കറന്‍സികള്‍ അസാധുവാക്കിയ പ്രഖ്യാപനം; പ്രവാസികള്‍ക്ക് ആശങ്ക

0

രാജ്യത്ത് 500, 1000 രൂപ കറന്‍സികള്‍ ഒറ്റയടിക്ക് പിന്‍വലിച്ചതോടെ രാജ്യത്തെ ജനങ്ങള്‍ നേരിട്ട അതേ ആശങ്ക തന്നെയാണ് പ്രവാസിലോകത്തും ഉയര്‍ന്നത്.ഒപ്പം കുറെ ഏറെ സംശയങ്ങളും.

ഇന്ത്യന്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ അടുത്ത ഡിസംബര്‍ 30നകം അത് മാറ്റിയെടുക്കണം. അതിനു മുമ്പ് നാട്ടില്‍ പോകാത്തവര്‍ ഈ പണം എങ്ങനെ മാറുമെന്ന ആശങ്കയിലാണ്. അതേസമയം, ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നതു മുതല്‍ രൂപ ശക്തിപ്പെട്ടു തുടങ്ങിയതും പ്രവാസികള്‍ക്ക് തിരിച്ചടിയായി. രൂപയുടെ വിനിമയ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന്‍െറ തോത് എത്രയാകുമെന്ന് വരുംദിവസങ്ങളിലേ വ്യക്തമാകൂ. ഡിസംബര്‍ 30 വരെ ബാങ്കിലും പോസ്റ്റ് ഓഫിസിലും അസാധുവായ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യമുണ്ടാകുമെങ്കിലും വിദേശ രാജ്യങ്ങളില്‍ രൂപ കൈവശമുള്ളവര്‍ എങ്ങനെ പണം മാറ്റിയെടുക്കുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല.

ധനവിനിമയ സ്ഥാപനങ്ങള്‍ വഴി ഇതിന് സൗകര്യമുണ്ടാക്കണമെന്ന ആവശ്യമാണ് പ്രവാസലോകത്തുനിന്നുയരുന്നത്. തല്‍ക്കാലം രൂപ വിനിമയം ചെയ്യാന്‍ പ്രവാസികള്‍ക്കാവില്ല. അസാധുവായി പ്രഖ്യാപിച്ച കറന്‍സി ഇവിടെനിന്നും ഇനി മാറാനുമാവില്ല. അതേസമയം, തങ്ങളുടെ പക്കലുള്ള ഇന്ത്യന്‍ കറന്‍സിയുടെ വലിയ ശേഖരം എന്തു ചെയ്യണമെന്ന ആശങ്കയിലാണ് ധന വിനിമയ സ്ഥാപനങ്ങള്‍. നാട്ടിലെ തങ്ങളുടെ ആസ്ഥാനങ്ങളില്‍നിന്നുള്ള നിര്‍ദേശത്തിന് കാത്തിരിക്കുകയാണ് മണി എക്സ്ചേഞ്ചുകള്‍.

പുതിയ തീരുമാനം പണത്തിന്‍െറ ഒഴുക്ക് തടയും. നാട്ടില്‍ സ്ഥലം കച്ചവടം ഉള്‍പ്പെടെയുള്ള വലിയ പണമിടപാടുകളെല്ലാം നിലക്കും. രണ്ടു ദിവസം ബാങ്ക് അടച്ചിടുന്നതും നാട്ടിലേക്ക് പണമയക്കാനിരിക്കുന്ന പ്രവാസികളെ ബാധിക്കും. നിലവിലെ നിയമമനുസരിച്ച് പ്രവാസികള്‍ക്ക് ഇന്ത്യക്ക് പുറത്തുപോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍വെക്കാം. തിരിച്ചുപോകുമ്പോഴും ഇതേ തുക സൂക്ഷിക്കാം.
നാട്ടില്‍ ചെല്ലുമ്പോഴുള്ള യാത്ര ഉള്‍പ്പെടെയുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കായി പ്രവാസികള്‍ ഇന്ത്യന്‍ രൂപ കൈവശം വെക്കുന്ന പതിവുണ്ട്. ഈ തുക എങ്ങനെ മാറ്റുമെന്ന സംശയമാണ് പ്രവാസികളിലേറെയും പങ്കുവെക്കുന്നത്. ഡിസംബറിനു മുമ്പ് നാട്ടില്‍ പോകുന്നവര്‍ക്ക് പണം മാറാന്‍ അവസരം ലഭിക്കും. അതിന് കഴിയാത്തവര്‍ നാട്ടില്‍ പോകുന്നവരുടെ പക്കല്‍ കൊടുത്തയക്കേണ്ടിവരും. അല്ളെങ്കില്‍ ഇവിടത്തെ മണി എക്സ്ചേഞ്ചുകളില്‍ അതിനുള്ള സൗകര്യമൊരുക്കണമെന്ന അപേക്ഷയാണ് പ്രവാസികള്‍ക്കുള്ളത്.

LEAVE A REPLY

This site uses Akismet to reduce spam. Learn how your comment data is processed.