പ്രവാസികള്‍ക്ക് ആശ്വാസം; താമസ വിസ പുതുക്കാനുളള ഫീസ് ഒഴിവാക്കി ബഹ്‌റൈന്‍

0

മനാമ: ഇന്ത്യക്കാരുള്‍പ്പെടെയുളള പ്രവാസികള്‍ക്ക് ആശ്വാസം. ബഹ്‌റൈനില്‍ താമസ വിസ പുതുക്കുന്നതിന് ഈ വര്‍ഷാവസാനം വരെ ഫീസ് ഈടാക്കില്ലെന്ന് അധികൃതര്‍. നിയമാനുസൃതമായി താമസിക്കുന്ന എല്ലാവരുടെയും താമസ വിസ സൗജന്യമായി പുതുക്കി നല്‍കും. തൊഴില്‍ വീസയിലുളളവര്‍ക്ക് 172 ബഹ്‌റൈന്‍ ദിനാറും ആശ്രിത വിസയിലുളളവര്‍ക്ക് 90 ദിനാറുമാണ് സാധാരണ ഈടാക്കാറുളളത്.

അതോടൊപ്പം, കാലാവധി കഴിഞ്ഞ സന്ദര്‍ശകവിസ മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടുമെന്ന് പബ്ലിക് സെക്യൂരിറ്റി ചീഫ് ലഫ്. ജനറൽ താരിഖ് അൽ ഹസൻ അറിയിച്ചു. ഇതിനായി പ്രത്യേക അപേക്ഷയോ ചാർജോ വേണ്ടതില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ചൊവ്വാഴ്ച ചേർന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. ബഹ് റൈനിൽ വിസിറ്റ് വിസയിലെത്തി കാലാവധിയെക്കുറിച്ച് ആശങ്കകൾ വെച്ചു പുലർത്തിയ നിരവധി പേർക്ക് ആശ്വാസകരമാകും.