സെക്സി ദുര്‍ഗ്ഗ: സനല്‍കുമാര്‍ ശശിധരന്‍റെ പുതിയ ചിത്രം

0

'സെക്സി ദുര്‍ഗ്ഗ', പേര് കേള്‍ക്കുമ്പോള്‍ തന്നെ പലരുടെയും നെറ്റി ചുളിഞ്ഞേക്കാം. 'ഒരാള്‍ പൊക്കം' എന്ന ചിത്രത്തിലൂടെ 2015 ലെ മികച്ച സംവിധായകനുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടിയ സനല്‍കുമാര്‍ ശശിധരന്‍റെ അടുത്ത ചിത്രമാണ് 'സെക്സി ദുര്‍ഗ്ഗ'.  'ആന്‍ഗ്രി ഇന്ത്യന്‍ ഗോഡസ്' ഫെയിം രാജശ്രീ ദേശ്പാണ്‍ഡെ നായികയാകുന്ന ചിത്രം ടൈറ്റില്‍ കൊണ്ട് തന്നെ ജനശ്രദ്ധ ആകര്‍ഷിക്കുകയാണ്.

ദേവതയുടെ പേരിനെ ഓര്‍മ്മിപ്പിക്കുന്ന ടൈറ്റില്‍ സൃഷ്ടിച്ചേക്കാവുന്ന വിവാദങ്ങളെ ഭയപ്പെട്ടു പേര് മാറ്റാന്‍ തയ്യാറല്ലായെന്നും, ദുര്‍ഗ്ഗ എന്നത് ദേവതയുടെ നാമം മാത്രമല്ല അനേകം പെണ്‍കുട്ടികള്‍ക്കു നല്‍കുന്ന പേര് കൂടിയാണ് എന്നും, ടൈറ്റില്‍ വഴി പബ്ലിസിറ്റി ഉദ്ദേശിച്ചല്ല ചിത്രത്തിന് ഈ പേര്  നല്‍കിയതെന്നും യുവ സംവിധായകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അമ്മയായും, മകളായും, സഹോദരിയായും കാണേണ്ട സ്ത്രീകളെ സമൂഹം ഏതൊക്കെ കണ്ണുകളിലൂടെ, എങ്ങിനെയൊക്കെ  വീക്ഷിക്കുന്നു എന്നതാണ് സിനിമയിലൂടെ ചിത്രത്തിന്‍റെ കഥ, തിരക്കഥാകൃത്ത് കൂടിയായ സനല്‍കുമാര്‍ വരച്ചു കാട്ടുന്നത്. അദ്ദേഹത്തിന്‍റെ 'ഒഴിവു ദിവസത്തെ കളി' എന്ന ചിത്രത്തിലെ താരങ്ങളില്‍ പലരും 'സെക്സി ദുര്‍ഗ്ഗ'യിലെ കഥാപാത്രങ്ങള്‍ക്ക് ജീവനേകുന്നു. ഏറിയാല്‍ പന്ത്രണ്ട്  ഷോട്ടുകളെ സിനിമയില്‍ ഉണ്ടാവുകയുള്ളൂ എന്ന്  സനല്‍കുമാര്‍ ശശിധരന്‍ പ്രവാസി എക്സ്പ്രസിനോട് പറഞ്ഞു.  സിനിമയുടെ ചിത്രീകരണം മാര്‍ച്ചില്‍ ആരംഭിക്കും.