എനിക്കൊരു സൂപ്പര്‍ പവറുണ്ട്, ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്; ഗര്‍ഭകാലത്തെ ബോഡി ഷെയിമിങ്; ട്രോളന്മാര്‍ക്കെതിരെ തുറന്നടിച്ച് നടി സമീറ റെഡ്ഡി

1

രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് തെന്നിന്ത്യൻ നടി സമീറ റെഡ്ഡി. ഗര്‍ഭകാലത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ബോഡി ഷെയിമിങ്ങിനെതിരെ രംഗത്തുവന്നിരിക്കുകയാണ് സമീറ. 2015ലാണ് സമീറക്കും ഭര്‍ത്താവ് അക്ഷയ് വാര്‍ദെക്കും ആദ്യകുഞ്ഞ് ജനിച്ചത്. ആദ്യ പ്രസവത്തിന് ശേഷം തന്റെ രൂപഭംഗീ വീണ്ടെടുക്കാന്‍ നടി കുറെ കഷ്ടപ്പെട്ടിരുന്നു.

ശരീരഭാരം കൂടിയ സമയത്ത് സമൂഹ മാധ്യമങ്ങളില്‍ നിന്നും ട്രോളാക്രമണം നേരിടേണ്ടി വന്നിരുന്നു സമീറയ്ക്ക്. താന്‍ വീണ്ടുമൊരു കുഞ്ഞിന് ജന്മം നല്‍കുകയാണെന്ന് അടുത്തിടെയായിരുന്നു സമീറ റെഡ്ഡി വെളിപ്പെടുത്തിയിരുന്നത്. തന്റെ പുതിയ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു നടി ഇക്കാര്യം പറഞ്ഞത്. സമീറയുടെ ചിത്രം ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പ്രസവശേഷം പഴയ പോലെ ഹോട്ടായി തിരിച്ചുവരാന്‍ എല്ലാവരും കരീന കപൂറല്ല എന്ന് പറയുകയാണ് സമീറ.

‘പ്രസവശേഷം കരീന കപൂറിനെപ്പോലെ സെക്‌സിയായി തിരിച്ചെത്തുന്നവരുണ്ട്. പക്ഷേ പഴയ രൂപം വീണ്ടെടുക്കാന്‍ സമയമെടുക്കുന്നവരുമുണ്ട്, എന്നെപ്പോലെ. എല്ലാവരും കരീന കപൂര്‍ അല്ലല്ലോ’- സമീറ ചോദിക്കുന്നു.

ആദ്യ പ്രസവത്തിന് ശേഷം രൂപഭംഗി വീണ്ടെടുക്കാന്‍ നല്ല സമയമെടുത്തു. ഭാരം കുറക്കാന്‍ സമയമെടുത്തു. ഇതിനെയൊക്കെ ട്രോളുന്നവര്‍ക്ക് ലജ്ജയില്ലേ, ട്രോളുകള്‍ക്കുളള എന്റെ മറുപടി ഇതാണ്. എനിക്കൊരു സൂപ്പര്‍ പവറുണ്ട്. ഞാനൊരു കുഞ്ഞിന് ജന്മം നല്‍കുകയാണ്. സമീറ റെഡ്ഡി ട്രോളന്മാര്‍ക്ക് മറുപടിയായി പറഞ്ഞു.

2016 ഡിസംബറിലാണ് കരീന കപൂര്‍ തൈമൂറിന് ജന്മം നല്‍കിയത്. ഗര്‍ഭകാലത്ത് മോഡലിങ് രംഗത്ത് സജീവമായിരുന്നു കരീന. പ്രസവശേഷം വളരെപ്പെട്ടെന്ന് വ്യായാമത്തിലൂടെ പഴയ രൂപത്തില്‍ കരീന മടങ്ങിയെത്തി. അതോടെ താരത്തിനെതിരേ ട്രോളുകളും വിമര്‍ശനങ്ങളും ശക്തമായി. വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ സിനിമയില്‍ സജീവമാകാനൊരുങ്ങിയ താരത്തിന് കുഞ്ഞിനെ നോക്കാതെ അമ്മയെന്ന സ്ഥാനം മറന്ന് നടക്കുന്നവള്‍ എന്ന ആക്ഷേപങ്ങള്‍ നേരിടേണ്ടി വന്നു.

അമ്മയാണെന്നും വസ്ത്രധാരണത്തിൽ ശ്രദ്ധിക്കണമെന്നും ചിലർ ഉപദേശിച്ചു. ഇത്തരം വിമർശങ്ങളോട് കരീന പ്രതികരിച്ചത് ഇങ്ങനെ; ഒരു സ്ത്രീ അവള്‍ക്കിഷ്ടമുള്ള ജീവിതമാണ് നയിക്കേണ്ടത്. ഭയമില്ലാതെ ആത്മവിശ്വാസമില്ലാതെ വേണം ജീവിക്കാൻ. എന്റെ ജീവിതമന്ത്രം അതാണ്”. പ്രസവശേഷം ഭാരം കൂടിയതിനാൽ തനിക്ക് പകരം മറ്റാരെയെങ്കിലും ചിത്രത്തില്‍ ഉൾപ്പെടുത്തണമെന്ന് കരീന ആവശ്യപെട്ടിരുന്നു. എന്നാൽ തന്റെ ഭര്‍ത്താവ് സെയ്ഫാണ് പഴയ പോലെ രൂപഭംഗി വീണ്ടെടുത്ത് സിനിമയില്‍ സജീവമാകാന്‍ പ്രചോദനം നല്‍കി കൂടെ നിന്നതെന്നും കരീന വെളിപ്പെടുത്തി.