കനത്ത പുകമഞ്ഞ് : ഹരിയാനയിൽ 50 വാഹനങ്ങൾ കൂട്ടിയിടിച്ച് എട്ട് മരണം

1

ഝജ്ജാർഗഡ്: കനത്ത പുകമഞ്ഞ് മൂലം ഹരിയാനയിൽ സ്കൂൾ ബസ്സുകൾ അടക്കം അമ്പതോളം വാഹനങ്ങൾ ഇന്ന് രാവിലെ അപകടത്തിൽപ്പെട്ടു. ഡൽഹിയേയും ഹരിയാനയേയും ബന്ധിപ്പിക്കുന്ന റോഹ്തക്-റെവാരി ഹൈവേയിലാണ് (ഹരിയാനയിലെ ഝജ്ജാർ മേൽ പാതയ്ക്ക് സമീപം) അപകടം നടന്നത്. അപകടത്തിൽ എട്ട് പേർ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പത്തോളം പേരുടെ നില ഗുരുതരമാണ്.
ഹരിയാന മന്ത്രി ഓം പ്രകാശ് ധൻ കർ പരിക്കേറ്റവരെ ആശുപത്രിയിലെത്തി സന്ദർശിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.