തീരത്ത് മണലിൽ മുത്തമിട്ടു കിടന്ന ആ കുഞ്ഞിന്റെ ചിത്രം ലോകത്തെ കരയിപ്പിച്ചു തുടങ്ങിയിട്ട് മൂന്ന് വര്ഷം; അയിലാന്‍ കുര്‍ദ്ദിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് മൂന്നാണ്ട്

0

സെപ്റ്റംബർ 2, 2015 ലാണ് ആ ചിത്രം ലോകത്തെ കരയിപ്പിച്ചു തുടങ്ങിയത്. അഭയാര്‍ഥികളുടെ ദുരിതജീവിതത്തിന്റെ നേര്‍ചിത്രമായി പിന്നയത് മാറി. അത്രമാത്രം ആ കുഞ്ഞുമുഖം നമ്മെ വേദനിപ്പിച്ചു. ഇന്നേക്ക് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലോക മനസാക്ഷിയെ മരവിപ്പിച്ച ആ സംഭവവും ചിത്രവും പുറത്തുവന്നത്. തുര്‍ക്കിയിലെ കടല്‍ത്തീരത്ത് കമിഴ്ന്ന് കിടക്കുന്ന മൂന്നു വയസ്സുകാരന്‍ അയിലാന്‍ കുര്‍ദ്ദി.

2015 സെപ്തംബർ 2 ന് പുലരിയിൽ തുർക്കിയിലെ ബ്രോഡം തീരത്ത് മണലിൽ മുത്തമിട്ടു കിടന്ന ആ കുഞ്ഞിനെ ആദ്യം കണ്ടത് മെഹ് മദ് സിപ്ലക് എന്ന പോലീസുകാരനായിരുന്നു.ജീവനുണ്ടാകണേ എന്ന പ്രാർത്ഥനയോടെ ഓടി ചെന്ന് അദ്ദേഹം മൂന്ന് വയസ് പ്രായമുള്ള ആ കുഞ്ഞു ശരീരം വാരിയെടുത്തു.ചേതനയറ്റ ശരീരമാണെന്നറിഞ്ഞ ആ പോലീസ്കാരന്റെ ഹൃദയം തകർന്ന നിമിഷങ്ങൾ.പിറ്റേന്ന് ലോകത്തുള്ള പത്രങ്ങളിൽ ആ ചിത്രം പ്രത്യക്ഷപ്പെട്ടു.

ചിത്രം കണ്ട ലോകത്തെമ്പാടുള്ള ജനങ്ങൾ ഐലന് വേണ്ടി കണ്ണീർ പൊഴിച്ചു.ചിലർ കാണാനാവാതെ കണ്ണുപൊത്തി.
നിലുഫർ ഡെമിർ എന്ന 29കാരിയുടെ ക്യാമറയിൽ പതിഞ്ഞ ആ ചിത്രം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചർച്ചയായി.ഐലന്റ ചിത്രം ലോകത്തെ ഉണർത്തിയപ്പോൾ അധികം അകലെയല്ലാതെ അവന്റെ ജ്യേഷ്ഠൻ അഞ്ചു വയസുകാരൻ ഗലിപും കരക്കടിഞ്ഞിരുന്നു. അതിനുമപ്പുറത്തെ തീരത്ത് ഇരുവരുടേയും അമ്മ റീഹാന്റെയും.തുർക്കിയിൽ നിന്ന് മെഡിറ്ററേനിയൻ കടൽ കടന്നാൽ ഗ്രീക്ക് തീരമണിയാം.അവിടെ നിന്ന് യൂറോപ്യൻ രാജ്യങ്ങളിൽ മെച്ചപ്പെട്ട ജീവിതം സ്വപ്നം കണ്ടാണ് ഓരോ അഭയാർത്ഥിയും കടൽ കടക്കുന്നത്.സിറിയൻ തലസ്ഥാനമായ ഡമാസ്കസിൽ ബാർബറായിരുന്നു അബ്ദുള്ള കുർദി.

സിറിയന്‍ ആഭ്യന്തര കലാപത്തില്‍നിന്ന് പ്രാണരക്ഷാര്‍ദ്ദം ഓടി മറുകര പിടിക്കാന്‍ നോക്കിയ കുടുംബത്തിലെ അംഗമായിരുന്നു കുര്‍ദ്ദിയും. സിറിയയിലെ കൊബാനി എന്ന സ്ഥലമായിരുന്നു അയിലാന്റെ സ്വഭവനം. യൂറോപ്പിലേക്ക് കടക്കാന്‍ ശ്രമിക്കവെയാണ് സഞ്ചരിച്ചിരുന്ന നൗക മുങ്ങി അയ്‌ലാന്‍ മരിച്ചതും മൃതദേഹം കരയ്ക്ക് അടുത്തതും. രണ്ട് ബോട്ടുകളിലായിട്ടായിരുന്നു ഇവരുടെ യാത്ര. അയ്ലന്റെ ബോട്ടില്‍ 20 പേരുണ്ടായിരുന്നു. ബോട്ട് മുങ്ങിയപ്പോള്‍ 12 പേര്‍ മരിച്ചു. അതില്‍ അഞ്ച് പേര്‍ കുട്ടികളായിരുന്നു. 

ഗ്രീക്ക് ദ്വീപായ കോസില്‍ എത്തി മനുഷ്യക്കടത്ത് ഏജന്റുകള്‍ക്ക് പണം നല്‍കി ജര്‍മ്മനിയില്‍ എത്തുക എന്നതായിരുന്നു അയ്‌ലാന്റെ പിതാവ് അബ്ദുള്ള കുര്‍ദ്ദിയുടെ ലക്ഷ്യം. എന്നാല്‍ കടല്‍ പ്രക്ഷുബ്ദമായപ്പോള്‍ ബോട്ട് തകര്‍ന്നു. ബോട്ടിന്റെ അവശിഷ്ടങ്ങളില്‍ പിടിച്ചുകിടന്ന് അബ്ദുള്ള രക്ഷപ്പെട്ടെങ്കിലും തന്റെ ഭാര്യയും മക്കളും മരണത്തിന്റെ ആഴങ്ങളിലേക്ക് താഴ്ന്ന് പോകുന്നത് നോക്കി നില്‍ക്കാനെ ഇയാള്‍ക്കായുള്ളു. മെച്ചപ്പെട്ട ജീവിതം തേടി മറുകരയ്ക്ക് പോകുന്ന അനേകായിരം അഭയാര്‍ത്ഥികളുടെയും കുടിയേറ്റക്കാരുടെയും പ്രതിനിധിയാണ് അയിലാന്‍.

2011 മുതലാണ് സിറിയയിൽ കലാപം തുടങ്ങുന്നത്.ഡമാസ്കസിൽ നിന്ന് റീഹാന്റെ നാടായ കൊബാനിയിൽ താമസം മാറ്റിയെങ്കിലും സംഘർഷം അവിടെയുമെത്തി.തുടർന്ന് 2012ൽ പലരേയും പോലെ തുർക്കിയിലേക്ക് പലായനം ചെയ്തു.തുടർന്ന് ഇസ്താംബൂളിലേക്ക് നീങ്ങിയ അബ്ദുള്ള ചെറിയ തൊഴിലുകളിൽ ഏർപ്പെട്ടെങ്കിലും ഭാര്യയേയും മക്കളേയും പട്ടിണിയില്ലാതെ നോക്കാന്‍ കഴിയാതെ വന്നു.’എന്റെ മക്കളെ മനുഷ്യരെപ്പോലെ വളർത്താൻ ഞാൻ ആഗ്രഹിച്ചു.അവരെ പിടിച്ചു നിർത്താൻ എല്ലാ ശക്തിയും പ്രയോഗിച്ചു.പക്ഷേ എനിക്കതിന് കഴിഞ്ഞില്ല. എന്റെ പ്രിയപ്പെട്ടവരെ ഞാൻ മരണത്തിലേക്ക് നയിച്ചെന്ന് മരിക്കും വരെ എന്നെ കുറ്റപ്പെടുത്തും.’ സംഭവത്തിനു ശേഷം അബ്ദുള്ളയുടെ വാക്കുകളാണിത്.