നടൻ കൊച്ചു പ്രേമൻ അന്തരിച്ചു

0

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ശ്വാസകോശസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ഉച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തമാശ റോളുകളിലും ക്യാരക്ടർ റോളുകളിലും ഏറെക്കാലം സജീവമായിരുന്നു. 250 ലേറെ സിനിമകളിൽ അഭിനയിച്ചു. സിനിമയിൽ വരുന്നതിനു മുൻപു നാടകത്തിൽ സജീവമായിരുന്നു. സീരിയലിലും അഭിനയിച്ചിട്ടുണ്ട്

തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പേയാട് ഗവ.സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി കോളജിൽ നിന്ന് ബിരുദം നേടി.

ചെറുപ്പം മുതൽ നാടക രംഗത്ത് സജീവമായിരുന്നു. എട്ടാം ക്ലാസിൽവച്ചാണ് ആദ്യമായി നാടകം സംവിധാനം ചെയ്യുന്നത്. ജഗതി എൻ.കെ.ആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന നാടകത്തിന്റെ ഭാഗമായപ്പോഴാണ് നാടകത്തെ ഗൗരവത്തോടെ കണ്ടത്. തുടർന്ന് തിരുവനന്തപുരത്തെ പ്രസിദ്ധമായ നാടക സമിതികളുടെ ഭാഗമായി.

കെ.എസ്.പ്രേംകുമാർ എന്നതാണ് ശരിയായ പേര്. ഒരേ പേരുള്ള സുഹൃത്ത് നാടക സമിതിയിലുണ്ടായിരുന്നതിനാലാണ് കൊച്ചുപ്രേമൻ എന്ന പേര് സ്വീകരിച്ചത്. എഴു നിറങ്ങളാണ് ആദ്യ സിനിമ. നീണ്ട ഇടവേളയ്ക്കുശേഷമാണ് സംവിധായകൻ രാജസേനന്റെ ദില്ലിവാല രാജകുമാരനിൽ അഭിനയിക്കുന്നത്. പിന്നീട് ഇരട്ടക്കുട്ടികളുടെ അച്ഛനിൽ അഭിനയിച്ചു. തുടർന്ന് സിനിമയിൽ ശ്രദ്ധേയമായ നിരവധി വേഷങ്ങൾ അവതരിപ്പിച്ചു. സീരിയല്‍ താരം ഗിരിജയാണ് ഭാര്യ: മകൻ: ഹരികൃഷ്ണൻ.