പുതിയ വ്യോമയാന നയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു, ബാഗേജ് നിരക്കുകളിലും ഇളവ്; വിമാനയാത്രാ ചെലവ് കുറയുന്നു

0

വ്യോമയാന മേഖലയില്‍ പുത്തന്‍ പരിഷ്കാരങ്ങള്‍ ഉള്‍പെടുത്തി കേന്ദ്ര സര്‍ക്കാര്‍ പുതിയ വ്യോമയാന നയം പ്രഖ്യാപിച്ചു. ആഭ്യന്തര സര്‍വീസില്‍ ഒരു മണിക്കൂര്‍ യാത്രയ്ക്ക് പരമാവധി 2,500 രൂപ മാത്രമേ ഈടാക്കാവൂ എന്നതാണ് ഒരു വ്യവസ്ഥ.ഇതുവഴി വിമാന യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത് .വിദേശ യാത്രകള്‍ക്കുള്ള ബാഗേജ് നിരക്കിലും ഇളവുകളും പുതിയ വ്യവസ്ഥയും കൊണ്ടുവന്നിട്ടുണ്ട്.

15 കിലോയില്‍ കൂടുതല്‍ വരുന്ന ബാഗേജുകള്‍ക്ക് ഒരു കിലോയ്ക്ക് 100 രൂപയില്‍ കൂടുതല്‍ ഈടാക്കരുത്. 20 കിലോവരെ ഈ നിരക്ക് തുടരണം. നിലവില്‍ 15 കിലോയില്‍ അധികം വരുന്ന ഓരോ കിലോയ്ക്കും 300 രൂപയായിരുന്നു ഈടാക്കുന്നത്. ഏയര്‍ ഇന്ത്യയില്‍ 23 കിലോ വരെ ഫ്രീ ബാഗേജ് സൗകര്യമുണ്ട്. എന്നാല്‍, 20 കിലോയില്‍ കൂടുതല്‍ വരുന്ന ബാഗേജുകള്‍ക്ക് അധിക നിരക്ക് എത്രവേണമെന്ന് നിശ്ചയിക്കാനുള്ള അവകാശം കമ്പനികള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ബുക്ക് ചെയ്ത വിമാനത്തിന്റെ യാത്ര തടസ്സപ്പെടുന്ന ഘട്ടത്തില്‍ ഹോട്ടല്‍ ചെലവുകള്‍ക്കായി സര്‍ക്കാര്‍ 20,000 രൂപവരെ അനുവദിക്കും. വിമാനം റദ്ദാക്കുന്ന വിവരം രണ്ട് ആഴ്ച മുമ്പ് യാത്രക്കാരെ അറിയിക്കുകയാണെങ്കില്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കില്ല.ആഭ്യന്തര സര്‍വ്വീസിലെ എണ്ണം കൂടുന്നതിലൂടെ 2022 ഓടെ പ്രതിവര്‍ഷം 30 കോടി ടിക്കറ്റുകള്‍ വില്‍ക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. 2027 ആകുമ്പേഴേക്കും ഇത് 50 കോടിയായി ഉയര്‍ത്തുകയാണ് ലക്ഷ്യം. രാജ്യാന്തര ടിക്കറ്റുകളില്‍ 2027 ആകുമ്പോഴേക്കും 20 കോടിയായി ഉയര്‍ത്താനും നയം ലക്ഷ്യമിടുന്നു.രാജ്യാന്തര സര്‍വീസ് നടത്തുന്നതിനുള്ള 5/20 വ്യവസ്ഥകളിലും ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.

അഞ്ച് വര്‍ഷം സര്‍വീസ് നടത്തണമെന്നും 20 ഫ്‌ളൈറ്റുകളെങ്കിലും ഉണ്ടായിരിക്കണമെന്നുമുള്ള വ്യവസ്ഥയിലാണ് ഇളവ് വരുത്തിയിട്ടുള്ളത്. 20 ഫ്‌ളൈറ്റുകളില്‍ കൂടുതലുളള കമ്പനികള്‍ക്കോ, ആഭ്യന്തര സര്‍വീസിന്റെ 20ശതമാനം ഉപയോഗപ്പെടുത്തുന്നതോ ആയ കമ്പനികള്‍ക്ക് രാജ്യാന്തര സര്‍വീസ് നടത്താമെന്ന് പുതിയ നയത്തില്‍ വ്യക്തമാക്കുന്നു. എയര്‍ ഏഷ്യ, എയര്‍ വിസ്താര തുടങ്ങിയ പുതിയ കമ്പനികള്‍ക്ക് രാജ്യാന്തര സര്‍വീസ് നടത്താന്‍ സൗകര്യപ്പെടുന്നതാണ് ഈ ഭേദഗതി.

എയര്‍ കേരള എന്ന കേരളത്തിന്റെ സ്വന്തം വിമാന കമ്പനി യാഥാര്‍ഥ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെങ്കില്‍ രാജ്യാന്തര സര്‍വീസ് നടത്തുന്നതിനുള്ള ഈ ഇളവിന്റെ പ്രയോജനം ലഭിച്ചേക്കും.പുതിയ നയമനുസരിച്ച് ഒരു കാരണവശാലും ടിക്കറ്റ് കാന്‍സലേഷന്‍ നിരക്ക് അടിസ്ഥാന നിരക്കിനേക്കാള്‍ കൂടുതലാകില്ല .റീഫണ്ട് നടപടിക്രമങ്ങള്‍ക്കായി കമ്പനികള്‍ മറ്റ് അധിക നിരക്കുകള്‍ ഈടാക്കരുതെന്നും നയത്തില്‍ വ്യക്തമാക്കുന്നു. വിമാനം റദ്ദാക്കപ്പെടുകയാണെങ്കില്‍ യാത്രക്കാരില്‍നിന്ന് ഈടാക്കിയ എല്ലാ നികുതി നിരക്കുകളും കമ്പനികള്‍ റീ ഫണ്ട് ചെയ്യണം.