വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്

0

ഗായിക വൈക്കം വിജയലക്ഷ്മി ഇനി കാഴ്ചയുടെ ലോകത്തേക്ക്.ഗായിക വിജയലക്ഷ്മിക്ക് കാഴ്ച കുറേശ്ശേ തിരിച്ചു കിട്ടിയതായി ചികിത്സിക്കുന്ന ഡോക്ടര്‍ ദമ്പതികളായ ശ്രീകുമാറും ശ്രീവിദ്യയും അറിയിച്ചു. ഇപ്പോള്‍ പ്രകാശം തിരിച്ചറിയാന്‍ സാധിക്കുന്നു. വളരെ അടുത്തുള്ള വസ്തുക്കളെ നിഴല്‍പോലെ കാണാനും സാധിക്കുന്നുണ്ട്. ഏകദേശം പത്തുമാസം നീണ്ടുനിന്ന ചികിത്സയ്ക്കൊടുവിലാണ് വിജയലക്ഷ്മി പ്രകാശത്തെ തിരിച്ചറിഞ്ഞു തുടങ്ങിയതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഹോമിയോ ഡോക്ടര്‍മാരായ ശ്രീകുമാറും ശ്രീവിദ്യയും സ്വയം വികസിപ്പിച്ചെടുത്ത ചികിത്സാവിധിപ്രകാരമുള്ള ചികിത്സയാണ് 10 മാസത്തെ കാലയളവിൽ വിജയലക്ഷ്മിക്ക് നല്‍കിയത്.

അധികം വൈകാതെ തൻ ലോകത്തെ കാണും എന്നുള്ള ആത്മവിശ്വാസത്തിലാണ് വിജയലക്ഷ്മി. കാഴ്ച കിട്ടിയാൽ ആദ്യം അച്ഛനെയും അമ്മയെയും കാണണം. ഇതുവരെ കൈപിടിച്ച് നടത്തിയ അവരെ കൺകുളിർക്കെ കാണണം. പിന്നെ സംസാരത്തിലൂടെ മാത്രം അറിഞ്ഞ കഴുത്തിൽ താലി ചാർത്താൻ പോകുന്നയാളെ കാണണം. പ്രതീക്ഷയുടെ ലോകത്താണ് വിജയലക്ഷ്മി. പൂർണ്ണമായും കാഴ്ച കിട്ടുന്ന സുദിനത്തിനായി വിജയലക്ഷ്മിയും കുടുംബവും കാത്തിരിക്കുന്നു.

സംഗീതത്തിലുള്ള ജ്ഞാനം കൊണ്ടും വ്യത്യസ്തമായ സ്വരംകൊണ്ടും ശ്രദ്ധേയയായ പ്രതിഭയാണ് വിജയലക്ഷ്മി. ഗായത്രി വീണയെന്ന സംഗീതോപകരണം വായിക്കുന്നതിലുള്ള പ്രാഗത്ഭ്യവും വിജയലക്ഷ്മിയെ വ്യത്യസ്തയാക്കി. കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തില്‍ ആദരം നേടിയ വിജയലക്ഷ്മി തൊട്ടടുത്ത വര്‍ഷം ഒറ്റയ്ക്കു പാടുന്ന പൂങ്കുയിലേ എന്ന പാട്ടിലൂടെ മികച്ച ഗായികയുമായി. ബാഹുബലി അടക്കമുളള ബ്രഹ്മാണ്ഡ ചിത്രത്തില്‍ വരെ പാടി തെന്നിന്ത്യയില്‍ പ്രശസ്തയായി.