ആഞ്ഞടിച്ച് നിവാര്‍: പുതുച്ചേരി തീരം തൊട്ടു; 2 മരണം

0

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട നിവാര്‍ ചുഴലിക്കാറ്റ് തീരം തൊട്ടു. കടലൂരില്‍ നിന്ന് തെക്കുകിഴക്കായി കോട്ടക്കുപ്പം ഗ്രാമത്തിൽ രാത്രി 11.30 ഓടെയാണ് കരതൊട്ടത്. മണിക്കൂറിൽ 145 കിലോമീറ്റർ വേഗതയിലാണ് നിവാർ തീരംതൊട്ടത്.

കടലൂരില്‍ വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകര്‍ന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങള്‍ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്. ചെന്നൈയിൽ വൈദ്യുതി വിതരണം നിലച്ചു. പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണ സ്വാമിയുടെ വീട്ടിലും വെള്ളം കയറി.

അഞ്ചുമണിക്കൂറില്‍ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം വടക്കന്‍ തമിഴ്നാട്ടില്‍ കനത്ത മഴ തുടരും. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചത്. ചെന്നൈയില്‍ പ്രധാന റോഡുകള്‍ അടച്ചു. ചെമ്പരപ്പാക്കം തടാകത്തില്‍ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.

അതേ സമയം നഗരത്തിലെ 22 സബ് വേകളിലും വെള്ളംകെട്ടി നില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറുന്നത് ഹെവിഡ്യൂട്ടി മോട്ടറുകള്‍ ഉപയോഗിച്ച് ഒഴിവാക്കുകയാണ്. 52 ഇടങ്ങളില്‍ മരങ്ങള്‍ വേരോടെ മറിഞ്ഞ് വീണിട്ടുണ്ട്. ഇതെല്ലാം നീക്കം ചെയ്തതായും ചെന്നൈ കോര്‍പ്പറേഷന്‍ വ്യക്തമാക്കി.

ചെന്നൈ, ചെങ്കല്‍പ്പേട്ട്, കാഞ്ചീപുരം പുതുച്ചേരി, കടലൂര്‍, വിഴുപുരം തുടങ്ങിയിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടായി. 155 കിലോമീറ്റര്‍വരെ വേഗം ആര്‍ജിച്ച കാറ്റ് വ്യാഴാഴ്ച പുലര്‍ച്ചെയോടെയാണ് പൂര്‍ണമായും കരയില്‍ കടന്നത്. നിരവധി മരങ്ങള്‍ പിഴുതെറിഞ്ഞ ചുഴലിക്കാറ്റില്‍ ജീവന്‍ നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ ഇല്ല. മതിലുകള്‍ തകര്‍ന്ന സംഭവങ്ങള്‍ തമിഴ്നാട്ടിലെ ചില ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതായി സംസ്ഥാന റവന്യൂ മന്ത്രി ആര്‍ ബി ഉദയകുമാര്‍ പറഞ്ഞു.

തമിഴ്നാട്ടിലെ 13 ജില്ലകളിൽ വ്യാഴാഴ്ചയും അവധി പ്രഖ്യാപിച്ചു. ചെന്നൈയിൽനിന്നുള്ള 27 ട്രെയിനുകളും റദ്ദാക്കി. എറണാകുളം – കാരയ്ക്കൽ ട്രെയിൻ തിരുച്ചിറപ്പള്ളിവരെ മാത്രമായിരിക്കും സർവീസ് നടത്തുക. ചെന്നൈയില്‍ മാത്രം 169 ക്യാമ്പുകള്‍ ആരംഭിച്ചു. തെക്കന്‍ തമിഴ്നാട്ടിലൂടെ സര്‍വീസ് നടത്തുന്നതടക്കം 30-ഓളം തീവണ്ടി സര്‍വീസുകളും ചെന്നൈ വിമാനത്താവളത്തിലൂടെയുള്ള 70 വിമാനസര്‍വീസുകളും റദ്ദാക്കി. ചെന്നൈ സബര്‍ബന്‍, മെട്രോ തീവണ്ടി സര്‍വീസുകള്‍ മുടങ്ങി.