കീഴടക്കിയവരുടേയും കീഴടങ്ങിയവരുടെയും എവറസ്റ്റ്; എവറസ്റ്റില്‍ വഴിയടയാളങ്ങളായി പര്‍വ്വതാരോഹകര്‍ ഉപയോഗപ്പെടുത്തുന്നത് 200 മൃതദേഹങ്ങള്‍

0

എവറസ്റ്റ് കീഴടക്കുക എന്നത് ഒരു പര്‍വ്വതാരോഹകന്റേയും സാഹസികന്റെയും സ്വപ്ന സാക്ഷാത്ക്കാരമാണ്. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റ് ലോകത്തിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനവും കൂടിയാണെന്ന് മിക്കവര്‍ക്കും അറിയില്ല .കീഴടക്കിയവരെ ലോകം അറിയുമ്പോള്‍ കീഴ്പെട്ടു പോയവരെ ലോകം അറിയുന്നില്ല .അവരുടെ ശ്മശാനം കൂടിയാണ് എവറസ്റ്റ്.അവരുടെ മൃതദേഹങ്ങള്‍ എവറസ്റ്റിലെ വഴിയടയാളങ്ങളായി പര്‍വ്വതാരോഹകര്‍ ഉപയോഗപ്പെടുത്തുന്നു.അതാണ്‌ അവരുടെ നിയോഗവും .

എവറസ്റ്റ് കീഴടക്കിയരെക്കാള്‍ അധികം ഉണ്ടാകുക വഴിയില്‍ തോറ്റുപോയവര്‍ ആകും.പലരും കഴിവും,ഭാഗ്യവും ജീവനും വച്ച് എവറസ്റ്റുമായി മല്ലിടുന്നു.പലരും വിജയിക്കുന്നു,അതിനേക്കാള്‍ കൂടുതല്‍ പരാജിതരും. പരാജിതരില്‍ പലരും തിരിച്ചു വരാത്തവരാണ്,മരണത്തിനു കീഴടങ്ങിയവര്‍.മരിച്ചവര്‍ അനവധിയുണ്ടെങ്കിലും 200 മൃതദേഹങ്ങള്‍ മാത്രമാണ് ലാന്‍ഡ്മാര്‍ക്കായി മാറിയിട്ടുള്ളത്.അവര്‍ മരിച്ച സ്ഥലത്തിന്റെ പ്രാധാന്യം മൂലമാവാം ഇത്തരത്തിലൊരു ബഹുമതി ലഭിച്ചത്.എന്നാല്‍ ഓരോന്നും ലോകനെറുകയിലേക്കുള്ള ദൂരത്തെ മാത്രമല്ല അടയാളപ്പെടുത്തുന്നത്, പ്രയാണവഴിയിലെ അങ്ങേയറ്റത്തെ അപായ സാദ്ധ്യത വിളിച്ചു പറയുന്ന ഞെട്ടിക്കുന്ന ഓര്‍മ്മപ്പെടുത്തലുകളാണ് ഓരോ മൃതദേഹവും.

എവറസ്റ്റ് കൊടുമുടിയില്‍ നിന്നും എന്നത് അസാദ്ധ്യമാണ്. പലപ്പോഴും മൃതപ്രായരായവരെ രക്ഷിക്കാനാവാതെ മരണത്തിന് വിട്ടു കൊടുത്ത് പോരേണ്ടിയും വരും. കാരണം അതിനായി ചിലവാക്കുന്ന ഓരോ അധിക നിമിഷങ്ങള്‍ പോലും അപകടമാണ് ,സ്വന്തം മരണത്തിലേക്കേ അത് നയിക്കൂ. എന്നാല്‍ അങ്ങനെ മരണത്തിന് കീഴടങ്ങിയവരും ഉണ്ട്. അതി തീക്ഷ്ണമായ തണുപ്പായതു കൊണ്ടു തന്നെ 50 വര്‍ഷം മുന്‍പത്തെ മൃതദേഹങ്ങള്‍ വരെ ചെറിയ നാശങ്ങളോടെ ഇപ്പോഴും കാണാം.താരതമ്യേന പുതിയവയോ ഒട്ടും നശിക്കാതെയുമിരിക്കുന്നു.

ഇത്തരത്തില്‍ ജീവഹാനി സംഭവിക്കുന്നതില്‍ ഭൂരിഭാഗം പേരും അല്‍പ്പനേരത്തെ വിശ്രമത്തിനായി ഇരിക്കുന്നവരോ ഒന്നു മയങ്ങി പോവുന്നവരോ ആണ്. പിന്നീട് ശരീരം മരവിച്ച് എഴുന്നേല്‍ക്കാനാവാതെ മരണത്തിന് കീഴടങ്ങുന്നു. കടുത്ത തണുപ്പിനെ ഏറെ അതി ജീവിക്കുമെങ്കിലും ശീതാധിക്യത്താല്‍ പെട്ടെന്നുണ്ടാകുന്ന ശരീരവീക്കമാണ് ഏറ്റവും മുകളിലെത്തുന്നവര്‍ നേരിടേണ്ടി വരുന്ന ഒരു പ്രശ്‌നം. മറ്റൊന്ന് കൂട്ടത്തില്‍ നിന്നും വേര്‍പ്പെടുന്നതാണ്. അത്തരത്തില്‍ ഒറ്റയ്ക്കാവുമ്പോള്‍ അപകട സമയത്ത് തുടക്കത്തില്‍ തന്നെ സഹായം ലഭിക്കാതാവുന്നതാണ് കാരണം.

ഈ 200 മൃതദേഹങ്ങളില്‍ ഭൂരിഭാഗത്തിനും ഓരോ പേരുമുണ്ട്. ഇതിലെ പ്രധാനിയാണ് ഗ്രീന്‍ ബൂട്ട്‌സ്. 1996 ല്‍ മരിച്ച സെവാഗ് പാല്‍ജര്‍ എന്ന ഇന്ത്യക്കാരനാണിത്. എവറസ്റ്റിന്റെ അഗ്രഭാഗത്തേക്കെത്താന്‍ നിര്‍ബന്ധമായും പിന്നിടേണ്ടി വരുന്ന ഒരു ഗുഹയ്ക്കരികിലാണ് ഗ്രീന്‍ ബൂട്ട്‌സിന്റെ സ്ഥാനം. ലക്ഷ്യം എത്ര അടുത്തെത്തി കഴിഞ്ഞു എന്ന അടയാളം. പത്തു വര്‍ഷം കഴിഞ്ഞപ്പോഴേക്കും ഗ്രീന്‍ ബൂട്ട്‌സിനൊരു പങ്കാളിയെ കൂടി ലഭിച്ചു..2006 ല്‍ ഇംഗ്ലീഷ് ക്ലൈംബര്‍ ഡേവിഡ് ഷാര്‍പ്പ്. ഗ്രീന്‍ ബൂട്ട്‌സിനരികിലായി ആ ഗുഹയ്ക്കടുത്ത് അല്‍പ്പനേരത്തെ വിശ്രമത്തിനിരുന്നതാണ് ഡേവിഡ്. ആ ഇരിപ്പില്‍ ശരീരം മരവിച്ച് ചലിക്കാനാവാതെയായി,എന്നാല്‍ മരിച്ചിരുന്നുമില്ല. മുപ്പതോളംപേര്‍ ആ സമയത്ത് അതു വഴി കടന്നു പോയെങ്കിലും അവസാനം വന്ന ചിലര്‍ക്കേ അദ്ദേഹം മരിച്ചിട്ടില്ല എന്ന് മനസ്സിലായുള്ളു. എന്നാല്‍ വൈകിപ്പോയതിനാല്‍ ഒന്നും ചെയ്യാനാകാതെ മരണത്തിനു വിട്ടു കൊടുക്കേണ്ടി വന്നു.

ഓക്‌സിജന്‍ മാസ്‌കിനുണ്ടായ പ്രശ്‌നം മൂലം മരണത്തിനു കീഴടങ്ങേണ്ടി വന്ന സ്ലൊവേനിയക്കാരനാണ് മാര്‍ക്കോ ലിത്‌നേക്കര്‍. തിരിച്ചു വരുന്ന വഴിയെ ഓക്‌സിജന്റെ അഭാവം മൂലമുണ്ടായ തളര്‍ച്ചയാണ് മരണത്തിലേക്കെത്തിച്ചത്. 8,800 മീറ്റര്‍ ഉയരത്തിലാണ് ആ മൃതദേഹം കാണപ്പെടുന്നത്.ഏറ്റവും ഉയരത്തിലെത്തി എവറസ്റ്റ് കീഴടക്കിയാല്‍ ഏറ്റവും കുറഞ്ഞ സമയം മാത്രമേ , അഞ്ചു മിനിട്ടോ മറ്റോ, അവിടെ ചിലവഴിക്കാവൂ. അധികം നില്‍ക്കുന്ന ഓരോ സമയവും അപായ സാദ്ധ്യത കൂട്ടുന്നവയാണ്..