സൈന്യബലം ഏറെയുള്ള രാജ്യമാണ് നമ്മുടേത്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെ സ്ഥിതിയും അങ്ങനെയാണ്. എന്നാല്‍ സ്വന്തമായി ഒരു സൈന്യബലം പോലും ഇല്ലാത്ത രാജ്യങ്ങളെ കുറിച്ചു കേട്ടിട്ടുണ്ടോ?
രാജ്യത്തിന്റെ സംരക്ഷണത്തിനു സൈന്യം വേണമെന്ന ധാരണ പൊളിച്ചടുക്കിയ രാജ്യങ്ങളും ഉണ്ട്. അങ്ങനെ സമാധാനത്തിന്റെ സന്ദേശം എഴുതുന്ന ചില രാജ്യങ്ങളെ കുറിച്ചറിയാം.
അന്‍ഡോറ
പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് അന്‍ഡോറ. 450 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ രാജ്യത്തിന്റെ വിസ്തീര്‍ണം. പൈറീനെസ് പര്‍വ്വത നിരകള്‍ക്ക് സമീപത്തായി സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലായാണ് ഈ രാജ്യത്തിന്റെ സ്ഥാനം. ലോകത്തെ ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യമുള്ള ജനങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം അന്‍ഡോറക്കാണ്. നിങ്ങളെ വിസ്‍മയിപ്പിക്കുന്ന പ്രധാന കാര്യം, ഈ രാജ്യത്ത് നൂറ്റാണ്ടുകളായി സൈന്യമില്ലെന്നതാണ്. ക്രമസമാധാനപാലനത്തിന് പേരിന് ഒരു പൊലീസ് സേന മാത്രമാണുള്ളത്. ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളാണ് ഇവിടെ പൊലീസിനെയും അപ്രസക്തമാക്കുന്നത്.
ഐസ്‍ലാന്‍ഡ്
വടക്കന്‍ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്‍ലാന്‍ഡ്. ലോകത്തെ ഏറ്റവും അധികം വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യം കൂടിയാണിത്.ലോകത്ത് ഏറ്റവും സന്തോഷവാന്‍മാരായ ജനങ്ങളുടെ കൂട്ടായ്മ കൂടിയാണ് ഇവിടം. 1869 മുതല്‍ ഈ രാജ്യത്ത് സൈന്യമില്ല. നാറ്റോയില്‍ അംഗമായ ഐസ്‍ലാന്‍ഡിന് അമേരിക്കയുമായി പ്രതിരോധത്തില്‍ പേരിനൊരു കരാറുണ്ടെന്ന് മാത്രം.
മൗറീഷ്യസ്
ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ആഫ്രിക്കന്‍ വന്‍കരയില്‍പ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 2040 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം. 1968 മുതല്‍ ഈ രാജ്യത്തിനും സ്വന്തമായി സൈന്യമില്ല. മൊത്തം സുരക്ഷ നോക്കാന്‍ ഇവിടെ പതിനായിരം പൊലീസുകാരാണുള്ളത്.
പനാമ
മധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണിത്. വടക്ക്‌തെക്ക് അമേരിക്കകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈ രാജ്യമാണ്. കോസ്റ്ററിക്ക, കൊളംബിയ എന്നിവയുമായാണ് അതിര്‍ത്തി പങ്കിടുന്നത്. ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാണീ രാജ്യം. വമ്പന്‍ സമ്പദ് ശക്തികൂടിയാണ് പനാമ. 1990 മുതല്‍ പനാമക്കും സ്വന്തമായി സൈന്യമില്ല.