മരണമാരിയായി കോവിഡ് -19; 15 ചരമപേജുകളുമായി അമേരിക്കന്‍ ദിനപത്രം

0

മസാച്യൂസെറ്റ്‌സ്: കോവിഡ് 19 മരണമാരിയാണെന്ന് വെളിവാക്കുന്നതാണ് അമേരിക്കന്‍ ദിനപത്രമായ ബോസ്റ്റണ്‍ ഗ്ലോബിന്റെ ഞായറാഴ്ച പുറത്തിറങ്ങിയ പത്രം. 15 ചരമ പേജുകളാണ് പത്രം ഞായറാഴ്ച പ്രസിദ്ധീകരിച്ചത്. കോവിഡ് 19 മഹാമാരി ഏറ്റവും കൂടുതല്‍ ബാധിച്ച ഇറ്റലിയില്‍ നിന്നുള്ള പത്രങ്ങളെ അനുസ്മരിപ്പിക്കുന്നതായിരുന്നു ബോസ്റ്റണ്‍ ഗ്ലോബിന്റെ ഞായറാഴ്ചത്തെ പത്രം.

ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനായി ഒരു പേജ് മുഴുവനായി പോലും എടുക്കാത്ത പത്രമാണ് ബോസ്റ്റണ്‍ ഗ്ലോബെന്ന് പത്രത്തിന്റെ ഞായറാഴ്ച പതിപ്പ് പങ്കുവെച്ചുകൊണ്ട് ട്വിറ്റര്‍ ഉപയോക്താക്കള്‍ പറയുന്നു.
ബെർഗാമോ ഇറ്റലി പോലുള്ള പത്രങ്ങൾ ഇറ്റലിയിലെ കൊവിഡ് ഭീകരതയുടെ വ്യാപ്തി ലോകത്തിനു മുന്നിൽ എത്തിച്ച് ശ്രദ്ധ നേടിയിരുന്നു. ഇറ്റാലിയൻ പത്രങ്ങളെ ഓർമിപ്പിക്കുന്നതാണ് അമേരിക്കൻ ദിനപത്രമായ ബോസ്റ്റൻ ഗ്ലോബിന്റെ നടപടിയും.

‘ഒരു മാസം മുമ്പ് ബെര്‍ഗാമോ ഇറ്റലിയില്‍ നിന്നുള്ള ഒരു വീഡിയോയില്‍ ചരമവാര്‍ത്തകള്‍ പ്രസിദ്ധീകരിച്ച പേജുകള്‍ ഒന്നിനുപിറകെ ഒന്നായി കാണിച്ചിരുന്നു..ഇതാ ബോസ്റ്റണ്‍ ഗ്ലോബ് ഏപ്രില്‍ 19, 2020. 15 പേജുകള്‍.’ ചരമപേജുകള്‍ പങ്കുവെച്ചുകൊണ്ട് നഥാനിയേല്‍ മുല്‍കാഹി കുറിച്ചു.

ബോസ്റ്റൻ ഗ്ലോബ് പ്രസിദ്ധീകരിക്കുന്നതനുസരിച്ച് മസാച്യൂസെറ്റ്സ് സംസ്ഥാനത്ത് കൊവിഡ് അതിഭീകരമായാണ് ബാധിച്ചിരിക്കുന്നത്. അമേരിക്കയിലെ കൊവിഡ് ഹോട്സ്പോട്ടുകളിൽ മുന്നിൽ നിൽക്കുന്ന മസാച്യൂസെറ്റ്സിൽ 38,000 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,700 പേരാണ് ഇവിടെ വൈറസ് ബാധിതരായി മരിച്ചത്. ബോസ്റ്റൻ ഗ്ലോബിന്റെ എ 13 മുതൽ എ 28 വരെയുള്ള പേജുകളാണ് ചരമ വാർത്തകൾക്ക് മാത്രമായി മാറ്റിവച്ചത്. റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ചാര്‍ലി ബേക്കര്‍ ഞായറാഴ്ച സിബിഎസിന്റെ ‘ഫെയ്സ് ദി നേഷന്‍’ പരിപാടിയില്‍ പങ്കെടുത്തിരുന്നു. കോവിഡ് 19 കേസുകള്‍ സംസ്ഥാനത്ത് കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം പരിപാടിയില്‍ അഭിപ്രായപ്പെട്ടത്.

അമേരിക്കയിൽ ഇതുവരെ കൊവിഡ് ബാധിതരായി മരിച്ചവരുടെ എണ്ണം 41,000 ആണ്. 7,58,000 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർ്ട്ട് ചെയ്തിരിക്കുന്നത്. ന്യൂയോർക്കിൽ 18,000 പേർ മരിച്ചിട്ടുണ്ട്. മേയ് 15 വരെ ന്യൂയോർക്കിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്.

എന്നാല്‍ കോവിഡിന്റെ പേരില്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ലോക് ഡൌണ്‍ നിര്‍ദ്ദേശങ്ങള്‍ക്കെതിരെ നൂറ് കണക്കിന് പേരാണ് വിവിധ അമേരിക്കന്‍ നഗരങ്ങളിലെ നിരത്തുകളിലിറങ്ങിയത്.