സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

0

കൊച്ചി∙ പ്രശസ്ത സംവിധായകന്‍ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാളെ രാവിലെ 9 മുതൽ 12 വരെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സിദ്ദിഖിന്റെ ഭൗതികശരീരം അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ വൈകിട്ട് ആറിന് എറണാകുളം സെന്റട്രൽ ജുമാ മസ്ജിദിലാണ് കബറടക്കം.

കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസം പത്തിനാണ് സിദ്ദീഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ ശ്വാസകോശ സംബന്ധമായ അസുഖം അദ്ദേഹത്തിനുണ്ടായിരുന്നു. ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്ന് ആരോഗ്യസ്ഥിതി വഷളായി. തുടർന്ന് അത് കരളിനെയും ബാധിക്കുകയായിരുന്നു.

കരൾ മാറ്റ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും ആന്തരികാവയവങ്ങളുടെ പ്രവർത്തനം മോശമായത് സ്ഥിതി സങ്കീര്‍ണമാക്കി. കഴിഞ്ഞ ദിവസം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് ആരോഗ്യസ്ഥിതി തീർത്തും മോശമായത്.

1983ല്‍ പ്രശസ്ത സംവിധായകനായ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദീഖ് സിനിമാ രംഗത്തേക്കു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദീഖിനെയും ലാലിനെയും ഫാസിലാണ് കണ്ടെത്തി സിനിമയിലേക്ക് എത്തിക്കുന്നത്. 6 വര്‍ഷങ്ങള്‍ക്കു ശേഷം സിദ്ദീഖും ലാലും കൈകോര്‍ത്തതോടെ മലയാള സിനിമയില്‍ ജനപ്രിയമായ കുറേയേറെ ചിത്രങ്ങള്‍ പിറന്നു. വര്‍ഷങ്ങള്‍ക്കുശേഷം കൂട്ടുകെട്ടു പിരിഞ്ഞെങ്കിലും സിദ്ദീഖ് സംവിധാന രംഗത്തുതന്നെ തുടർന്നു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളിലും സംവിധായകന്റെ മേലങ്കി സിദ്ദീഖ് അണിഞ്ഞിരുന്നു.