ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബായില്‍ 25 ലക്ഷത്തിന്റെ കേക്ക് ഒരുങ്ങുന്നു

0

ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ദുബായിലെ ബേക്കറി ലോകത്തിലെ ഏറ്റവും ചെലവേറിയ എഡിബിള്‍ കേക്ക് ഒരുക്കുന്നു. ദുബായിലെ പ്രശസ്തമായ ബ്രോഡ്‌വേ ബേക്കറിയാണ് ഏകദേശം 25 ലക്ഷം രൂപ ചെലവ് വരുന്ന കേക്ക് ഒരുക്കിയിരിക്കുന്നത്.

ദംഗല്‍ എന്ന ആമിര്‍ഖാന്‍ സിനിമയെ പ്രമേയമാക്കിയാണ് ഈ കേക്ക് തയ്യാറാക്കിയത്.  ആര്‍ട്ട് വര്‍ക്കുകളുമായി തയ്യാറാക്കിയ ഈ കേക്കിന്റെ ഭാരം 54 കിലോഗ്രാം ആണ്. ഇന്ത്യയുടെ ഏഴുപതാം സ്വാതന്ത്ര്യദിന ആഘോഷം ഗംഭീരമാക്കുന്നതിനായി ആഴ്‌ചകള്‍ നീണ്ട തയ്യാറെടുപ്പിനൊടുവിലാണ് ഈ കേക്ക് തയ്യാറാക്കിയത്. മഹാവീര്‍ ഫോഗട്ട് എന്ന കഥാപാത്രത്തെ പ്രധാന പശ്ചാത്തലമാക്കിയ കേക്കില്‍, മക്കളായ ഗീതയും ബബിതയും പരിശീലനം നടത്തുന്നതും ഒപ്പം രണ്ടു ഒളിംപിക് മെഡലുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒളിംപിക് മെഡലുകള്‍ സ്വര്‍ണത്തില്‍ തീര്‍ത്തതാകണമെന്ന നിബന്ധന കേക്ക് ഓര്‍ഡര്‍ ചെയ്‌തവര്‍ പറഞ്ഞിരുന്നു. ഇതനുസരിച്ച് 75 ഗ്രാം വീതം തൂക്കം വരുന്ന രണ്ടു സ്വര്‍ണമെഡലുകള്‍ കേക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബെല്‍ജിയന്‍ ചോക്ലേറ്റ്, ഡമെരാര പഞ്ചസാര എന്നിവ ഉള്‍പ്പെടുത്തി 100 ശതമാനം എഡിബിളായാണ് കേക്ക് തയ്യാറാക്കിയതെന്ന് ബേക്കറി ഉടമ പറയുന്നു. ഏകദേശം 240 അതിഥികള്‍ക്കായി നല്‍കാവുന്ന കേക്കാണിത്.