ടീഷർട്ടും തൊപ്പിയുമണിഞ്ഞ് ചങ്ങനാശേരി ടൗണിലൂടെ നടന്ന് ആമീർ ഖാൻ; വീഡിയോ

0

കഴിഞ്ഞ ദിവസം കോട്ടയം ചങ്ങനാശേരി ടൗണിലൂടെ ടീഷർട്ടും തൊപ്പിയും ധരിച്ച് കൂളായി നടന്നു പോകുന്ന താടിക്കാരനെ കണ്ട് നാട്ടുകാർ അമ്പരന്നു. സാക്ഷാൽ ആമിർ ഖാൻ. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായാണ് ബോളിവുഡ് താരം ആമീര്‍ ഖാന്‍ ചങ്ങനാശേരിയിലെത്തിയത്. വിശ്വസിക്കാനാകാതെ പലരും അമ്പരന്നുനിന്നു. ചിലര്‍ മൊബൈലില്‍ വിഡിയോ പകര്‍ത്തി. ആളെ മനസിലായ ചിലർ ആമിർജീ എന്ന് ഉറക്കെ വിളിച്ചു.

എല്ലാവരെയും കൈവീശി കാണിച്ച്, ചിരിച്ച് ആമിര്‍ നടന്നു. മുന്നിലൂടെ പോയത് ആമിറാണെന്ന് അറിഞ്ഞ് പലരും ഓടിയെത്തിയപ്പോഴേക്ക് താരവും സംഘവും വാഹനത്തില്‍ കയറിപ്പോയി.

കൊല്ലം ചടയമംഗലത്ത് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട എത്തിയതാണ് താരമെന്നാണ് സൂചന. അതിനിടയിലുള്ള യാത്രയിലാണ് ആമിർ ചങ്ങനാശേരിയിൽ ഇറങ്ങിയത്. ചങ്ങനാശ്ശേരി എംസി റോഡിലും ബൈപാസിലുമാണ് ആമീര്‍ ഖാനെയും സംഘത്തെയും കണ്ടവരുണ്ട്.

ബോളിവുഡ് ചിത്രം ലാല്‍ സിങ് ഛദ്ദയുടെ ഷൂട്ടിംഗിനാണ് ആമിർ കേരളത്തിലെത്തിയത്. ടോം ഹാങ്ക്സ് പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഫോറസ്റ്റ് ഗംപിന്റെ ഹിന്ദി റീമേക്കാണ് ലാല്‍ സിങ് ഛദ്ദ. അദ്വൈത് ചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കരീന കപൂറാണ് നായിക.