സുഖമില്ലാത്ത കുഞ്ഞുമായി കയറിയ ഇന്ത്യക്കാരായ ദമ്പതികളെ പൈലറ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു; സിംഗപ്പൂര്‍ എയര്‍ലൈനിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈസിനെതിരെ പരാതി

0

സുഖമില്ലാത്ത കുഞ്ഞിനെ വിമാനത്തില്‍ കയറ്റാന്‍ കഴിയില്ലെന്ന് പറഞ്ഞ് മലയാളി ദമ്പതിമാരെ പൈലറ്റ് വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. സിംഗപ്പൂര്‍ എയര്‍ലൈനിന്റെ കീഴിലുള്ള സ്‌കൂട്ട് എയര്‍ലൈനിലാണ് സംഭവം.

സുഖമില്ലാത്ത അഞ്ചുവയസുകാരിയായ മകളേയും കൊണ്ട് കഴിഞ്ഞ ദിവസം സിംഗപൂരില്‍ നിന്നും വിമാനത്തില്‍ കയറിയ മലയാളി ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥ നേരിടേണ്ടി വന്നത്. അഞ്ചുവയസുള്ള മകളെയും കൊണ്ട് കഴിഞ്ഞദിവസം സിംഗപ്പൂരില്‍ നിന്നും വിമാനത്തില്‍ കയറിയ ദിവ്യ ജോര്‍ജിയെയും ഭര്‍ത്താവിനെയും ക്യാപ്റ്റന്റെ നേതൃത്വത്തില്‍ ഏറെ നേരം അധിക്ഷേപിച്ച ശേഷം ഇറക്കി വിടുകയായിരുന്നു. ദിവ്യ തന്റെ ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലൂടെയാണ് സംഭവം പുറം ലോകമറിയുന്നത്.

രാവിലെ 7.35ന് പുറപ്പെടേണ്ട വിമാനം മകളെ കയറ്റുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരു മണിക്കൂറായി വൈകുകയാണ്. സുഖമില്ലാത്ത മകളുമായി വിമാനത്തില്‍ നിന്ന് പുറത്തുപോകണമെന്നാണ് അവര്‍ പറയുന്നതെന്ന് ദിവ്യ സംഭവത്തിനിടയില്‍ ഇട്ട പോസ്റ്റില്‍ പറയുന്നു. 

മകള്‍ക്ക് അഞ്ചുവയസുണ്ടെങ്കിലും 8.5 കിലോ മാത്രമാണ് ഭാരം. ഇതിനിട 67 ആകാശ യാത്രകള്‍ നടത്തിയിട്ടുണ്ട്. ചെറിയ ആശങ്കകള്‍ പങ്കുവെയ്ക്കാറുണ്ടെങ്കിലും അവരെല്ലാം കാര്യങ്ങള്‍ മനസിലാക്കിയിരുന്നു. ഇത്തരമൊരു സംഭവം ആദ്യമാണെന്ന് ദിവ്യ പറയുന്നു.

ഗ്രൗണ്ട് സ്റ്റാഫിനോട് കുട്ടിയുടെ കാര്യം സംസാരിച്ചിരുന്നു. 9 കിലോയില്‍ കുറവായതിനാല്‍ അവള്‍ക്കു പ്രത്യേകം ടിക്കറ്റെടുക്കാറില്ല, മടിയിലാണ് മിക്കവാറും ഇരുത്താറുള്ളത്. എന്നാല്‍ ഇത്തവണ ടിക്കറ്റെടുത്തിരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ ക്യാപ്റ്റന്‍ ഞങ്ങളുടെ അടുത്തുവന്ന് കാര്യങ്ങല്‍ തിരക്കാറുണ്ട്. ഒറ്റയ്ക്ക് മോള്‍ക്ക് ഇരിക്കാനാകാത്തതിനാല്‍ കുഞ്ഞുങ്ങള്‍ക്കുള്ള സീറ്റ് ബെല്‍റ്റും അനുവദിക്കാറുണ്ട്. ഇത്തവണ കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല.

വിമാനത്തിനകത്തു കയറിയപ്പോള്‍ കുഞ്ഞിനെ ശ്രദ്ധിച്ച ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ബേബി ബെല്‍റ്റ് അനുവദിക്കാന്‍ ശ്രമിക്കാമെന്നും വാക്കു തന്നു. പെട്ടെന്നാണു സാഹചര്യം മാറിയത്. ഇതുപോലുള്ള കുഞ്ഞിനെയുമായി യാത്ര ചെയ്യാനാവില്ലെന്നു ക്യാപ്റ്റന്‍ ദയാദാക്ഷിണ്യമില്ലാതെ അറിയിച്ചു. അഗ്‌നിപരീക്ഷയുടെ 90 മിനിറ്റുകളിലൂടെയാണ് പിന്നീടു ഞങ്ങള്‍ കടന്നുപോയത്. മുഴുവന്‍ യാത്രക്കാരുടെയും ശ്രദ്ധ ഞങ്ങളിലേക്കായി. ഞങ്ങളുടെ ലഗേജ് പുറത്തിറക്കിയതായി പിന്നാലെ അറിയിപ്പു വന്നു. തൊട്ടുപിന്നാലെ ഞങ്ങള്‍ക്കും ഇറങ്ങേണ്ടി വന്നു.

സ്വന്തമായി സീറ്റുബെല്‍റ്റ് ധരിക്കാനാവാത്ത കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാനാവില്ലെന്ന് വിമാനത്തിലെ ക്യാപ്റ്റന്‍ പറയുമ്പോള്‍ എന്റെ ഹൃദയമാണു തകരുന്നത്. മോളുടെ എന്തെങ്കിലും തെറ്റുകൊണ്ടാണോ ഇങ്ങനെ സംഭവിച്ചത്? ഇനിയെന്താണു ചെയ്യേണ്ടതെന്ന് എനിക്കറിയില്ല എന്നാലും വിമാനയാത്ര നിര്‍ത്താന്‍ ഞാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ദിവ്യ പറയുന്നു. ചിലത് വ്യക്തമാക്കാനും പരിഹാസങ്ങള്‍ സഹിക്കാനാകാത്തതിനാലുമാണ് ഇത്രയെങ്കിലും പറയുന്നതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സ്‌കൂട്ട് എയര്‍ലൈന്‍സിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.