ലോക്സഭാ തെരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിൽ: കേരളത്തില്‍ ഏപ്രില്‍ 23ന്; ഫലപ്രഖ്യാപനം മെയ് 23ന്

1

ന്യൂഡൽഹി:പതിനേഴാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏപ്രിൽ 11മുതൽ മേയ് 19 വരെ ഏഴ് ഘട്ടങ്ങളായി നടത്തും. ദില്ലി വിജ്ഞാന്‍ ഭവനില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ സുനിൽ അറോറ, കമ്മീഷൻ അംഗങ്ങളായ സുശീൽ ചന്ദ്ര, അശോക് ലവാസ എന്നിവർ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്താണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഇതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നലെ നിലവിൽ വന്നതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.

ഏപ്രിൽ 11ന് തുടങ്ങുന്ന വോട്ടെടുപ്പ് മേയ് 19ന് അവസാനിക്കും. മേയ് 23ന് ആണ് വോട്ടെണ്ണൽ. ഏപ്രിൽ 23ന് മൂന്നാംഘട്ടത്തിലാണു കേരളത്തിൽ തിരഞ്ഞെടുപ്പ്. ഏപ്രിൽ 11, 18, 23, 29, മേയ് 6, 12, 19 തീയതിതികളിലായാണു ഏഴു ഘട്ടങ്ങൾ. കേരളം ഉൾപ്പെടെ പതിനഞ്ച് സംസ്ഥാനങ്ങളിലും ആറ് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്.

സുരക്ഷാ കാരണങ്ങളാൽ ബീഹാർ, ഉത്തർപ്രദേശ്, പശ്‌ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ ഏഴു ഘട്ടങ്ങളാണ്. ആന്ധ്ര പ്രദേശ്, അരുണാചൽ പ്രദേശ്, സിക്കിം, ഒഡീഷ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. രാഷ്‌ട്രപതി ഭരണം നിലവിലുള്ള ജമ്മു കാശ്‌മീരിൽ തത്‌ക്കാലം നിയമസഭാ തിരഞ്ഞെടുപ്പില്ല. അവിടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷ വിലയിരുത്താൻ മൂന്ന് നിരീക്ഷകരെ നിയോഗിച്ചു.

ഏകദേശം 90 കോടി വോട്ടർമാരാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ളത്. 10 ലക്ഷം പോളിങ് സ്റ്റേഷനുകൾ തയാറാക്കും. 28-ാം തീയതിയാണ് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനം വരിക. നാലാം തീയതി വരെ സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. അഞ്ചാം തീയതിയാണ് പത്രികകളുടെ സൂഷ്മ പരിശോധന. എട്ടാം തീയതി വരെ പത്രിക പിന്‍വലിക്കാം.