സമാന്‍ കുനാന്‍, എക്കപോള്‍ ചാന്ദാവോങ്ങ്; ആ കുട്ടികളും അവരുടെ മാതാപിതാക്കളും ലോകവും എന്നും ഈ പേരുകള്‍ നന്ദിയോടെ ഓര്‍ക്കും

0

സമാന്‍ കുനാന്‍,  എക്കപോള്‍ ചാന്ദാവോങ്ങ്  ഈ പേരുകള്‍ ലോകം എന്നെന്നും ഓര്‍ത്തിരിക്കും. കുറഞ്ഞ പക്ഷം തായ് ഗുഹയില്‍ മരണത്തെ മുഖാമുഖം കണ്ട ആ കുട്ടികളും അവരുടെ മാതാപിതാക്കളുമെങ്കിലും ഈ പേരുകള്‍ കാലങ്ങള്‍ കഴിഞ്ഞാലും മറക്കില്ല. കാരണം ഈ രണ്ടുപേരും കഴിഞ്ഞ ദിവസങ്ങളില്‍ എല്ലാം ജീവിച്ചത് ആ പന്ത്രണ്ടു കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടിയായിരുന്നു. ഒരാള്‍ ജീവന്‍ വെടിഞ്ഞതു അവര്‍ക്ക് വേണ്ടിയാകുമ്പോള്‍ മറ്റൊരാള്‍ അവര്‍ക്ക് വേണ്ടി ജീവന്‍ പോലും വെടിയാന്‍ തയ്യാറായി സദാനേരവും കണ്ണിമചിമ്മാതെ ഇരുട്ട്മുറിയില്‍ അവര്‍ക്കൊപ്പം മനസാന്നിധ്യം വെടിയാതിരുന്നു.

ഇന്ന് തായ് ഗുഹയില്‍ നിന്നും എല്ലാവരും രക്ഷപെട്ടു എന്ന വാര്‍ത്ത കേള്‍ക്കുമ്പോള്‍ നീണ്ട പ്രാര്‍ഥനകള്‍ക്കും കണ്ണീരിനും ഫലം കണ്ടു തുടങ്ങിയതില്‍ ലോകം ആശ്വസിക്കുകയാണ്. രക്ഷാ ദൗത്യം വിജയിച്ച് മുന്നേറുമ്പോള്‍ ലോകം നന്ദിയോടെ സ്മരിക്കുന്നത് രക്ഷാദൗത്യത്തില്‍ പങ്കാളിയായി രക്തസാക്ഷിയായ ഉദ്യോഗസ്ഥനെയാണ്. ലോകം ഉറ്റുനോക്കിയ രക്ഷാദൗത്യത്തിനിടയില്‍ ജീവന്‍ വെടിഞ്ഞ സമാന്‍ കുനാന്‍ എന്ന വിമുക്ത നേവി ഉദ്യോഗസ്ഥനെയാണ്. ഗുഹാമുഖത്തിന് 1.5 കിലോമീറ്റര്‍ മാത്രം ഉള്ളില്‍ വച്ചായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന ഡ്രൈവിങ് ബഡി ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ദിവസങ്ങള്‍ക്ക് മുന്‍പാണ് രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ജീവവായു കിട്ടാതെ അദ്ദേഹം മരണപ്പെടുന്നത്. കുട്ടികള്‍ക്ക് ഓക്‌സിജന്‍ സിലണ്ടറുകള്‍ എത്തിച്ച് മടങ്ങുമ്പോഴായിരുന്നു ദുരന്തം ആ ധീരനെ തേടിയെത്തിയത്. സുരക്ഷിതസ്ഥലം എന്ന് വിശേഷിപ്പിക്കുന്ന ചേമ്പര്‍3യിലേക്ക് എത്താനുള്ള ശ്രമത്തിനിടയിലാണ് ഓക്‌സിജന്‍ കുറവ് മൂലം അദ്ദേഹത്തിന് പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ടത്. കുട്ടികള്‍ക്ക് പ്രാണവായു നല്‍കി മടങ്ങുമ്പോള്‍ അതെ പ്രാണവായുവിന്റെ കുറവുമൂലം രക്തസാക്ഷിത്വം വരിച്ച ജവാന് ലോകം ആദരമര്‍പ്പിക്കുകയാണ്.

 ഗുഹയില്‍ കുടുങ്ങിയ കുട്ടികള്‍ക്ക് വെളിച്ചമായത് പരിശീലകന്റെ മന: സാന്നിധ്യം ഒന്ന് മാത്രമാണ് എന്ന് ലോകം മുഴുവന്‍ ഇന്ന് പറയുകയാണ്‌. വായു സഞ്ചാരം വളരെ കുറവായ താം ലാവോങ് ഗുഹയില്‍ മനസ്സാന്നിധ്യത്തോടെ 12 കുട്ടികളെയും കോച്ചായ എക്കപോള്‍ ചാന്ദാവോങ്ങ് എന്ന 26 കാരന്‍  ചേര്‍ത്ത് പിടിക്കുകയായിരുന്നു. അവര്‍ക്ക് ആത്മവിശ്വാസം പകരാന്‍ എക്കപോള്‍ ചാന്ദാവോങ്ങ് ഇല്ലായിരിന്നെങ്കില്‍ കഥ മറ്റൊന്നായേനെയെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്.

ജൂണ്‍ 23നാണ് സീനിയര്‍ കോച്ച് ചാന്ദാവോങ്ങിനെ വിളിച്ച് വളരെ പ്രധാനപ്പെട്ട ഉത്തരവാദിത്വം ഏല്‍പ്പിച്ചത്. വൈല്‍ഡ് ബോര്‍ എന്ന് പേരുള്ള ജൂനിയര്‍ ഫുട്‌ബോള്‍ ടീമുമായി തായ്‌ലാന്‍ഡ് മ്യാന്മാര്‍ അതിര്‍ത്തിയിലുള്ള ദോയി നാങിലേക്ക് പോകാനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. അവിടെ ഗുഹയ്ക്ക് സമീപമുള്ള മൈതാനത്ത് കുട്ടികളെ പരിശീലിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഇത് പതിവുള്ള പരിശീലനമായിരുന്നു. കുട്ടികളെ നന്നായി ശ്രദ്ധിക്കണമെന്നും എവിടെയെങ്കിലും പോകാന്‍ അവരുടെ പിന്നാലെ തന്നെ ഉണ്ടാവണമെന്നും ആവശ്യമെങ്കില്‍ അവരെ ശ്രദ്ധിക്കാന്‍ മുതിര്‍ന്ന കുട്ടികളെ വിട്ടുനല്കാമെന്നും സീനിയര്‍ കോച്ച് ചാന്ദാവോങ്ങിനെ അറിയിച്ചിരുന്നു.

എല്ലാ തവണയും ഫുട്‌ബോള്‍ പരിശീലനത്തിന് ശേഷം കുട്ടികള്‍ താം ലാവോങ് ഗുഹയില്‍ കയറാറുണ്ടായിരുന്നു. ഇത്തവണ അവര്‍ കൂടുതല്‍ ഉള്ളിലേക്ക് പോയി. എന്നാല്‍, അപ്രതീക്ഷിതമായി പെയ്ത കനത്ത മഴയില്‍ ഗുഹാ കവാടമിടിഞ്ഞ് പ്രവേശന ദ്വാരം അടയുകയും ഗുഹയ്ക്കുള്ളില്‍ വെള്ളപ്പൊക്കമുണ്ടാകുകയും ചെയ്തു. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കുട്ടികള്‍ കൂടുതല്‍ ഉള്ളിലേക്ക് പോയി. പിന്നിട്ട ദൂരം അറിയാതെയായിരുന്നു അവരുടെ യാത്ര. അപ്രതീക്ഷിതമായി പെയ്ത മഴയും ഗുഹയിലെ വെള്ളം ഉയര്‍ന്നതും ഇവരുടെ തിരിച്ചുവരവ് അസാധ്യമാക്കുകയായിരുന്നു. 

ഗുഹയില്‍ കുടുങ്ങിയ ഇവരെ കണ്ടെത്തുന്നതിന് മുമ്പുള്ള ഒമ്പത് ദിവസങ്ങളായിരുന്നു ചാന്ദാവോങ്ങിന്റെ മനസാന്നിധ്യം നിര്‍ണായകമായത്. പ്രതീക്ഷ കൈവിടാനനുവദിക്കാതെ കുട്ടികളെ ജീവിതത്തോട് ചേര്‍ത്തുപിടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.പത്താം വയസില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട ചാന്ദാവോങ്ങ് തന്റെ മുത്തശ്ശിക്കൊപ്പമാണ് ബാല്യകാലം ചെലവിട്ടത്.കൗമാരത്തിലേക്ക് കടന്നതിന് പിന്നാലെ ചാന്ദാവോങ്ങ് സന്ന്യാസത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. എന്നാല്‍, മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം സന്ന്യാസ ജീവിതം ഉപേക്ഷിച്ചു. പിന്നീട് ഇപ്പോഴത്തെ സീനിയര്‍ കോച്ചിനൊപ്പം ചേര്‍ന്ന് ഫുട്‌ബോള്‍ പരിശീലകനായി.കുട്ടികളെ ഗുഹയിലേക്ക് കൊണ്ടുപോയതിന് രക്ഷിതാക്കളോട് മാപ്പപേക്ഷിക്കുന്ന ചാന്ദാവോങ്ങിന്റെ കത്തും പുറത്തുവന്നിരുന്നു.