എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനില ഗുരുതരം, തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

0

കോവിഡ് 19 ബാധിച്ച ഗായകൻ എസ് പി ബാലസുബ്രമണ്യത്തിന്റെ ആരോഗ്യനില മോശമായതായി മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ എംജിഎം ഹെൽത്ത്കെയർ ഹോസ്പിറ്റൽ ആണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന്‍റെ ആരോഗ്യ നില മോശമായത്. വെന്‍റിലേറ്റര്‍ സഹായത്തോടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമുള്ളത്. കഴിഞ്ഞ ഓഗസ്റ്റ് 5 നായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

തീവ്ര വൈറസ് ബാധയില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചെന്നും ആശുപത്രിയില്‍ നിന്നെടുത്ത വീഡിയോയിലൂടെ നേരത്തെ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഹോം ക്വാറന്റൈന്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും കുടുംബാംഗങ്ങളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇന്നലെ ആരോഗ്യ നില വഷളാവുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ബന്ധുക്കളും പ്രതികരിക്കുന്നത്.