അവഗണിക്കപ്പെടുന്ന കർഷക ശബ്‌ദം…

0

വിയർപ്പിൻ്റെയും കണ്ണീരിൻ്റെയും ഉപ്പുരസമുള്ള ഗന്ധമാണ് ഡൽഹിയിലെ അന്തരീക്ഷ വായുവിൽ ഇപ്പോൾ ലയിച്ചു ചേർന്നിട്ടുള്ളത്. രാജ്യത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ കർഷകർ അവർക്കെതിരെ നിയമനിർമ്മാണം നടത്തിയ ഭരണാധികാരികൾക്ക് എതിരായി സമരമുഖത്തെത്തിയിട്ട് നാളുകൾ ഏറെയായി. രാജ്യത്തിന് അന്നം നൽകുന്നവരുടെ ആശങ്കകൾ അറിയാൻ, അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ഭരണാധികാരികൾ തയ്യാറാകുന്നില്ല എന്നത് ഖേദകരമായ വസ്തുതയാണ്. മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകൻ്റെ കണ്ണീര് കാണാതെ പോകുന്നത് നെറികേടാണ്.

പ്രതീക്ഷയുടെയും കാത്തിരിപ്പിൻ്റെയും മാസങ്ങൾ ഏറെ തള്ളി നീക്കിയ കർഷകരുടെ രോദനങ്ങളെ ഇനിയും അവഗണിക്കുന്നത് കുറ്റകരമാണ്. അധികാരത്തിൻ്റെ അഹന്തയിൽ, യാഥാർത്ഥ്യത്തെ വിസ്മരിക്കുന്നത് ഭരണാധികാരികൾക്ക് ഭൂഷണമല്ല. സിംഗുവിൽ ഒത്തുചേർന്ന കർഷകർക്ക് മണ്ണിൻ്റെ നിറവും മണവും മാത്രമാണുള്ളത്. അവരെ മതത്തിൻ്റെയും രാഷ്ട്രീയത്തിൻ്റെയും സങ്കുചിതമായ ദൃഷ്ടികോണിലൂടെ വീക്ഷിച്ച് ദേശവിരുദ്ധരായി മുദ്ര കുത്തുന്നത് തെറ്റായ സമീപനമാണെന്ന് പറയാതെ വയ്യ.

തെറ്റായ മുൻധാരണകൾ മാറ്റി വെച്ച്, കർഷകർ ഉയർത്തുന്ന ന്യായമായ ആവശ്യങ്ങളോട് നീതിപൂർവകമായ സമീപനം സ്വീകരിക്കേണ്ടത് കാലത്തിൻ്റെ ആവശ്യമാണ്. ഏത് സംഭവത്തിന് നേരെയും കണ്ണടക്കാം, പക്ഷേ സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. ഭരണാധികാരികൾക്കുണ്ടാകേണ്ടത് അന്ധത ബാധിച്ച കണ്ണുകളും ബധിരത ബാധിച്ച കർണ്ണങ്ങളുമല്ല. ദൈന്യത ഉൾക്കൊള്ളാനുള്ള മനസ്സും വിലാപങ്ങൾ കേൾക്കാനുള്ള കാതുകളുമാണ്. ഇനിയും ഈ സമരത്തോട് മുഖം തിരിച്ചിരിക്കുന്നത് ശരിയല്ല.