മലയാളി വനിതയ്ക്ക് അബുദാബി വിമാനത്താവളത്തിലെ ബിഗ്‌ ടിക്കറ്റ് തിരഞ്ഞെടുപ്പില്‍ വന്‍ തുക സമ്മാനം

0

അബുദാബി വിമാനത്താവളത്തിലെ ബിഗ്‌ ടിക്കറ്റ് തിരഞ്ഞെടുപ്പില്‍ വീണ്ടും മലയാളിക്ക് വന്‍ തുക സമ്മാനം .യു.എസിലെ ടെക്സാസിലുള്ള, മലപ്പുറം സ്വദേശി നിഷിത രാധാകൃഷ്ണ പിള്ളയാണ് 10 മില്യണ്‍ ദിര്‍ഹത്തിന്റെ (ഏകദേശം 17.69 കോടി ഇന്ത്യന്‍ രൂപ) സമ്മാനത്തിന് അര്‍ഹയായത്. 178 ാമത് ബിഗ്‌ ടിക്കറ്റ് പരമ്പരയിലെ 058390 എന്ന നമ്പരിലുള്ള ടിക്കറ്റിനാണു സമ്മാനംരണ്ട് കുട്ടികളുടെ അമ്മയായ നിഷിതയും ഭര്‍ത്താവ് രാജേഷ്‌ തമ്പിയും ഇപ്പോള്‍ ടെക്സാസിലാണ്.

2016 പകുതി വരെ ദുബായില്‍ ജോലി നോക്കിയിരുന്ന ഡോക്ടര്‍മാരായ ഇരുവരും ഗവേഷണ ഫെലോഷിപ്പിന് വേണ്ടിയാണ് അമേരിക്കയിലേക്ക് പോയത്.ശിശുരോഗ വിദഗ്ധയാണ് നിഷിത. രാജേഷ്‌ റേഡിയോളജിസ്റ്റാണ്. അമേരിക്കയിൽ നിന്ന് തുടര്‍ച്ചയായി അമ്പത് ടിക്കറ്റുകൾ ഒാൺലൈൻ വഴി വാങ്ങിയ ശേഷമാണ് ഭാഗ്യമെത്തിയത്. നിഷിതയുടെ ഭർത്താവ് അവരുടെ പേരിൽ ടിക്കറ്റെടുക്കുകയായിരുന്നു. നേരത്തെ രണ്ട് വർഷം യുഎഇയിൽ കുട്ടികളുടെ ഡോക്ടറായി സേവനമനുഷ്ഠിച്ചിട്ടുള്ള നിഷിത കഴിഞ്ഞ ജൂലൈയിൽ സ്കോളർഷിപ്പോടെ അമേരിക്കയിലേയ്ക്ക് കൂടുമാറുകയായിരുന്നു. ടെക്സാസിസെ ഹുസ്റ്റണിലാണ് ഇപ്പോൾ ഭർത്താവിനോടും രണ്ട് മക്കളോടുമൊപ്പം താമസം. ആറ് മാസം മുൻപാണ് നിഷിതയുടെ ഭർത്താവ് ഒാൺലൈൻ വഴി ടിക്കറ്റെടുക്കാൻ തുടങ്ങിയത്.

ഒരു മാസം അഞ്ച് ടിക്കറ്റുകൾ വീതം വാങ്ങിക്കുമായിരുന്നു. യുഎഇയെ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന നിഷിതയും കുടുംബവും ഇങ്ങോട്ട് തിരിച്ചുവരാനാണ് ആഗ്രഹിക്കുന്നത്. ഇത്രയും വലിയ തുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് നിഷിത പറഞ്ഞു. അമേരിക്കൻ സമയം ഇന്നലെ അർധരാത്രി നിഷിതയുടെ അച്ഛനാണ് സമ്മാനം ലഭിച്ച വിവരം അറിയിച്ചത്. ബിഗ് ടിക്കറ്റ് വെബ്സൈറ്റ് വഴി സമ്മാനം ഉറപ്പാക്കി. കോഴിക്കോട് സേവനമനുഷ്ഠിക്കുന്ന ഡോ.രാധാകൃഷ്ണ പിള്ളയുടെ മകളാണ് നിഷിത. ഇതുവരെ ബിഗ് ടിക്കറ്റ് വഴി 178 കോടിപതികളുണ്ടായിട്ടുണ്ട്. ഇൗ വർഷം ഫെബ്രുവരിയിൽ തൃശൂർ വരന്തരപ്പള്ളി സ്വദേശി ശ്രീരാജ് കൃഷ്ണന് ഇതേ നറുക്കെടുപ്പിൽ 12 കോടി രൂപ സമ്മാനമായി ലഭിച്ചിരുന്നു.