മലയാളി ബോളിവുഡ് ഗായകൻ കെകെ അന്തരിച്ചു

0

കൊൽക്കത്ത: പ്രശസ്തനായ മലയാളി ബോളിവുഡ് ഗായകൻ കെ. കെ അന്തരിച്ചു. 53 വയസായിരുന്നു. കൃഷ്ണകുമാർ കുന്നത്ത് എന്നാണ് യഥാർത്ഥ പേര്. കൊൽക്കത്തയിലെ സംഗീത പരിപാടി അവതരണത്തിന് പിന്നാലെയാണ് മരണം.

കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു.

മരണകാരണം വ്യക്തമായിട്ടില്ല. രാത്രി 10.30 ഓടെയാണ് ആശുപത്രിയിൽ എത്തുന്നത്. ഗോവണിപ്പടിയിൽ നിന്നും വീണതിനെത്തുടർന്ന് അദ്ദേഹത്തിന് ചില പരുക്കുകൾ ഉണ്ടായതായി റിപ്പോർട്ടുണ്ട്.

മരണവാർത്ത പുറത്തുവരുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ പ്രകടനത്തിന്റെ ദൃശ്യങ്ങൾ കെ കെ സമൂഹ മാധ്യമത്തിലൂടെ പങ്കിട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി.

തൃശൂർ സ്വദേശികളായ മലയാളി ദമ്പതികളായ സി എസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡൽഹിയിലാണ് കൃഷ്ണകുമാർ കുന്നത്ത് ജനിച്ചത്. ഡൽഹിയിലെ മൗണ്ട് സെന്റ്‌ മേരീസ് സ്കൂളിലാണ് പഠനം. ജ്യോതി കൃഷ്ണയാണ് ഭാര്യ. നകുൽ കൃഷ്ണയാണ് മകൻ.