ജോമോന്റെ സുവിശേഷം പ്രദര്‍ശിപ്പിച്ച തീയറ്ററില്‍ രണ്ടാം പകുതി അറിയാതെ ആദ്യമിട്ടു; രോഷാകുലരായ ജനത്തെ അടക്കാന്‍ ഒടുവില്‍ ദേശീയഗാനം കേള്‍പ്പിച്ചു

0

ദുൽഖർ സൽമാന്‍റെ ജോമോന്‍റെ സുവിശേഷം പ്രദര്‍ശിപ്പിച്ച വടക്കൻ പറവൂരിലെ ചിത്രാഞ്ജലി തീയറ്ററില്‍ ഇന്ന് നടന്നത് സിനിമയെ വെല്ലുന്ന കോമഡി .ചിത്രത്തിന്റെ രണ്ടാം പകുതി ആദ്യം അറിയാതെ പ്രദര്‍ശിപ്പിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത് .സംഭവം മനസ്സിലായതോടെ ജനം ഇളകി .അതോടെയാണ് തിയേറ്ററുകാര്‍ പുതിയൊരു തണുപ്പിക്കല്‍ പരീക്ഷണം നടത്തിയത് .മറ്റൊന്നുമല്ല ദേശീയ ഗാനം അങ്ങ് കേള്‍പ്പിച്ചു ,അതോടെ ജനം കൂള്‍ .

സംവിധായകൻ സജിൻ ബാബുവാണ് തീയറ്ററിന് പറ്റിയ അബദ്ധം ഫെയ്സ്ബുക്കിലൂടെ ഷെയർ ചെയ്തത്. ചിത്രാഞ്ജലി തീയറ്ററിലെ ഫസ്റ്റ് ഷോയ്ക്കാണ് സിനിമയുടെ രണ്ടാം ഭാഗം ആദ്യം പ്രദർശിപ്പിച്ചത്. പടംപുരോഗമിക്കുന്തോറും എല്ലാവര്‍ക്കും ഒരു പന്തികേട് ഫീല്‍ ചെയ്തു തുടങ്ങി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ പടം കഴിഞ്ഞു സ്ക്രീനില്‍ നന്ദിയും എഴുതി കാട്ടി. പടം കണ്ടവരൊക്കെ ഇതെന്ത് പടം എന്നാലോചിച്ച് തിയറ്ററില്‍ ഇരിക്കുമ്പോ കുറച്ച് ഫാന്‍സുകാര്‍ക്ക് സംശയം പടത്തിന്‍റെ പേരും , മറ്റ് വിവരങ്ങളൊന്നുമെഴുതി കാണിച്ചുമില്ല , ഹിറ്റായ പാട്ടുകളും കാണിക്കാതെ പടം തീര്‍ന്നതെങ്ങിനെയാണ് ??
സിനിമയുടെ രണ്ടാം ഭാഗം തെറ്റി ആദ്യം ഇട്ടതാണ്ണെന്ന് മിക്കവര്‍ക്കും മനസ്സിലായി.

ആളുകൾ കൂട്ടമായി തീയറ്റർ അധികൃതരെ സമീപിച്ചപ്പോൾ സിനിമയുടെ ഒന്നാം ഭാഗം ഇടാമെന്നായി അവർ. അപ്പോഴേക്കും തീയറ്റർ ആകെ ബഹളവും. എന്നാൽ ദേശീയ ഗാനം ആരംഭിച്ചതോടെ ബഹളം അവസാനിച്ചു.തകര്‍ത്തു പെയ്യുന്ന പേമാരിയും കൊടുങ്കാറ്റും പെട്ടെന്ന് നിന്ന പോലൊരു അന്തരീക്ഷം ആയി തിയറ്ററില്‍. സകല കാണികളും നിശബ്ധരായി എഴുന്നേറ്റ് നിന്നു. അതിന്‍റെ തൊട്ടു പുറകെ ഒട്ടും സമയം കളയാതെ പടവും തുടങ്ങി. അത്ര നേരം ബഹളമായിരുന്ന കാണികള്‍ പെട്ടെന്ന് തന്നെ പടം ആസ്വാദിച്ചും തുടങ്ങി!

സിനിമ തിയറ്ററില്‍ ദേശീയഗാനം നിര്‍ബന്ധമാക്കിയതു കൊണ്ട് ഇങ്ങനേയും ഒരു ഗുണം കൂടി ഉണ്ടാകുമെന്ന് ആ തിയറ്റര്‍ മാനേജര്‍ സ്വപ്നത്തില്‍ പോലും കരുതീട്ടുണ്ടാവില്ലെന്നും സജിൻ ബാബു ഫെയ്സ്ബുക്കിൽ കുറിക്കുന്നു.