മാതാപിതാക്കളുടെ ഓർമയിൽ ക്ഷേത്രമൊരുക്കി മകൻ

0

കോയമ്പത്തൂർ: ഉദുമൽപേട്ടയ്ക്കു സമീപം ദീപാലപട്ടി ഗ്രാമത്തിൽ മാതാപിതാക്കളുടെ ഓർമയിൽ ക്ഷേത്രം നിർമിച്ചു മകൻ. ഇരുവരുടെയും അർധകായ വിഗ്രഹങ്ങളോടെയാണു ക്ഷേത്രം സ്ഥാപിച്ചത്. കോയമ്പത്തൂരിൽ സിവിൽ കൺസ്ട്രക്‌ഷൻ സ്ഥാപനം നടത്തുന്ന പുലിയകുളത്തെ ആർ.രമേശ്കുമാറാണ് (40) അച്ഛൻ എൻ.ആർ. മാരിമുത്തു, അമ്മ എം.ഭാഗ്യം എന്നിവരുടെ ഓർമയ്ക്കായി ക്ഷേത്രമൊരുക്കിയത്.

2019ൽ നിർമാണം പൂർത്തിയായി. തിരുമുരുകൻപൂണ്ടിയിലാണു വിഗ്രഹങ്ങൾ നിർമിച്ചത്. 1991ൽ, രമേശ് കുമാറിനു 10 വയസ്സുള്ളപ്പോഴാണു മാരിമുത്തു മരിച്ചത്. ഭാഗ്യമാണു മൂത്ത 5 സഹോദരിമാരെയടക്കം വളർത്തിയത്. 2001ൽ ഭാഗ്യവും മരിച്ചു. ക്ഷേത്രത്തിൽ പൂജാരിയെ നിയമിച്ചിട്ടുണ്ട്. കോവിഡ് കാരണം 2020 മുതൽ ക്ഷേത്രത്തിൽ ചടങ്ങുകൾ നടത്തിയിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ ലഭിച്ചതിനെത്തുടർന്നു കഴിഞ്ഞ 19ന് അന്നദാനമടക്കം വിവിധ പരിപാടികളോടെ ഉത്സവം നടത്തി. അതോടെയാണു ക്ഷേത്രം ശ്രദ്ധിക്കപ്പെട്ടത്.