ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ചു

0

കൊച്ചി: പ്രമുഖ ചലച്ചിത്രതാരം കലാഭവന്‍ മണി അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിലായിന്നു അന്ത്യം. കരള്‍ രോഗ ബാധയെത്തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണകാരണം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

45 കാരനായ മണി ചാലക്കുടി സ്വദേശിയാണ്.

നാടന്‍ പാട്ടിലൂടെയും, മിമിക്രിയിലൂടെയും മലയാളികളുടെ മനസില്‍ ചേക്കേറിയ മണി, അക്ഷരം എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. നിരവധി തമാശവേഷങ്ങളിലൂടെ മലയാളിയുടെ സ്വന്തം താരമായി മണി മാറി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. എന്ന സിനിമയിലൂടെ രാമുവിലൂടെ, ദേശീയ-സംസ്ഥാന തലത്തില്‍ പ്രത്യേക ജൂറി അവാര്‍ഡും മണി നേടി.

മണിയുടെ ചിരിയുടെ രീതി പോലും മലയാളിക്ക് സുപരിചിതമായിരുന്നു. തമിഴിലും തെലുങ്കിലുമായി നൂറോളം സിനിമകളിലും വേഷമിട്ട മണി, തെന്നിന്ത്യയിലെ പ്രധാനപ്പെട്ട വില്ലന്‍ വേഷങ്ങളിലാണ് തിളങ്ങിയത്. അവസാന കാലത്ത് തമിഴ് സിനിമകളിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്.

നാടന്‍പാട്ടുകളെ വീണ്ടും മലയാളികളുടെ ചുണ്ടിലേക്കെത്തിക്കാന്‍ മണിയോളം പരിശ്രമിച്ച മറ്റൊരാളില്ല.

നാടന്‍പാട്ട് ക്യാസറ്റുകളും ഉത്സവ പറമ്പുകളും മണിക്ക് സ്വന്തമായി. ചാലക്കുടി ചന്തയ്ക്ക് പോകുമ്പോഴും, കണ്ണിമാങ്ങാ പ്രായത്തിലുമെല്ലാം മലയാളമുള്ള കാലത്തോളം മറക്കാത്തവണ്ണം മനസിലുറപ്പിച്ചത് മണിയാണ്. സിനിമയില്‍ നൂറോളം പാട്ടുകള്‍ പാടുകയും രണ്ട് സിനിമകള്‍ക്ക് സംഗീതം നല്‍കുകയും ചെയ്തിരുന്നു. 20 ഓളം സിനിമകളില്‍ പാടുകയും ചെയ്തിരുന്നു. എംഎല്‍എ മണിയെന്ന സിനിമയ്ക്ക കഥയുമെഴുതി.

മലയാള സിനിമയിലെ നായക സങ്കല്‍പ്പത്തെ മാറ്റിയെഴുതിയ ചലച്ചിത്രതാരമായാകും ചരിത്രം കലാഭവന്‍ മണിയെ വിലയിരുത്തുക.തനിക്ക് നേരിട്ട വിവേചനത്തെക്കുറിച്ചും മണി വാചാലനായിരുന്നു. തന്‍രെ ഇടതുരാഷ്ട്രീയം വ്യക്തമായി പ്രഖ്യാപിക്കാന്‍ എപ്പോഴും തയ്യാറായ മണി, സിപിഎം വേദികളിലെ സജീവ സാന്നിധ്യവുമായിരുന്നു.

മലയാളിക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച്, ഇനിയൊരുപാട് കഥാപാത്രങ്ങളെ ബാക്കിവെച്ചാണ് മലയാളിയുടെ സ്വന്തം ചാലക്കുടിക്കാരന്‍ കാലയവനികയ്ക്ക് പിന്നിലേക്ക യാത്രയാകുന്നത്.
പ്രിയപ്പെട്ട മണിക്ക് വിട