തിമിലവിദ്വാന്‍ ചോറ്റാനിക്കര വിജയന്‍മാരാര്‍ സിംഗപ്പൂര്‍ പൂരത്തില്‍…..

0

പഞ്ചവാദ്യമെന്ന വാദ്യോപകരണസംഗമകലയിലെ പ്രധാന ഉപകരണമാണ് തിമില.  ഇരു കൈകളും ഉപയോഗിച്ച് കൊട്ടുന്ന തിമിലയില്‍ നിന്നും “തോം”, “ത” എന്നീ രണ്ട് ശബ്ദങ്ങള്‍ മാത്രമേ പുറപ്പെടുവിക്കാന്‍ പറ്റുകയുള്ളൂ. എന്നിരുന്നാലും പഞ്ചവാദ്യത്തില്‍ തിമിലയ്ക്ക് പ്രഥമസ്ഥാനം തന്നെയാണ്. പഞ്ചവാദ്യമൊഴികെയുള്ള മറ്റു മേളങ്ങളിൽ തിമില സാധാരണയായി ഉപയോഗിക്കാറില്ല. പ്ലാവ് മരത്തിന്റെ കാതല്‍ കടഞ്ഞെടുത്താണ് തിമിലയുടെ കുറ്റി നിര്‍മ്മിക്കുന്നത്.  മദ്ധ്യഭാഗത്ത് വണ്ണംകുറഞ്ഞ്, രണ്ടറ്റത്തും വീതികൂടി, നീളത്തിലുള്ള  തിമിലയുടെ കുറ്റിയില്‍  കാളത്തോൽ കൊണ്ടോ പ്ലാസ്റ്റിക്ക് കൊണ്ടോ ഉണ്ടാക്കിയ വട്ടങ്ങൾ വാറിട്ടുമുറുക്കുന്നു. തിമിലയുടെ ഇരുഭാഗങ്ങളും ഒരേപോലെ ഉപയോഗിക്കാവുന്നതാണ്.

തിമിലവാദ്യതിന്റെ ഉല്‍പ്പത്തിയെക്കുറിച്ച്  ഒരു ഐതിഹ്യമുണ്ട്. കറതീര്‍ന്ന ശിവഭക്തനായിരുന്നു ശൂരപത്മാവ് എന്നൊരാള്‍. പരമശിവന്റെ കയ്യിലുള്ള “കടുംതുടി” എന്ന  ഇമ്പമുള്ള സ്വരം പുറപ്പെടുവിക്കുന്ന വാദ്യോപകരണം തനിക്കു കിട്ടിയാല്‍ കൊള്ളാമെന്ന് ശൂരപത്മാവ് ആഗ്രഹിച്ചു. അദ്ദേഹം മഹേശ്വരനെ തന്‍റെ ആഗ്രഹം ഉണര്‍ത്തിച്ചു. അതീവ ശക്തിയേറിയ കടുംതുടി. മറ്റാർക്കും സ്പര്‍ശിക്കാന്‍ പറ്റുമായിരുന്നില്ല. തന്‍റെ ഭക്തനെ നിരാശനാക്കാതെ, കടുംതുടിയുടെ അതേ ആകൃതിയിൽ മറ്റൊരു വാദ്യമുണ്ടാക്കിക്കൊണ്ടുവരാൻ മഹേശന്‍ അദ്ദേഹത്തോട് പറഞ്ഞു. അതുപ്രകാരം ശൂരപത്മാവ് നിർമിച്ചു കൊണ്ടുവന്ന വാദ്യത്തിന് പക്ഷെ കടുംതുടിയേക്കാൾ വലുപ്പമുണ്ടായിരുന്നു. കൂടാതെ, ശബ്ദമാധുര്യവും  കുറവായിരുന്നു. പരമശിവൻ തൃക്കൈകൊണ്ട് അതിൽ ഒരു സുഷിരമുണ്ടാക്കിയശേഷം ശൂരപത്മാവ്നോട് കൊട്ടിനോക്കാന്‍ പറഞ്ഞു. “തോം” എന്ന മധുരമായ ശബ്ദമാണ് അപ്പോള്‍ അതില്‍നിന്നും പുറത്തുവന്നത്. പരമസന്തുഷ്ടനായ മഹേശ്വരന്‍ ആ വാദ്യത്തിന് ധിമില എന്നു നാമകരണം ചെയ്ത് ശൂരപത്മാവിന് സമ്മാനിച്ചു.

തിമിലവാദനത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച് നാലു പതിറ്റാണ്ടുകളായി ഈ രംഗത്ത്‌ ശോഭിച്ചു നില്‍ക്കുന്ന അനുഗ്രഹീത കലാകാരനാണ് ചോറ്റാനിക്കര വിജയന്‍ മാരാര്‍. തിമിലതാളത്തിന്റെ അപൂര്‍വ ജതിമണ്ഡലങ്ങള്‍ തീര്‍ത്തുകൊണ്ട് സാംസ്കാരിക കേരളത്തിലെ വാദ്യപ്രേമികള്‍ക്ക് അപൂര്‍വ്വമായ സംഗീതാനുഭൂതികള്‍ സമ്മാനിച്ച വിജയന്‍മാരാര്‍, ചെണ്ട, തായമ്പക എന്നിവയിലും നിപുണനാണ്.

പരമ്പരാഗത വാദ്യകലാകുടുംബമായ എളയിടത്ത് പരമുമാരാരുടെയും സീത മാരസ്യാരുടെയും  മകനായി 1950ല്‍ ആണ് വിജയന്‍ മാരാര്‍ ജനിച്ചത്‌. വളരെ ചെറുപ്പത്തില്‍ തന്നെ, പിതാവില്‍ നിന്നും വാദ്യകലയുടെ ആദ്യപാഠങ്ങള്‍ ഗ്രഹിച്ച് അദ്ദേഹത്തിന്‍റെ സഹായിയായി വര്‍ത്തിച്ചു. പിന്നീട് പ്രശസ്തനായ ചോറ്റാനിക്കര നാരായണമാരാരുടെ ശിഷ്യനായി ചെണ്ട, തിമില, തായമ്പക എന്നിവയില്‍ പരിശീലനം നേടി. അധികം വൈകാതെ തന്‍റെ കര്‍മമേഖല തിരിച്ചറിഞ്ഞ വിജയന്‍മാരാര്‍ തിമിലവാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പ്രശസ്തമായ തൃശൂര്‍ പൂരത്തില്‍ പാറമേക്കാവ് എഴുന്നള്ളിപ്പില്‍ മേളക്കൊഴുപ്പേകി പതിറ്റാണ്ടുകളായി അദ്ദേഹം വാദ്യാസ്വാദകരെ ആവേശത്തില്‍ ആറാടിക്കുന്നു. തനിക്കു സിദ്ധമായ കഴിവുകള്‍ അടുത്ത തലമുറയിലേക്ക് കൈമാറാനും അതീവശ്രദ്ദാലുവായ വിജയന്‍മാരാര്‍ക്ക് ഇപ്പോള്‍ ഒരു വലിയ ശിഷ്യഗണം തന്നെയുണ്ട്‌.

നിസ്വാര്ഥമായ സംഗീതസപര്യയുടെ നേര്‍സാക്ഷ്യമായി നിരവധി പുരസ്ക്കാരങ്ങള്‍ക്ക് അദ്ദേഹം അര്‍ഹനായിട്ടുണ്ട്. കുഴൂര്‍ നാരായണമാരാര്‍ പുരസ്കാരം, കേരള മാരാര്‍സഭയുടെ “കലാചാര്യ” പുരസ്കാരം, സംഗീതനാടക ആക്കാദമിയുടെ “കലാശ്രീ” പുരസ്കാരം, പല ക്ഷേത്രങ്ങളില്‍നിന്നും സമിതികളില്‍ നിന്നുമായി ലഭിച്ച വീരശ്രിംഖലകള്‍ എന്നിവ അദ്ദേഹത്തിന്‍റെ കഴിവുകളും ഔന്നിത്യവും വിളിച്ചോതുന്നു.

നടാടെ ആഘോഷിക്കപ്പെടുന്ന “സിംഗപ്പൂര്‍ പൂരത്തില്‍” പഞ്ചവാദ്യത്തിന്റെ പ്രമാണിത്വം വഹിക്കുന്ന ചോറ്റാനിക്കര വിജയന്‍മാരാര്‍, ഇവിടുത്തെ സംഗീതപ്രേമികള്‍ക്കും  വാദ്യാ സ്വാദകര്‍ക്കും വേണ്ടി തൃപുടതാളത്തിന്റെ മാസ്മരികലോകങ്ങള്‍ തീര്‍ക്കുമെന്നതില്‍ സംശയമില്ല.