ലീ ക്വാന്‍ യൂ ഓര്‍മ്മയായി

0

ആധുനിക സിംഗപ്പൂരിന്‍റെ പിതാവും സ്ഥാപക പ്രധാനമന്ത്രിയുമായ ലീ ക്വാന്‍ യൂ(91) അന്തരിച്ചു. രണ്ടു മാസത്തോളമായി സിംഗപ്പൂരിലെ ജനറല്‍ ഹോസ്പിറ്റല്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു അദ്ദേഹം. ലോകാരാധ്യനായ അദ്ദേഹത്തിന്റെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് അനുശോചനസന്ദേശങ്ങള്‍ സിംഗപ്പൂരിലേക്ക് പ്രവഹിച്ചുകൊണ്ടിരിക്കുകയാണ്.

1959 മുതല്‍ 1990 വരെ മൂന്നു ദശാബ്ദത്തിലധികം സിംഗപ്പൂരിന്‍റെ പ്രധാനമന്ത്രി ആയിരുന്ന അദ്ദേഹം, സിംഗപ്പൂരിനെ ഒന്നാം ലോകരാജ്യമായി വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ മുഖ്യപങ്കു വഹിച്ചയാളാണ്. അഴിമതി തുടച്ചുനീക്കല്‍, നിയമനിര്‍വ്വഹണം തുടങ്ങിയ വിഷയങ്ങളില്‍ ലീ സ്വീകരിച്ച ശക്തമായ നിലപാടുകളാണ് സിംഗപ്പൂരിനെ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ മുന്‍ നിരയിലെത്തിക്കാന്‍ സഹായിച്ചത്.

1923 ല്‍ സിംഗപ്പൂരില്‍ ജനിച്ച ലീ, പാശ്ചാത്യ നിയമവിദ്യാഭ്യാസം നേടിയതിനു ശേഷം നാട്ടില്‍ തിരിച്ചെത്തി രാഷ്ട്രീയത്തില്‍ സജീവമാവുകയായിരുന്നു. 1954-ല്‍ അദ്ദേഹവും സുഹൃത്തുക്കളും ചേര്‍ന്നു രൂപികരിച്ച പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടി 1959-ല്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലേറി. 1965-ല്‍ സിംഗപ്പൂര്‍ മലേഷ്യയില്‍ നിന്ന് വേര്‍പെട്ടതോടെ വന്‍വെല്ലുവിളികളാണ് ലീയുടെ സര്‍ക്കാരിനു നേരിടേണ്ടി വന്നത്. തുടര്‍ന്ന്‍ മികച്ച രാജ്യതന്ത്രജ്ഞനായ ലീ വിഭവങ്ങളൊന്നുമില്ലാത്ത ഒരു കൊച്ചു ദ്വീപായ സിംഗപ്പൂരിനെ ലോകത്തിലെ തന്നെ മികച്ച രാജ്യങ്ങളില്‍ ഒന്നായി മാറ്റിയെടുക്കുന്നത് മറ്റു രാജ്യങ്ങള്‍ അത്ഭുതത്തോടെയാണ് നോക്കിനിന്നത്.

സിംഗപ്പൂരിന്‍റെ പ്രധാനമന്ത്രി ലീ സെന്‍ ലൂന്‍ഗ്, സിവില്‍ ഏവിയേഷന്‍ അതോറിറ്റിഓഫ് സിംഗപ്പൂരിന്‍റെ ചെയര്‍മാന്‍ ലീ സെന്‍ യാന്‍ഗ്, ലീ വൈ ലിന്‍ഗ് എന്നിവരാണ് മക്കള്‍. ഭാര്യ ക്വാ ജിയോക് ചൂ അഞ്ചു വര്‍ഷം മുമ്പ് അന്തരിച്ചിരുന്നു.

ആഗസ്തില്‍ നടക്കുന്ന സിംഗപ്പൂര്‍ സ്ഥാപകദിനത്തിന്‍റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കാന്‍ കാത്തു നില്‍ക്കാതെ ലീ യാത്രയായത് വേദനയായി.