അന്ന് ആസിഡ് കേസ്, ഇന്ന് ബലാത്സംഗ കേസ് ; ‘നീതി’ നടപ്പാക്കുന്ന വി സി സജ്ജനാര്‍

  0

  ഹൈദരാബാദ്: ഹൈദരാബാദിൽ 26കാരിയായ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വെടിവെച്ചുകൊന്ന വിവരം പുറത്തുവന്നതോടെ പൊലീസിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള നിരവധി വാദപ്രതിവാദങ്ങളും പ്രതികരണങ്ങളുമാണ് പുറത്തുവരുന്നത്. തെലുങ്കാനയില്‍ ഇത് രണ്ടാം തവണയാണ് സമാനമായ സംഭവം നടക്കുന്നത്. വെറ്ററിനറി ഡോക്ടറുടെ കൊലപാതകവുമായി ബന്ധപ്പെട്ട നാലു പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് സംഘത്തിന്റെ തലവന്‍ വി.സി. സജ്ജനാര്‍ ഐപിഎസ് മുന്‍പും സമാനമായ രീതിയില്‍ പ്രതികളെ വധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട്.

  സൈബരാബാദ് പോലീസ് കമ്മീഷണര്‍ വി. സി സജ്ജനാര്‍ മുന്‍പ് പോലീസ് സൂപ്രണ്ട് ആയിരുന്നപ്പോള്‍ ആസിഡ് ആക്രമണത്തിലെ പ്രതികളായിരുന്ന മൂന്ന് യുവാക്കള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സജ്ജനാര്‍ 2008ല്‍ വാറങ്കല്‍ ജില്ലയിലെ പോലീസ് സൂപ്രണ്ടായിരുന്നപ്പോഴാണ് ഏറ്റുമുട്ടല്‍ കൊലപാതകം നടന്നത്. പെണ്‍കുട്ടികള്‍ക്കു മേല്‍ ആസിഡ് ആക്രമണം നടത്തിയ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നിവരാണ് അന്ന് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നത്. ആക്രമണത്തിന് ഉപയോഗിച്ചിരുന്ന ബൈക്കും ആസിഡ് കുപ്പിയും സൂക്ഷിച്ചിരുന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് തെളിവെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നായിരുന്നു സജ്ജനാര്‍ അന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.

  എന്നാല്‍, പോലീസ് പ്രതികളായ യുവാക്കളെ ആസൂത്രിതമായി വെടിവെച്ചു കൊല്ലുകയായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് ഇവരെ വധിക്കുകയായിരുന്നെന്ന് നിരവധി മനുഷ്യാവകാശ പ്രവര്‍ത്തകരും ചൂണ്ടിക്കാട്ടിയിരുന്നു. പ്രണയം നിരസിച്ചതു കൊണ്ട് ആസിഡ് ഒഴിച്ചത് തങ്ങളാണെന്നു പ്രതികള്‍ സമ്മതിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ മൂവുനൂരില്‍ എത്തിയപ്പോള്‍ പെലീസ് പാര്‍ട്ടിക്കു നേരെ ഇവര്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് വെടിവയ്ക്കുകയായിരുന്നുവെന്നാണ് സജ്ജനാറിന്റെ വിശദീകരണം.

  നക്‌സലൈറ്റുകളെ നേരിടുന്നതിനുള്ള പ്രത്യേക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായിരുന്നപ്പോഴും ഏറ്റുമുട്ടുല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട്. ഹൈദരാബാദില്‍ നയീമുദ്ദീന്‍ എന്ന നക്‌സലൈറ്റിന്റെ ഏറ്റുമുട്ടല്‍ കൊലപാതകത്തിലും വി.സി. സജ്ജനാര്‍ പ്രധാന പങ്കുവഹിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

  അന്നു വാറങ്കലില്‍ ഹീറോ ആയിരുന്നു സജ്ജനാര്‍. നൂറുകണക്കിനു വിദ്യാര്‍ഥികളാണ് ഇദ്ദേഹത്തെ കാണാനായി ഓഫിസില്‍ എത്തിയിരുന്നത്. വിവിധയിടങ്ങളില്‍ സജ്ജനാറിനെ മാലയിട്ടു വിദ്യാര്‍ഥികള്‍ സ്വീകരിച്ചു. ഹൈദരാബാദില്‍ ഇരുപത്തിയേഴുകാരിയായ ഡോക്ടര്‍ ക്രൂരമായി കൊല്ലപ്പെട്ടതിനു ശേഷം വാറങ്കല്‍ മോഡല്‍ നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നിരുന്നു. ഡോക്ടറെ കൃത്യമായി ആസൂത്രണം ചെയ്തു പ്രതികള്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നതാണെന്നു സജ്ജനാര്‍ പറഞ്ഞിരുന്നു.

  ഡോക്ടറുടെ വധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജോല്ലു ശിവ, ജോല്ലു നവീന്‍, ചിന്താകുന്ത ചന്നകേശവുലു, മുഹമ്മദ് എന്നിവര്‍ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ന് ഇവര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയായിരുന്നെന്നാണ് സൈബരാബാദ് പോലീസ് പറയുന്നത്. ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ചുതന്നെയാണ് പ്രതികള്‍ പോലീസിന്റെ വെടിയേറ്റു മരിച്ചത്.