എസ്‌ക്രീമിന്റെ രുചിയും, നീല നിറത്തിലുള്ള തൊലിയും; വൈറലായി ബ്ലൂ ജാവ വാഴപ്പഴം’

0

നമ്മള്‍ പല തരം വാഴപ്പഴങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ നീലനിറത്തിലെ തൊലിയുള്ള വാഴപ്പഴം കണ്ടിട്ടുണ്ടോ? സമൂഹമാധ്യമങ്ങളില്‍ കഴിഞ്ഞ ദിവസം മുതൽ വൈറലായിക്കൊണ്ടിരിക്കയാണ് ആകാശനീല നിറത്തിലെ പഴത്തൊലിയുമായി ഒരു വാഴക്കുല. ബ്ലൂ ജാവ ബനാന എന്നണ് ഈ വാഴപ്പഴം അറിയപ്പെടുന്നത്. കൗതുകകരമായ നീല നിറം മാത്രമല്ല, കഴിക്കുമ്പോഴുള്ള ഇതിന്റെ വ്യത്യസ്തമായ രുചിയെക്കുറിച്ചും ഒട്ടേറെ പോസ്റ്റുകളുണ്ടായിരുന്നു. നല്ല വനിലാ ഐസ്‌ക്രീമിന്റെ രുചിയാണത്രേ ഈ വാഴപ്പഴത്തിന്.

രാജ്യാന്തര ഇവന്‌റ് മാനേജ്‌മെന്‌റ് കമ്പനിയായ എഫ്എംആറിന്റെ ചെയര്‍മാന്‍ താം ഖൈ മെങ് ട്വിറ്ററില്‍ പങ്കുവച്ച ബ്ലൂ ജാവ ബനാനയുടെ ചിത്രങ്ങളാണു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. തുടര്‍ന്ന് പലരും ഈ അപൂര്‍വയിനം വാഴപ്പഴത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കിട്ടു. പല ചിത്രങ്ങളും ഒറിജിനലാണോ ഫോട്ടോഷോപ്പാണോ എന്നു സംശയമുണ്ടെങ്കിലും ബ്ലൂ ജാവ ബനാന എന്ന വാഴപ്പഴം യാഥാര്‍ഥത്തിലുണ്ടെന്നത് ഒരു വസ്തുതയാണ്. പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ അമേരിക്ക, ഹവായ് തുടങ്ങിയിടങ്ങളിലാണ് ഇവ കൃഷി ചെയ്യുന്നത്. 1920ല്‍ ഹവായിയിലെത്തിയ ഇവ അവിടെ വ്യാപകമായി കൃഷി ചെയ്യപ്പെട്ടു. അതിനാല്‍ തന്നെ ഹവായിയന്‍ ബനാന എന്നും ഇതിനു പേരുണ്ട്. ഐസ്‌ക്രീം ബനാന, നയെ മന്നന്‍, കാരി, കെന്‍ജി തുടങ്ങിയ പേരുകളിലും ഇതറിയപ്പെടുന്നു.

തെക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന ബല്‍ബിസിയാന, അക്യൂമിനാറ്റ എന്നീ വാഴകളുടെ സങ്കരയിനമാണത്രേ ബ്ലൂ ജാവ ബനാന. പഴത്തൊലിയിലെ പ്രത്യേക മെഴുകുപാളിയാണ് ഇവയ്ക്ക് നീല നിറം നല്‍കുന്നത്. പഴം പഴുത്തു മൂക്കുന്നതിനൊപ്പം ഈ നീലനിറം പതിയെ മാഞ്ഞു തുടങ്ങുമെന്നും കര്‍ഷകര്‍ പറയുന്നു. തൊലിക്കകത്തുള്ള ദശയ്ക്ക് വാനിലയുടെ ഏകദേശ രുചിയാണ്. സാധാരണ വാഴപ്പഴങ്ങളേക്കാള്‍ കനമുള്ളവയാണ് ഈ പഴങ്ങള്‍. ഫൈബര്‍, മാന്‍ഗനീസ്, ഇരുമ്പ്, ഫോസ്ഫറസ്, സെലീനിയം തുടങ്ങിയ മൂലകങ്ങളാല്‍ സമ്പന്നവുമാണ് ബ്ലൂ ജാവ ബനാന.

ഐസ്‌ക്രീം രുചി കാരണം ഹവായിയിലും മറ്റും സ്മൂത്തികളിലും ഡെസേര്‍ട്ടുകളിലും കസ്റ്റര്‍ഡുകളിലുമെല്ലാം ഇതുപയോഗിക്കുന്നുണ്ട്. ബ്ലൂ ജാവ വാഴകള്‍ക്ക് 14 അടി വരെ പൊക്കമുണ്ടാകും. ഒന്‍പതു മാസങ്ങള്‍ക്കുള്ളില്‍ കായ്ക്കുകയും ചെയ്യും. പൊതുവേ ഉഷ്ണമേഖലയില്‍ വളരാനിഷ്ടപ്പെടുന്ന വാഴച്ചെടികളില്‍ നിന്ന് അല്‍പം വ്യത്യസ്തനാണ് ബ്ലൂ ജാവ ബനാന. തണുത്ത താപനിലയെയും അതിജീവിക്കാന്‍ ഇവയ്ക്കു കഴിയും. യുഎസിലെ അരിസോണ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തോട്ടകൃഷിയായും പൂന്തോട്ടമരമായും ഈ വാഴകളെ വളര്‍ത്തുന്നുണ്ട്.

വേറെയും വ്യത്യസ്ത നിറങ്ങളില്‍ വാഴപ്പഴങ്ങള്‍ കാണപ്പെടാറുണ്ട്. കട്ടിപ്പുറന്തോടും നിറയെ കുരുക്കളുമുള്ള വൈല്‍ഡ് ബനാന, ഓറഞ്ച് ബനാന, സലാഡ് വെള്ളരിയുടെ പോലെ വരകളുള്ള തോലുള്ള എയ്എയ് ബനാന, കറുത്ത തോലുള്ള ബ്ലാക്ക് ബനാന. പിങ്ക് ബനാന എന്നിവയെല്ലാം ഇക്കൂട്ടത്തിലുണ്ട്. എന്നാല്‍ ലോകത്തെ ഏറ്റവും അപൂര്‍വമായ വാഴപ്പഴം ഇതൊന്നുമല്ല. ആഫ്രിക്കന്‍ ദ്വീപരാജ്യമായ മഡഗാസ്‌കറിലെ കാടുകളില്‍ കാണപ്പെടുന്ന മഡഗാസ്‌കര്‍ ബനാനയാണ് ആ പേരിനുടമ. വംശനാശ ഭീഷണി നേരിടുന്ന സസ്യങ്ങളുടെ കൂട്ടത്തിലാണ് ഈ വാഴച്ചെടിയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.