ഇത് കഴിച്ചു ഞങ്ങള്‍ എങ്ങനെ പത്ത് മണിക്കൂര്‍ ജോലി ചെയ്യും?; അതിര്‍ത്തി കാക്കുന്ന സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍

0

അതിര്‍ത്തിയില്‍ ജോലിയെടുക്കുന്ന സൈനികര്‍ നേരിടുന്ന ദുരിതങ്ങള്‍ വിശദീകരിച്ച് ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍. കശ്മീരിലെ സീമാ സുരക്ഷാ ബാല്‍ ബറ്റാലിയനിലെ ജവാന്‍ തേജ് ബഹദൂര്‍ യാദവ് ആണ് സൈനികരുടെ ദുരിതജീവിതം വീഡിയോയിലൂടെ രാജ്യത്തെ അറിയിച്ചിരിക്കുന്നത്. പലപ്പോഴും കാവല്‍ നില്‍ക്കുന്നത് വിശപ്പു സഹിച്ച് കാലിവയറോടു കൂടിയാണെന്നും, ലഭിക്കുന്ന ഭക്ഷണം ഗുണനിലവാരമില്ലത്തതാണെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വീഡിയോയില്‍ പറയുന്നു.

”ഈ പരിപ്പ്കറിയില്‍ മഞ്ഞളും ഉപ്പും മാത്രമേ ഉള്ളൂ. ഒരു രുചിയുമില്ല. പത്ത് ദിവസമായി ഇതേ ഭക്ഷണമാണ് ഞങ്ങള്‍ക്ക് ലഭിക്കുന്നത്. ഈ ഭക്ഷണം കഴിച്ചിട്ട് ഒരു ബിഎസ്എഫ് ജവാന്‍ പത്ത് മണിക്കൂര്‍ നേരം ജോലി ചെയ്യാന്‍ കഴിയുമോ?” എന്ന് അദ്ദേഹം ചോദിക്കുന്നു.

മോശം ഭക്ഷണം കഴിക്കേണ്ടി വരുന്ന തങ്ങളുടെ ഗതികേടിന് മുതിര്‍ന്ന ഉദ്യോഗസ്ഥരെയാണ് സൈനികന്‍ കുറ്റപ്പെടുത്തുന്നത്. സൈനികര്‍ക്കുള്ള അവശ്യസാധനങ്ങള്‍ ഉദ്യോഗസ്ഥര്‍ വിപണിയില്‍ മറിച്ചു വില്‍ക്കുകയാണെന്ന് സൈനികന്‍ ആരോപിക്കുന്നു.വീഡിയോ പോസ്റ്റ് ചെയ്ത ശേഷം താന്‍ ജീവനോടെ ഉണ്ടാകുമോ എന്ന് ഉറപ്പില്ലെന്നും സൈനികന്‍ പറയുന്നു.

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. അവര്‍ക്ക് എന്തുവേണമെങ്കിലും ചെയ്യാന്‍ സാധിക്കും. സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണത്തെക്കുറിച്ച് മാധ്യമങ്ങള്‍ വാര്‍ത്തയാക്കണം. എങ്കിലേ സര്‍ക്കാരിന് തങ്ങളുടെ അവസ്ഥ മനസിലാകൂ. ‘ജയ് ഹിന്ദ്’ എന്ന് പറഞ്ഞാണ് ജവാന്‍ വീഡിയോ സൈന്‍ ഓഫ് ചെയ്യുന്നത്.വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ബിഎസ്എഫിന് നിര്‍ദേശം നല്‍കിയതായും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്ററിലൂടെ പറഞ്ഞു.