ഇരുള്‍ നിറഞ്ഞ ഒമ്പത്‌ അറകള്‍; . ഇടയ്‌ക്കു തളര്‍ന്നുപോയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു…..

0

ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട തായ്‌ലന്‍ഡ്‌ ഗുഹയിലെ രക്ഷാപ്രവര്‍ത്തനത്തെ രക്ഷാസംഘത്തിലെ അംഗമായ ഡെറിക്‌ ആന്‍ഡേഴ്‌സണ്‍ തന്റെ അനുഭവത്തെ വിശേഷിപ്പിച്ചത്‌  “ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന രക്ഷാദൗത്യം” എന്നാണു. ഒട്ടും വെളിച്ചമില്ലാത്ത, വെള്ളം നിറഞ്ഞ ഒമ്പതോളം അറകളുള്ള ഗുഹയില്‍ നിന്നും കുട്ടികളെയും കോച്ചിനെയും രക്ഷപ്പെടുത്തിയത് അത്രത്തോളം അപകടകരമായ പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു.

കുട്ടികളുമായി ഇത്തരം ഓരോ അറയും മറികടക്കാന്‍ അരമണിക്കൂറിലേറെ വീതമാണെടുത്തത്‌. കുട്ടികളുമായി നാലു കിലോമീറ്റര്‍ താണ്ടുന്നതിനിടെ ചിലയിടങ്ങളില്‍ കുത്തനെയുള്ള, “ചതിക്കെണികളുള്ള” പാറക്കെട്ടിലൂടെ കയറുകയും ഇറങ്ങുകയും വേണ്ടിവന്നു. കുട്ടികളും അവരുടെ കോച്ചും അവിശ്വസനീയമാം വിധം മനോധൈര്യമുള്ളവരായിരുന്നെന്നും ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. ജപ്പാനിലെ ഒക്കിനാവ ആസ്‌ഥാനമായുള്ള യു.എസ്‌. വ്യോമസേനയില്‍നിന്നുള്ള വിദഗ്‌ധനാണ്‌ ആന്‍ഡേഴ്‌സണ്‍. രക്ഷാപ്രവര്‍ത്തനത്തിനായി ജൂണ്‍ 28 നു ഗുഹാമുഖത്ത്‌ എത്തിയപ്പോള്‍തന്നെ പ്രതിസന്ധികളും തുടങ്ങി. മേഖലയില്‍ മഴക്കാലമാണ്‌. ഞങ്ങള്‍ ഗുഹയിലേക്കു കയറുമ്പോള്‍ കാര്യമായി വെള്ളമില്ലായിരുന്നു. എന്നാല്‍, അരമണിക്കൂറിനുള്ളില്‍ 2-3 അടി ഉയരത്തില്‍ വെള്ളം നിറഞ്ഞു. ഗുഹാമുഖത്തായിരുന്നു ഇത്‌. ഇതോടെ കരുതിയതിനേക്കാള്‍ പ്രയാസകരമാകും ദൗത്യമെന്നു വ്യക്‌തമായി. കൂടുതല്‍ ദിവസം കുട്ടികളെ ഉള്ളില്‍നിര്‍ത്തുന്നത്‌ അപകടമാകുമെന്നു ബോധ്യമായതോടെതാണ്‌ ഉടന്‍ പുറത്തെത്തിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചത്‌. ബഡ്‌ഡി ഡൈവിങ്ങിലൂടെ കുട്ടികളെ രക്ഷിക്കാന്‍ ഇറങ്ങും മുമ്പ്‌ മുങ്ങല്‍ വിദഗ്‌ധര്‍ പ്രദേശത്തെ നീന്തല്‍ക്കുളത്തില്‍ പരിശീലനവും നടത്തി. ഗുഹയില്‍ കുടുങ്ങിയ കുട്ടികളുടെ തൂക്കവും ഉയരവുമുള്ള പ്രദേശവാസികളായ കുട്ടികളെ ഉപയോഗിച്ചായിരുന്നു പരിശീലനം. 

ദൗത്യത്തില്‍ ഏറ്റവും പ്രധാനം മുഖം മറയ്‌ക്കാണുള്ള പ്രത്യേക പ്രഷര്‍ മാസ്‌കായിരുന്നു. പുറത്തേക്കു നീന്തുന്നതിനിടെ കുട്ടിയുടെ മാസ്‌കിനുള്ളില്‍ വെള്ളം കയറിയാലും മര്‍ദംമൂലം അതു പുറത്തേക്കു കളയുന്ന തരത്തിലുള്ള മാസ്‌കാണു ധരിച്ചിരുന്നത്‌. ഈ രീതിയില്‍ ഗുഹയില്‍ നീന്തുമ്പോള്‍ ഒരു കയര്‍ കെട്ടേണ്ടിയിരിക്കുന്നു. അതാണ്‌ നിങ്ങളുടെ ജീവരേഖ. അകത്തേക്കുപോകുമ്പോള്‍ പുറത്തേക്കുള്ള വഴിയും ഉറപ്പാക്കണം. 40-50 മീറ്ററില്‍ കയര്‍ കെട്ടാന്‍ ആറു മണിക്കൂര്‍ വരെയാണെടുത്തത്‌ എന്നദ്ദേഹം പറയുന്നു.അങ്ങേയറ്റം സങ്കീര്‍ണമായിരുന്നു രക്ഷാദൗത്യം. ഇടയ്‌ക്കു തളര്‍ന്നുപോയിരുന്നെങ്കില്‍ ഫലം മറിച്ചാകുമായിരുന്നു, ആന്‍ഡേഴ്‌സണ്‍ പറയുന്നു. 

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.