച ധോണി, ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് താലോലിക്കാന്‍ ഒരു ലോക കപ്പു കൂടി സമ്മാനിച്ചു. പിന്നീടങ്ങോട്ട്‌ ഒരു ജൈത്രയാത്രയായിരുന്നു. 2007-08-ലെ CB സീരീസ്‌, 2010-ലെ ഏഷ്യകപ്പ്‌, 2011-ലെ വേള്‍ഡ് കപ്പ്‌ ഇന്ത്യക്കു സമ്മാനിച്ചത്‌,  ഫൈനലില്‍ ലങ്കയ്ക്ക് എതിരെ നേടിയ 91* റണ്‍സ് ആയിരുന്നു. ഇംഗ്ലണ്ട്ല്‍ 2013 -ലെ ചാമ്പ്യന്‍സ് ട്രോഫി വിജയം ധോണിയുടെ മികച്ച ക്യാപ്റ്റന്‍സിയുടെ ഒരു ഉത്തമ തെളിവായിരുന്നു.

ലോകത്തിലെ ക്രിക്കറ്റ്‌ നായകന്മാരില്‍ ഏറ്റവും മുന്‍ നിരയില്‍  തന്നെയാണ് ധോണിയുടെ സ്ഥാനം. ബാറ്റിംഗ് ഓര്‍ഡറില്‍  അഞ്ചാമതോ, ആറാമതോ ആയി വന്നു  ടീമിനെ വിജയത്തിലേക്ക് നയിക്കുന്ന ഈ ക്യാപ്റ്റന്‍ തന്‍റെ 10 വര്‍ഷത്തെ കരിയറില്‍ അടിച്ചു കൂട്ടിയത് 12,500 – ല്‍ ഏറെ റണ്‍സ്, ഇതില്‍ 15 സെഞ്ച്വറിയും , 83 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടുന്നു. ധോണി  എന്ന ബാറ്റ്സ്മാനെ വിമര്‍ശിക്കുന്നവര്‍  എന്നും സൗകര്യ പൂര്‍വം മറക്കുന്ന  ഈ നമ്പരുകള്‍ ധോണിയെന്ന ക്രിക്കെറ്ററെ മറ്റുള്ളവരില്‍ നിന്നും അഗ്രഗണ്യനാക്കുന്നു..

കപില്‍ ദേവും, അസ്ഹറും, ദാദയും, സച്ചിനും, ദ്രാവിഡും അലങ്കരിച്ച ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നായക സ്ഥാനത്തിനു എന്ത് കൊണ്ടും മികച്ച പിന്‍ഗാമി തന്നെയാണ് മഹേന്ദ്ര സിംഗ് ധോണി. അടുത്തിടെയായി  പൊങ്ങി വരുന്ന IPL വിവാദങ്ങളില്‍ നിന്നെല്ലാം മുക്തനായി, 2015-ലെ  വേള്‍ഡ് കപ്പ്‌ നമുക്ക് നേടി തരുമെന്നു പ്രതീക്ഷിക്കാം. തന്‍റെ വിമര്‍ശകര്‍ക്കെല്ലാം ബാറ്റു കൊണ്ടു മറുപടി പറയുന്ന ഈ ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്നും ക്രിക്കറ്റ്‌ പ്രേമികള്‍ക്ക് എന്നും ഒരു ഹരമായിരിക്കട്ടെ!!!…

വാല്‍ കഷ്ണം: ചുമ്മാ സമയം കളയാന്‍ വേണ്ടി മറ്റുള്ളവരെ കുറ്റം പറയുന്ന എല്ലാവരും ഒന്ന് ആലോചിക്കുക.. നിങ്ങളെ പറ്റിയും ആരെങ്കിലും, എന്തെങ്കിലുമൊക്കെ പറയുന്നുണ്ടാകും.

——————————————————————————————————————————————-
 
കോളങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ തികച്ചും വ്യക്തിപരമാണ്. അവ പ്രവാസി എക്സ്പ്രസിന്‍റെ അഭിപ്രായങ്ങളല്ല!
 

Related story:  ധോണിയെ എന്തിന് കൊള്ളാം?