സിനിമാ ടിക്കറ്റ് നിരക്കിൽ ഇന്ന് മുതൽ വർധന

0

ഇന്നു മുതൽ സംസ്ഥാനത്തെ തിയറ്ററുകളിൽ ടിക്കറ്റ് നിരക്കു കുത്തനെ ഉയരും. 10 രൂപ മുതൽ 30 രൂപ വരെ വിവിധ ക്ലാസുകളിലെ ടിക്കറ്റുകൾക്കു കൂടും. സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ. ടിക്കറ്റുകളിൻമേൽ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനു തൽക്കാലം വഴങ്ങാൻ തിയറ്റർ സംഘടനകൾ തീരുമാനം എടുത്തതോടെയാണിത്.

സംസ്ഥാനത്ത് സാധാരണ ടിക്കറ്റ് തുക 95 രൂപയായിരുന്നു. ഇതിനൊപ്പം 3 രൂപ ക്ഷേമ നിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെകൂടെ 12% ജിഎസ്ടിയും 1% പ്രളയസെസ്സും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി. ജിഎസ്ടി ഫലത്തിൽ 18% ആയതോടെയാണ് നിലവിലെ ടിക്കറ്റ് നിരക്ക് 130 രൂപയിലെത്തിയത്.

സംഘടനകൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികൾ നീണ്ടു പോകുകയാണ്. കോടതിവിധി സർക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാൽ മുൻകാല പ്രാബല്യത്തോടെ തിയറ്ററുകൾ വിനോദ നികുതി അടയ്ക്കേണ്ടി വരും. ചില തിയറ്ററുകൾ ശനിയാഴ്ച മുതൽ വിനോദ നികുതി ഉൾപ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി.