നടി ഷംനാ കാസിം വിവാഹിതയാവുന്നു

0

നടി ഷംന കാസിം വിവാഹിതയാവുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെ ഷംന തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കുടുംബത്തിന്‍റെ അനുഗ്രഹത്തോടെ ജീവിതത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷാനിദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഷംന കുറിച്ചു.

സിനിമ, ടിവി മേഖലയിലെ നിരവധി സുഹൃത്തുക്കള്‍ ഷംനയ്ക്ക് ആശംസകളുമായി പോസ്റ്റിന് കമന്‍റ് ചെയ്യുന്നുണ്ട്. പേളി മാണി, ലക്ഷ്മി നക്ഷത്ര, റിമി ടോമി, ശില്‍പ ബാല. കനിഹ, സ്വാസിക വിജയ്, പാരീസ് ലക്ഷ്മി എന്നിവരൊക്കെ അക്കൂട്ടത്തിലുണ്ട്.

കണ്ണൂര്‍ സ്വദേശിനിയായ ഷംന നൃത്ത വേദികളിലൂടെയും ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയുമാണ് ശ്രദ്ധ നേടുന്നത്. കമലിന്‍റെ സംവിധാനത്തില്‍ 2004ല്‍ പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലൂടെയാണ് സിനിമാ അരങ്ങേറ്റം. ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് 2007ലാണ് തെലുങ്ക് സിനിമയിലെ അരങ്ങേറ്റം.

മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍റാമാണ്ട് എന്ന ചിത്രത്തിലൂടെ തൊട്ടടുത്ത വര്‍ഷം തമിഴിലും അരങ്ങേറ്റം കുറിച്ചു. പിന്നീട് കന്നഡയിലും ചിത്രങ്ങള്‍ ചെയ്‍തു. പൂര്‍ണ എന്ന പേരിലാണ് മറുഭാഷകളില്‍ ഷംന അറിയപ്പെടുന്നത്. ജോസഫിന്‍റെ തമിഴ് റീമേക്ക് ആയ വിസിത്തിരന്‍ ആണ് ഷംനയുടേതായി അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.