ദുബായില്‍ നിന്നും കോടികള്‍ വില വരുന്ന വജ്രം മോഷ്ടിച്ചു; 20 മണിക്കൂറിനുള്ളില്‍ ദമ്പതികളെ മുംബൈയിൽ കുടുക്കി

0

300,000 ദിർഹം (ഏതാണ്ട് 59,65,840 രൂപ) വില വരുന്ന വജ്രം ദുബൈയില്‍ നിന്നും മോഷ്ടിച്ച ശേഷം ഇന്ത്യയിലേക്ക് കടന്ന ദമ്പതികള്‍ കുടുങ്ങിയത് വെറും ഇരുപതു മണിക്കൂറിനകം. 
ദുബായിലെ ജ്വല്ലറിയിൽ നിന്നുമാണ് വജ്രം മോഷണം പോയത്.

3.27 കാരറ്റ് വജ്രം ഏഷ്യൻ ദമ്പതികളിലെ യുവതി വിഴുങ്ങുകയായിരുന്നു. നാൽപ്പത് വയസ്സ് പ്രായം തോന്നുന്ന ഇവരെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പിടികൂടിയത്. മുംബൈ വഴി ഹോങ്‍ങ്കോങ്ങിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഇന്റർപോളിന്റെയും ഇന്ത്യൻ പൊലീസിന്റെയും സഹായത്തോടെയാണ് ദുബായ് പൊലീസ് പ്രതികളെ പിടികൂടിയത്. ഇവരെ തിരികെ യുഎഇയിൽ എത്തിക്കാനും ഉടൻ നിർദേശം നൽകി. 
ദെയ്റയിലെ ഗോൾഡ് സൂക്കിലുള്ള ജ്വല്ലറിയിലാണ് സംഭവം.

മൂന്നു മണിക്കൂറിന് ശേഷമാണ് കടയുടമയ്ക്ക് മോഷണം നടന്നുവെന്ന കാര്യം തിരിച്ചറിയാൻ സാധിച്ചതെന്ന് ദുബായ് പൊലീസ് പറഞ്ഞു. ഉടൻ തന്നെ സിസിടിവി ക്യാമറകൾ പരിശോധിക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു. മോഷണം നടന്ന് മൂന്നു മണിക്കൂർ കഴിഞ്ഞതിനാൽ പ്രതികൾ രക്ഷപ്പെട്ടിരുന്നുവെന്നുവെന്ന് സിഐഡി ഡയറക്ടർ കേണൽ അദേൽ അൽ ജോക്കർ പറഞ്ഞു. പ്രതികളെ തിരിച്ചറിഞ്ഞതിനാൽ ഇവരുടെ വിമാന യാത്രയുടെ വിവരങ്ങൾ പരിശോധിക്കുകയും ഇന്റർപോൾ വഴി ഇന്ത്യൻ അധികൃതരെ ഇക്കാര്യം അറിയിക്കുകയുമായിരുന്നു.

മുംബൈ വിമാനത്താവളത്തിൽ എത്തിയ പ്രതികളെ പൊലീസ് കയ്യോടെ പിടികൂടി. അടുത്ത ദുബായ് വിമാനത്തിൽ ഇവരെ തിരികെ എത്തിക്കാനും നിർദേശം നൽകി. മോഷണം നടത്തിയെന്ന കാര്യം പ്രതികൾ സമ്മതിച്ചു.

എക്സറെ പരിശോധനയിൽ യുവതിയുടെ വയറിനുള്ളിൽ വജ്രമുണ്ടെന്ന് തെളിയുകയും ചെയ്തു. രാജ്യന്തര ബന്ധങ്ങൾ ഉപയോഗിച്ച് പ്രതികളെ പിടികൂടിയ സംഘത്തെ ദുബായ് പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി അഭിനന്ദിച്ചു. പ്രതികൾക്കെതിരായ നിയമനടപടികൾ ആരംഭിച്ചു.