ലൈംഗിക ബന്ധത്തിലേർപ്പെടാനും ഗർഭം ധരിക്കാനും വേണ്ടെന്ന് വെക്കാനുമുള്ള അവകാശം; വൈറലായി 18ാം വയസ്സിൽ നടിക്ക് അച്ഛനയച്ച കത്ത്

0

ഒരച്ഛൻ പതിനെട്ട് വയസ് തികഞ്ഞ തന്റെ മകൾക്ക് എഴുതിയ കത്ത് ഇപ്പോൾ സമൂഹമാധ്യമങ്ങളിലാകെ തരംഗമായിക്കൊണ്ടിരിക്കയാണ്. നടിയും മോഡലുമായ കനി കുസൃതിയാണ് തനിക്ക് 18 വയസ് ആയപ്പോൾ അച്ഛൻ മൈത്രേയൻ തനിക്ക് സമ്മാനിച്ച കത്തിന്റെ പൂർണ രൂപം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

മക്കൾക്ക് പ്രായപൂർത്തിയായാലും അവരെ സ്വതന്ത വ്യക്തികളായി കണക്കാക്കാത്ത സമൂഹത്തിലേക്കാണ് കനിക്ക് ഈ കത്ത് അച്ഛൻ സമ്മാനിക്കുന്നത്. സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാനും സ്വന്തം നിലയിൽ സ്വാതന്ത്ര്യബോധത്തോടെ ജീവിക്കാനും ആഹ്വാനം ചെയ്തുകൊണ്ട് മൈത്രേയൻ കനിക്ക് എഴുതിയ കത്ത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്.

View this post on Instagram

മൈത്രേയന്റെ കത്ത്‌ മലയാളത്തിൽ – ഈ കത്ത്‌ മൈത്രേയൻ 2003 ഇൽ എഴുതിയതാണു. കത്ത്‌ അതു പോലെ തന്നെ പ്രസിദ്ധീകരിക്കണോ ചില പദങ്ങൾ എങ്കിലും തിരുത്തണോ എന്ന് സംശയിച്ചിരുന്നു. കത്ത്‌ അതേ പടി പ്രസിദ്ധീകരിച്ചതു കൊണ്ട്‌ തന്നെ, ഇതിൽ എഴുതിയിരിക്കുന്ന 'സങ്കരവർഗ്ഗം' എന്ന വാക്ക്‌ 'ട്രാൻസ്ജെന്റർ' വ്യക്തികൾ അല്ലെങ്കിൽ "ക്വിയർ" വ്യക്തികൾ എന്ന് തിരുത്തി വായിക്കണ്ടതാണു, പകരം ഒരു നല്ല മലയാളം വാക്ക്‌ നമ്മൾ കണ്ടെത്തുന്നതു വരെ. ഈ എഴുതിയത്‌ വായിച്ച്‌ ആരും തെറ്റായി ഉള്ള പദങ്ങൾ ഉപയോഗിക്കുന്നത്‌ തുടരരുത്‌. ട്രാൻസ്‌ ജെന്റർ എന്ന പദം ആണു നിലവിൽ ഉപയോഗിക്കേണ്ടത്‌. @maitreyamaitreyan

A post shared by Kani.Kusruti (@kantari_kanmani) on

കത്തിലെ ചില പ്രസക്ത ഭാഗങ്ങൾ

‘എന്റെ പ്രിയമുള്ള മകൾ കനിക്ക്, ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. ഇന്ത്യൻ ഭരണഘടനാപരമായി സ്വതന്ത്രമായി തീരുമാനം എടുക്കാൻ അവകാശമുള്ള ഒരു വ്യക്തിയായി നീ മാറിയിരിക്കുന്നു. ഈ സന്ദർഭത്തിൽ നിന്റെ അവകാശങ്ങൾക്കും ഉത്തരവാദിത്വങ്ങൾക്കും ഒപ്പം നിന്നെ വളർത്താൻ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തി എന്ന നിലയിൽ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി ഞാൻ നൽകുകയാണ്.

വ്യത്യസ്തങ്ങളായ ജാതമത വിശ്വാസങ്ങളുടെയും, വർഗ്ഗ,വംശ, രാഷ്ട്രീയ വേർതിരുവുകളുടെയും,പുരുഷ മേധാവിത്വ മൂല്യങ്ങളുടെയും സമ്മിശ്ര സംസ്കാര സമൂഹത്തിൽ വേണം നീ ഇനി മുതൽ ഒരു സ്വതന്ത്ര്യ വ്യക്തിയായി ജീവിക്കാൻ. ഇവിടെ കാലുറപ്പിക്കാൻ എളുപ്പമല്ല. അതിൽ ഏത് ശരി, ഏത് തെറ്റ് എന്ന് സംശമുണർത്തുന്ന സന്ദർഭങ്ങളിൽ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാൻ നൽകുന്നത്.

സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാരെ നിയന്ത്രിക്കാൻ തരത്തിൽ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുമാണ് ഈ സമൂഹത്തിൽ ഭൂരിപക്ഷം ഉള്ളത്. സ്ത്രീകളെ നിയന്ത്രിക്കാൻ അവരുടെ ലൈംഗിക അവകാശങ്ങളെ കവർന്നെടുക്കുകയാണ് പുരുഷന്മാർ ചെയ്ത് വന്നത്.

നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷസമൂഹത്തിന്റെ മൂല്യ ബോധത്തിനെതിരാണ്. അതിനാൽ അതിന്റെ അടികളേൽക്കാൻ ധാരാളം സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാവുമെന്ന് ഞാൻ തിരിച്ചറിയുന്നു. ആ അടികളുടെ രൂക്ഷത കുറക്കാൻ എന്റെ ഇനിയുള്ള വാഗ്ദാനങ്ങൾ ശാരീരികവും മാനസികവുമായ ശക്തി പകരുമെന്ന് ഞാൻ കരുതുന്നു.

വീട് വിട്ട് പോകാനും മാറി താമസിക്കാനുമുള്ള നിന്റെ അവകാശത്തിനു പിന്തുണ പ്രഖ്യാപിക്കുന്നു ഇഷ്ടപെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വർഗമായാലും ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിനക്കുള്ള അവകാശത്തിനും പിന്തുണ നൽകുന്നു.

ഗർഭം ധരിക്കാനും പ്രസവിക്കാനുമുള്ള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്കത് സ്വതന്ത്രമായി ചെയ്യാൻ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു നിനക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശത്തിനും പിന്തുണ നൽകുന്നു നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭം ധരിക്കുവാൻ ഇടവരികയാണെങ്കിൽ അത് വേണ്ട എന്ന് വയ്ക്കാൻ നിനക്ക് അവകാശമുണ്ട്.

തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ടെന്നു വയ്ക്കാനുള്ള അവകാശത്തിനു പിന്തുണ നൽകുന്നു ഒരേ സമയം ഒന്നിലധികം പേരോട് പ്രണയം തോന്നാം അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസിലാക്കി അതിനും പിന്തുണ നൽകുന്നു ആരോടും പ്രേമം തോന്നുന്നില്ല അതിനാൽ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനം എങ്കിൽ അതിനും പിന്തുണ നൽകുന്നു. മദ്യംകഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്. നിനക്ക് ഇഷ്ടമുള്ള പ്രവർത്തി ചെയ്തു ജീവിക്കാൻ പരിപൂർണ പിന്തുണ വാഗ്ദാനം ചെയ്യുന്നു.

സമൂഹമാധ്യമത്തിൽ കനി പങ്കുവച്ചകത്ത് ഇതിനോടകം നിരവധി പേർ ഷെയർ ചെയ്തു. പ്രായപൂർത്തിയ ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ലളിതമായ ഭാഷയിൽ മൈത്രേയൻ വിവരിച്ചിരിക്കുന്നതെന്നാണ് ആരാധകരുടെ പ്രതികരണം. 2003 ഒക്ടോബർ 12ന് എഴുതിയ കത്തിന്റെ കയ്യെഴുത്തു കോപ്പി സ്വന്തം പേജിൽ പങ്കുവച്ചതിനു പിന്നാലെയാണ് അതിന്റെ ഡിജിറ്റൽ എഴുത്തു രൂപവും പ്രത്യക്ഷപ്പെട്ടത്.

സാമൂഹിക പ്രവർത്തകരായ ഡോ. എ.കെ. ജയശ്രീയുടെയും , മൈത്രേയന്റെയും മകളാണ് നടിയും മോഡലുമായ കനി കുസൃതി. കനിയുടെ അമ്മ ഡോ.എ.കെ ജയശ്രീ കമ്മ്യൂണിറ്റി ഹെൽത്ത് വിദഗ്ദ്ധയും സാമൂഹ്യ പ്രവർത്തകയും പരിയാരം മെഡിക്കൽ കോളേജിൽ ലക്ചററുമാണ്. അച്ഛൻ മൈത്രേയൻ കേരളത്തിൽ നിരവധി മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. ഇതിനോടകം തന്നെ നിരവധി സിനിമകളിൽ അഭിനയിച്ച് പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് കനി.